/sathyam/media/media_files/2025/02/24/1W28l71rKMFrfDdhaVBt.jpg)
പേര് 'മനു മനുഷ്യജാതി' എന്ന്. പേരിനൊപ്പം അച്ഛന്‍റെയൊ സ്ഥല നാമമോ ചേര്‍ക്കാതെ താന്‍ വിശ്വസിക്കുന്ന ജാതി ചേര്‍ത്തത് വിരോധാഭാസമൊന്നുമല്ല, അതൊരു ആശയമാണ്. അതിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ 'സെക്കുലർ മാട്രിമോണി' എന്ന പേജിന്‍റെ തുടക്കം.
മതരഹിത വിവാഹമെന്ന വ്യത്യസ്ത ആശയം പങ്കവെയ്ക്കുന്ന ഈ പേജ് ആരംഭിച്ചിട്ട് പത്ത് വർഷം പിന്നിട്ടിരിക്കുന്നു.
പേജ് തുടങ്ങിയ കാലത്തും ഇപ്പോഴും തനിക്കുണ്ടാവുന്ന വെല്ലുവിളികൾ, വിവാഹത്തെക്കുറിച്ച് സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകളിൽ ഉണ്ടായ മാറ്റങ്ങൾ, തന്റെ അനുഭവങ്ങൾ എന്നിവ പങ്ക് വെയ്ക്കുകയാണ് 'മനു മനുഷ്യ ജാതി' എന്ന് വ്യത്യസ്ത പേരുകാരനായ അഡ്മിൻ.
'പേഴ്‌സണൽ ഈസ് പൊളിറ്റിക്കൽ' എന്നതാണ് തന്റെ ജീവിത വീക്ഷണമെന്ന് പറയുന്ന മനു സത്യം ഓണ്‍ലൈന്‍ അഭിമുഖത്തില്‍ തന്റെ പേരിന് പിന്നിലെ പ്രത്യേകതകള്‍ ഉള്‍പ്പെടെ തുറന്ന് പറയുകയാണ്.
?. സെക്കുലർ മാട്രിമോണി രൂപീകരിച്ചിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടു. രൂപീകരണ സമയത്ത് വെല്ലുവിളികള്‍ ധാരാളമായിരുന്നു. അതേ വെല്ലുവിളികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടോ
പല തരത്തിലുള്ള വെല്ലുവിളികളാണ് എല്ലാക്കാലത്തും ഉണ്ടായിട്ടുള്ളത്. കൂടുതലും മതമില്ലാത്ത ജീവിതങ്ങൾ എന്ന കൂട്ടായ്മയുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങൾ ഉണ്ടായിട്ടുള്ളത്. അതിൽ ഷെയർ ചെയ്യപ്പെടുന്ന വിവാഹകഥകൾക്ക് കീഴിൽ ഒരുപാട് നെഗറ്റീവ് കമന്റ്‌സ് വരുമായിരുന്നു.
പ്രത്യേകിച്ച് മുസ്ലീം മതത്തിൽ പെട്ട പെൺകുട്ടികളെ ഹിന്ദുക്കൾ വിവാഹം കഴിച്ചവരുടെ ജീവിതം ഷെയർ ചെയ്യുമ്പോഴാണ് ഇത് കൂടുതലായും ഉണ്ടാകാറുണ്ടായിരുന്നത്.
തീവ്ര ചിന്താഗതിയുള്ള മുസ്ലീം വിഭാഗത്തിൽപെട്ടവർക്ക് ഇത്തരം പോസ്റ്റുകൾ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നുവെന്നാണ് കമന്റുകളിൽ നിന്ന് മനസിലായിരുന്നത്. അന്ന് ഞാൻ എൽ.ഐ.സിയിൽ ഡെവലപ്‌മെന്റ് ഓഫീസറായിരുന്നു.
പൊലീസ് എന്ന് തെറ്റിദ്ധരിപ്പിക്കുംവിധം അന്ന് ഫോണിലൂടെ ഭീഷണിയുണ്ടായിരുന്നു. പെൺകുട്ടികളോട് നിങ്ങൾ മോശമായി പെരുമാറിയെന്ന് പരാതയുണ്ട് എന്നൊക്കെ പറഞ്ഞാവും വിളിക്കുക. ഏത് പെൺകുട്ടിക്കാണ് പരാതിയെന്നാക്കെ ഞാൻ ചോദിക്കുമായിരുന്നു.
അത് പിന്നെ ഭീഷണിയിലേക്ക് വഴിമാറുകയാണ് പതിവ്. നിന്റെ അമ്മയെയും പെങ്ങളെയും ഭാര്യയെയും ബലാൽസംഗം ചെയ്യുമെന്നാക്കെ പറയാറുണ്ടായിരുന്നു. ഈ സംഭാഷണം ഞാൻ റെക്കോർഡ് ചെയ്യുന്നുണ്ട് എന്ന് പറയുമ്പോൾ അവർ കട്ട് ചെയ്ത് പോകുമായിരുന്നു.
കുടുംബം തകർക്കാനെന്ന രീതിയിൽ എന്റെ സ്വഭാവദൂഷ്യം ആരോപിച്ചും മിക്കവാറും വ്യാജ കോളുകളും പതിവായിരുന്നു. സംഘപരിവാർ ബന്ധമുള്ള ചിലർ വധഭീഷണി മുഴക്കിയെന്നൊക്കെ എന്നോട് ഒരു സുഹൃത്ത് പറഞ്ഞിട്ടുണ്ട്.
അല്ലാതെ നേരിട്ട് ഭീഷണിയൊന്നും ഉണ്ടായിട്ടില്ല. സെക്കുലർ മാട്രിമോണി തുടങ്ങിയ ശേഷം സംഘപരിവാർ അനുഭാവമുള്ള പ്രൊൈഫലുകളിൽ നിന്നാണ് കൂടുതലും നെഗറ്റീവ് കമന്റുകൾ വരാറുണ്ടായിരുന്നത്. നിലവിൽ പേജ് തകർക്കും എന്ന് പറഞ്ഞ് ഭീഷണിയുണ്ടാകാറുണ്ട്. ഇന്റലിജൻസിൽ നിന്നാണെന്ന് പറഞ്ഞ് വരെ ചിലർ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
തനിക്ക് ഫേസ്ബുക്കിൽ ജോലി ചെയ്യുന്നവരുമായി നേരിട്ട് ബന്ധമുണ്ടെന്നും ഇത്ര ദിവസത്തിനകം പേജ് തകർക്കുമെന്നുമായിരുന്നു അയാളിൽ നിന്നുണ്ടായ ഭീഷണി.
രണ്ട് മൂന്നു ദിവസം മുമ്പും ഒരു സംഭവമുണ്ടായി. വലിയ ഭീഷണി വന്നു. നിങ്ങൾ ദൈവത്തിനെതിരെ നിങ്ങൾക്കുന്ന ആളാണ്, ദൈവത്തിന്റെ ശക്തിഉപയോഗിച്ച് നിങ്ങളെ എന്ത് ചെയ്യാൻ പറ്റുമെന്ന് കാണിച്ചു തരാം എന്നൊ പറഞ്ഞായിരുന്നു ഭീഷണി.
?. സെക്കുലർ മാട്രിമോണിയെന്ന ആശയംതന്നെ രൂപപ്പെടുന്നത് എങ്ങനെയാണ്
ചെറിയ പ്രായം മുതൽ ലോജിക്കലായി ചിന്തിച്ചിരുന്നയാളാണ് ഞാൻ. എന്റെ മതമോ ജാതിയോ വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ചെറുപ്പം മുതൽ വായനശാലകളിൽ പോയി പുസ്തകം വായിക്കുമായിരുന്നു. അങ്ങനെ പല സംശയങ്ങളും എനിക്കുണ്ടായിരുന്നു.
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മതവിശ്വാസം പൂർണ്ണമായും ഇല്ലാതായി. അതിന് ശേഷം ഒരു ആരാധനാലയങ്ങളിലും പോയിട്ടില്ല. ആഘോഷങ്ങളിൽ പങ്കെടുക്കാറുണ്ട്.
എന്റെ പിതാവും സഹോദരിയും മതവിശ്വാസികളല്ല. ബാക്കി കുടുംബാംഗങ്ങളൊക്കെ വിശ്വാസികളാണ്. 2014 ല്‍ എന്റെ മനസിൽ തോന്നിയ ആശയമായിരുന്നു ജാതിമത ചിന്തകളില്ലാത്ത, മതാചാരപ്രകാരമല്ലാത്ത കല്യാണവും ജീവിതവും എന്നത്.
അതിന് ആദ്യം മതമില്ലാത്ത ജീവിതങ്ങൾ എന്ന് പേരിൽ ഒരു ഫേസ്ബുക്ക് പേജ് 2014 ല്‍ ആരംഭിച്ചു. രണ്ട് ജാതിയിൽപ്പെട്ടവർ വിവാഹിതരാവുകയും അതിന് ശേഷം വിവാഹത്തിന്റെ അടിസ്ഥാനത്തിൽ മതം മാറ്റം സംഭവിക്കാതിരിക്കുകയും ചെയ്യുന്നവരുടെ ജീവിതക്കുറിപ്പുകളാണ് ആ പേജിൽ ആദ്യം ഷെയർ ചെയ്തിരുന്നത്. അതില്‍ സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെയുള്ളവരുടെ കഥകളാണ് പോസ്റ്റ് ചെയ്തിരുന്നത്. അങ്ങനെ പേജ് വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു.
50 ദിവസം കൊണ്ട് പതിനായിരം ഫോളോവേഴ്‌സ് ഉണ്ടായി. പേജിലെ കുറിപ്പുകൾ കണ്ട് ഇത്തരത്തിൽ വിവാഹിതരായവർ അവരുടെ ജീവിതകഥകൾ പേജിലേക്ക് അയച്ചു തരാൻ തുടങ്ങി. അതിൽ തന്നെ ഇങ്ങനെ ചിന്തിക്കുന്നവർക്ക് ഒരുമിക്കാൻ പേജിലൂടെ അവസരെമാരുക്കി. കൂടെ എന്ന അഭിപ്രായങ്ങൾ കമന്റുകളായി വന്നു. അങ്ങനെയാണ് 2014 സെപ്റ്റംബർ- ഒക്‌ടോബറോടു കൂടി സെക്കുലർ മാട്രിമോണി എന്ന പേജ് ആരംഭിക്കുന്നത്.
?. ആദ്യ ഘട്ടത്തിൽ ഇതിനോടുള്ള സ്വീകാര്യത എങ്ങനെയായിരുന്നു
ഇത് ആരംഭിക്കുന്ന സമയത്ത് വലിയ റീച്ച് ഉണ്ടായിരുന്നില്ല. മതമില്ലാത്ത ജീവിതങ്ങൾ എന്ന കൂട്ടായ്മയുടെ ഒരു ഭാഗമെന്ന രീതിയിലാണ് അത് ആരംഭിച്ചത്.
തുടക്കത്തിൽ 5000 പേരൊക്കെ പേജ് ഫോളോ ചെയ്തു. പിന്നെ അത് കാര്യമായി വളർന്നില്ല. വിവാഹിതരാവാൻ ആഗ്രഹിക്കുന്നയാളുകൾ പ്രൊഫൈൽ അയച്ച് തന്നിരുന്നു.
ആൺകുട്ടികളുടെ വിവാഹ പരസ്യങ്ങൾ ഫോട്ടോ ഉൾപ്പെടെ നൽകിയിരുന്നു. പെൺകുട്ടികൾ ഫോട്ടോ അയച്ച് തരാൻ തയ്യാറായില്ല. അവരുടെ പേരും ഒഴിവാക്കിയാണ് വിവരങ്ങൾ എനിക്ക് കൈമാറിയിരുന്നത്. ആരോടും തങ്ങളുടെ വിവാഹ പരസ്യങ്ങൾ അങ്ങോട്ട് ആവശ്യപ്പെട്ട് പോയിട്ടില്ല.
?. സെക്കുലർ എന്ന് പറയുന്നത് മതേതരമല്ലേ ? അത് എങ്ങനെ മതനിരാസമാവും ? മതങ്ങളിൽ വിശ്വസിക്കുന്നവർക്ക് സെക്കുലറാവാൻ പാടില്ലെന്ന വാദം ശരിയാണോ
ഞാൻ അങ്ങനെ ഒരു വാദവും മുന്നോട്ട് വെയ്ക്കുന്നില്ല. പേജ് തുടങ്ങിയ സമയത്ത് ജാതി, മതം നോക്കുന്നുണ്ടോ എന്ന് ആളുകളോട് ചോദിക്കുമായിരുന്നു. നിലവിലുള്ളത് പുരുഷകേന്ദ്രീകൃത സമൂഹമാണ്. മതവിശ്വാസമുള്ള പുരുഷൻ അത് മറച്ച് വെച്ച് പേജിലുടെ തനിക്ക് ഇഷ്ടപ്പെട്ട പെൺകുട്ടിെയ കണ്ടെത്തി വിവാഹം കഴിക്കും.
അങ്ങനെ ഭാര്യ ഭർത്താക്കൻമാരായ ശേഷം ഭാര്യയെ കുടുംബത്തിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ നിർബന്ധിക്കുകയും, ഭാര്യയ്ക്ക് താൽപര്യമില്ലെങ്കിൽ കൂടി ഭർത്താവിനെ സന്തോഷിപ്പിക്കാൻ അങ്ങനെ ചെയ്യേണ്ടിയും വരുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്.
അതുകൊണ്ട് തന്നെ ഇപ്പോൾ ഞങ്ങളെ സമീപിക്കുന്നവരുടെ സോഷ്യൽ മീഡിയയടക്കം മുഴുവൻ കാര്യങ്ങളും പരിശോധിക്കാറുണ്ട്. പൂർണ്ണമായും മതവിശ്വാസിയല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ആൺകുട്ടികളായാലും പെൺകുട്ടികളായാലും അവരുടെ പ്രൊഫൈൽ ഇപ്പോൾ പേജിൽ കൊടുക്കുക.
ജാതിമതവിശ്വാസങ്ങൾ ഉള്ളവർ പങ്കാളി എങ്ങനെയുള്ളവരായാലും കുഴപ്പമില്ല, തങ്ങൾ അംഗീകരിക്കാൻ തയ്യാറാണ് എന്നൊക്കെ പറഞ്ഞ് ഞങ്ങളെ സമീപിക്കാറുണ്ട്. അങ്ങനെയുള്ളവരെയും ഞങ്ങൾ എടുക്കാറില്ല. കാരണം പിന്നീട് ഒരു വിഷയം ഉണ്ടാകാതിരിക്കാനാണ്.
?. ഒരു വർഷം എത്ര വിവാഹങ്ങൾ വരെ പേജിന്റെ സഹായത്തോടെ നടക്കാറുണ്ട് ? അതിന് കൃത്യമായ കണക്കുണ്ടോ
ഇതിലൂടെ നടക്കുന്ന വിവാഹങ്ങളുടെ കണക്കുകൾ രേഖപ്പെടുത്തി വെച്ച് മാർക്കറ്റ് ചെയ്യാമെന്ന ആശയമൊന്നും അന്നുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കണക്ക് എഴുതിവെച്ചിരുന്നില്ല. ഇക്കഴിഞ്ഞ മൂന്നുവർഷത്തിനിടെ 100 ലധികം വിവാഹങ്ങൾ ഉണ്ടായിട്ടുണ്ട്.
പേജ് തുടങ്ങി കൊവിഡ് കാലം വരെ 7000 ഫോളോവേഴ്‌സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അന്നൊന്നും അത്ര ഗൗരവമായി പേജ് ശ്രദ്ധിച്ചിരുന്നില്ല. ഒരു വർഷത്തിൽ ഒരിക്കലൊക്കെയാണ് ഒരു പോസ്റ്റ് ഒക്കെ ഇട്ടിരുന്നത്. അങ്ങനെ ക്യാമ്പെയിൻ നടത്തിയൊന്നും ആളുകളെ ഇതിലേക്ക് ആകർഷിച്ചിരുന്നില്ല.
കൊവിഡ് ലോക്ക് ഡൗൺ കാലത്താണ് പേജ് കൂടുതൽ ഗൗരവമാക്കാൻ ശ്രമിക്കുന്നത്. അന്ന് എന്റെ പരിചയത്തിലുള്ള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനത്തിലൊക്കെ സജീവമായിരുന്ന ഒരു പെൺകുട്ടി ഫോട്ടോ വെച്ച് തന്റെ പ്രൊഫൈൽ നൽകാൻ അനുവാദം തന്നു.
അങ്ങനെ ഫോട്ടോവെച്ച് കുറിപ്പിട്ടു. അന്ന് തൊട്ടാണ് പങ്കാളിയെ തേടിയുള്ള പോസ്റ്റുകൾക്ക് ഫോട്ടോയടക്കം മുഴുവൻ വ്യക്തിവിവരങ്ങളും ഉൾപ്പെടുത്തി പോസ്റ്റ് ഇടാൻ തീരുമാനിക്കുന്നത്.
അങ്ങനെ തുടർച്ചയായി പോസ്റ്റുകൾ വന്നതോടെ സ്വാഭാവികമായും റീച്ച് കൂടി. ചുരുങ്ങിയ സമയം കൊണ്ട് ഫോളോവേഴ്‌സ് വർധിച്ചു. ഇപ്പോൾ അത് 70000ത്തിൽ എത്തി നിൽക്കുന്നു. ഇൻസ്റ്റാഗ്രാമിൽ 57000 പേരും യൂട്യൂബിൽ 70000 പേരും ഫോളോ ചെയ്യുന്നുണ്ട്.
?. മതവിശ്വാസം യുവാക്കൾക്കിടയിൽ കുറഞ്ഞ് വരുന്നതായി തോന്നിയിട്ടുണ്ടോ ? ഏതെങ്കിലും മത സാമുദായിക സംഘടനകൾ സെക്കുലർ മാട്രിമോണിക്കെതിരെ രംഗത്ത് വന്നിട്ടുണ്ടോ
മത സാമുദായിക സംഘടനകൾ പരസ്യമായി അങ്ങനെ പ്രസ്താവനകൾ ഇറക്കിയതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. പക്ഷേ മാട്രിമോണിക്കെതിരെ കമന്റുകളിലൂടെ വെല്ലുവിളി നടത്തുന്നവരുടെ പ്രൊഫൈലുകൾ നോക്കിയാൽ അത് സംഘപരിവാർ അനുകൂല ആളുകളാണെന്നാണ് മനസിലാവുന്നത്.
എന്നാൽ ഏതെങ്കിലും രാഷ്ട്രീയമായതോ അല്ലാത്തതോ ആയ സംഘടന സെക്കുലർ മാട്രിമോണിക്കെതിരെ പരസ്യവെല്ലുവിളികൾ നടത്തിയിട്ടില്ല.
യുവാക്കൾക്കിടയിൽ മതവിശ്വാസം കുറഞ്ഞുവരുന്നുവെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഞാൻ ആരാധനാലയങ്ങളിൽ പോകാതിരിക്കുമ്പോൾ നീ ആളുകളെ ബോധിപ്പിക്കാനെങ്കിലും പോകൂ എന്ന് പറഞ്ഞ കൂട്ടുകാരിൽ നിന്നും എനിക്ക് മനസിലാവുന്നത് അവരുടേതും അത്ര വേരൂന്നിയ വിശ്വാസമല്ല എന്ന് തന്നെയാണ്.
വിശ്വാസം തലയ്ക്ക് പിടിച്ചവർ എല്ലാ മതത്തിലുമുണ്ട്. എന്നാൽ അതല്ലാത്ത ആളുകൾ കൂടുതലാണ്. നാട്ടുകാരെയും വീട്ടുകാരെയും ബോധിപ്പിക്കാൻ വേണ്ടി മാത്രം മതചിഹ്നങ്ങളായ വസ്ത്രങ്ങൾ ധരിക്കുന്ന സ്ത്രീകൾ ചില മതങ്ങളിലുണ്ട് എന്നത് എന്റെ അനുഭവസാക്ഷ്യത്തിൽ നിന്നും മനസിലായ കാര്യമാണ്. പൊതുവിൽ പല ആളുകളിലും വിശ്വാസരാഹിത്യ ചിന്തകൾ മുളപൊട്ടിയിട്ടുണ്ട്.
പണ്ടൊക്കെ രണ്ട് ജാതിയിൽ പെട്ട വിവാഹങ്ങൾ ഉണ്ടാവണമെങ്കിൽ പ്രേമിച്ച് ഒളിച്ചോടണമായിരുന്നു. അല്ലെങ്കിൽ യുക്തിവാദി കുടുംബങ്ങളാവണം. എന്നാൽ ഇപ്പോൾ സ്ഥിതി മാറി.
വിശ്വാസികളായ ധാരാളം മാതാപിതാക്കൾ പോലും വിശ്വാസികളല്ലാത്ത മക്കൾക്ക് വേണ്ടി ഇത്തരം കാര്യങ്ങൾക്ക് മുൻകൈയടുക്കുന്നുണ്ട്. ആളുകളുടെ സമീപനം മാറുന്നുവെന്നാണ് അത് കാണിക്കുന്നത്.
ഇതൊക്കെ മക്കൾക്ക് വേണ്ടിയാണെങ്കിലും അംഗീകരിക്കപ്പെടുന്നുണ്ടെന്നത് നല്ല മാറ്റമായാണ് ഞാൻ കാണുന്നത്. അങ്ങനെ കുടുംബങ്ങൾക്കിടയിൽ വരെ മാറ്റമുണ്ടാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്.
പിന്നെ ജാതിമത വിശ്വാസമില്ലാത്തവർക്ക് അങ്ങനെ പ്രേമിച്ച് കല്യാണം കഴിക്കാൻ താൽപര്യമില്ലാത്തവർക്കും ഇങ്ങനെ ഒരു പങ്കാളിയെ കണ്ടെത്താൻ സെക്കുലർ മാട്രിമോണി പോലെയൊരു പ്ലാറ്റ്‌ഫോമില്ലെങ്കിൽ അത് എത്രമാത്രം പ്രായേഗികമാവുമെന്ന് പറയാനാവില്ല.
സെക്കുലർ മാട്രിമോണി പോലെയുള്ള പ്ലാറ്റ്‌ഫോമുകൾ ഇല്ലാതെ സ്വാഭാവികമായി ജാതിമതത്തിനതീതമായി കല്യാണങ്ങൾ ഉണ്ടാവണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
?. വിവാഹം രണ്ട് വ്യക്തികൾ തമ്മിലാണോ രണ്ട് കുടുംബങ്ങൾ തമ്മിലാണോ നടക്കുന്നത് ? എന്താണ് കാഴ്ച്ചപ്പാട്
രണ്ട് വ്യക്തികൾ തമ്മിൽ നടക്കേണ്ടതാണ് വിവാഹം. തീരുമാനങ്ങൾ അവരുടേത് മാത്രമാണ്. പങ്കാളിയാവാൻ പോകുന്ന ഒരാളെ മറ്റേയാൾക്ക് ഇഷ്ടപ്പെട്ടു. എന്നാൽ കുടുംബത്തിന് ഇഷ്ടപ്പെട്ടാലേ കല്യാണം കഴിക്കാനാവൂ എന്ന കാഴ്ച്ചപ്പാടിനോട് യോജിക്കാനാവില്ല.
താലി കെട്ടിയാലേ കല്യാണം നടക്കൂയെന്ന പരമ്പരാഗത സങ്കൽപ്പത്തിനോടും യോജിപ്പില്ല. എകദേശം ഒരു വർഷത്തോളം ഞാൻ ലിവിംഗ് ടുഗതറായിരുന്നു. എന്റെ പങ്കാളിക്ക് സർക്കാർ ജോലിയായത് കൊണ്ട് തന്നെ പ്രസവാവധിയൊക്കെ കിട്ടാൻ വിവാഹ സർട്ടിഫിക്കറ്റ് കൊടുക്കേണ്ടി വരുമോ എന്നൊക്കെ ആശയക്കുഴപ്പം വന്നത് കൊണ്ടാണ് വിവാഹം രജിസ്റ്റർ ചെയ്തത്.
https://www.facebook.com/SecularMarriageMatrimony
ലിവിംഗ് ടുഗതറായി ജീവിക്കുന്നതിന് അവളുടെ വീട്ടിൽ കുഴപ്പമുണ്ടായിരുന്നില്ല. എന്റെ വീട്ടിലുമില്ല. കല്യാണത്തിന് 500 രൂപ മുടക്കി ഒരു ഹാളാണ് എടുത്തത്. ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രമാണ് ക്ഷണിച്ചിരുന്നത്. 50 പേരിൽ താഴേ ആളുകൾ മാത്രമാണ് ഉണ്ടായിരുന്നത്. അത് പരമ്പരാഗത സങ്കൽപ്പത്തിലുള്ള വിവാഹമായിരുന്നില്ല. ഒരു കൂടിച്ചേരലായിരുന്നു.
ഒരുമിച്ച് താമസിക്കാൻ തുടങ്ങി ഒരു വർഷത്തിന് ശേഷമാണ് വിവാഹം രജിസ്റ്റർ ചെയ്തത്. ആളുകൾ ഒരുമിച്ച് ജീവിക്കുക എന്നുള്ളതാണ് എന്റെ കാഴ്ച്ചപ്പാട്. അതിന് കുടുംബം മുഴുവൻ തീരുമാനമെടുത്തിട്ടാവണം എന്ന് ഞാൻ വിശ്വസിക്കുന്നില്ല. പലവരും കല്യാണം കഴിച്ചിട്ട് ഇപ്പോൾ മാറിത്താമസിക്കാറില്ല. വിവാഹിതരാവുന്ന മക്കൾക്കൊപ്പം അവരുടെ ആശയങ്ങൾക്കൊപ്പം കുടുംബം നിൽക്കണമെന്നാണ് എനിക്ക് അഭിപ്രായമുള്ളത്.
?. ജാതി മാത്രമാണോ അതോ സാമ്പത്തികവും ജോലിപരവുമായ അസമത്വങ്ങളും വിവാഹ പങ്കാളികളുടെ തിരഞ്ഞെടുപ്പുകളെ ബാധിക്കുന്ന ഘടകങ്ങളല്ലേ
സാമ്പത്തികവും ജോലിപരവുമായ അസമത്വങ്ങൾ ചിലരെ മാത്രമാണ് ബാധിക്കുന്നത്. ഞാൻ വിവാഹിതനാവുമ്പോൾ എനിക്ക് ജോലി ഉണ്ടായിരുന്നില്ല. എന്നാൽ എന്റെ മുമ്പുള്ള പ്രണയങ്ങൾ വിവാഹത്തിലേക്ക് എത്താതിരുന്നതും ജോലി ഇല്ലാത്തത് കൊണ്ടാണ്.
ഞാൻ ഇപ്പോൾ ട്യൂഷൻ എടുത്ത് ജീവിക്കുന്നയാളാണ്. പരീക്ഷ സമയത്തൊക്കെ എനിക്ക് 60000 രൂപവരെ കിട്ടിയിട്ടുണ്ട്. എന്നാൽ ചിലപ്പോൾ അതുണ്ടാവില്ല. സ്ഥിരവരുമാനം ഇല്ലാത്ത ആൺകുട്ടികളെ വിവാഹം ചെയ്യാൻ വരുമാനമുള്ള പെൺകുട്ടികൾക്ക് ഇപ്പോഴും വിമുഖതയുണ്ട്.
https://www.instagram.com/secularmatrimony
സെക്കുലർ മാട്രിമോണിയിൽ പോസ്റ്റ് ഇടുന്നവർ ഇതൊക്കെ നോക്കുന്നുണ്ടാവും. അത് മുഴുവൻ തെറ്റാണെന്നും പറയാനാവില്ല. കുറച്ച് നാൾ മുമ്പ് സർക്കാർ സർവ്വീസിലുള്ള ഡോക്ടറായ പെൺകുട്ടിക്ക് പങ്കാളിയെ തേടി പോസ്റ്റ് ഇട്ടിരുന്നു.
പത്താം ക്ലാസ് യോഗ്യതയുള്ളവർ പോലും അവരുമായി സംസാരിച്ചു. അങ്ങനെ വരുന്നതിൽ കുഴപ്പമില്ല പക്ഷേ സംസാരിച്ച് ധാരണയായാൽ മാത്രമേ വിവാഹം നടത്താനാവൂ എന്നതായിരുന്നു അവരുടെ നിലപാട്.
?. മനു മനുഷ്യജാതി എന്ന താങ്കളുടെ പേരിനും ഒരു പ്രത്യേകതയുണ്ട്. ജാതിപരമായ തിക്താനുഭവങ്ങൾ വ്യക്തിപരമായി ഉണ്ടായിട്ടുണ്ടോ, അതോ പുരോഗമന കാഴ്ച്ചപ്പാട് പുലർത്തുന്നതിന്റെ ഭാഗമായാണോ ഇത്തരമൊരു നാമകരണം
ജാതിപരമായി അങ്ങനെ തിക്താനുഭവമൊന്നും ഉണ്ടായിട്ടില്ല. സമൂഹത്തിന്റെ കാഴ്ച്ചപ്പാടിൽ ഞാൻ മുന്നോക്കക്കാരനാണ്. ജനറൽ മെരിറ്റിൽ ഉൾപ്പെടുന്നവനാണ്. തിക്താനുഭവമുള്ള ഒരുപാട് പേരെ നമ്മൾ കാണുന്നുണ്ടല്ലോ. പേഴ്‌സണൽ ഈസ് പൊളിറ്റിക്കൽ എന്ന് ചിന്തിക്കുന്ന ഒരാളാണ് ഞാൻ.
അതായത് വ്യക്തിപരമായ ജീവിതത്തിലും ഒരു രാഷ്ട്രീയമുണ്ടെന്ന് വിചാരിക്കുന്നയാളാണ്. അതുകൊണ്ട് അങ്ങനെ പേര് വെച്ചതാണ്. എന്റെ ഔദ്യോഗിക പേര് ഞാൻ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. പക്ഷേ അത് പറഞ്ഞാൽ ഞാൻ ഏത് ജാതിയിൽ പെട്ടയാളാണെന്ന് കൃത്യമായി അറിയാൻ സാധിക്കുമായിരുന്നു.
ഭൂരിഭാഗം ആളുകളും കൂടുതലും പിതാവിന്റെ പേരാണ് അവരുടെ ഔദ്യോഗിക പേരിെനാപ്പം നൽകുക. മാതാവിന്റെ പേര് വെയ്ക്കുന്നത് ഇപ്പോൾ കാണുന്നുണ്ട്. അതൊരു സോഷ്യൽ മീഡിയ ട്രെന്റ് മാത്രമാണെന്ന് ഞാൻ കരുതുന്നു. സർട്ടിഫിക്കറ്റുകളിൽ കൂടുതലും പിതാവിന്റെ പേര് തന്നെയാണ് ഉൾപ്പെടുത്തി കാണാറ്.
https://youtube.com/@secularmatrimony
കർണാടകയിലെ ധാർവാഡിലാണ് ഞാൻ ഇപ്പോഴുള്ളത്. എന്റെ മകൻ ജനിച്ചപ്പോൾ ജനന രജിസ്ട്രേഷന്‍റെ സമയത്ത് അവന്റെ പേരിനൊപ്പം എന്റെ പേര് മുഴുവനായി ചേർക്കണമെന്ന് ആശുപത്രിയിലെ നഴ്‌സ് വാശിപിടിച്ചു. അതുപോലെ എന്റെ ജാതിയും മതവും ചേർക്കണമെന്നതും നിർബന്ധമാണ്. അവരോട് കുറെ വഴക്കുണ്ടാക്കിയ ശേഷമാണ് അത് ഒഴിവായിക്കിട്ടിയത്.
കൂടെ അച്ഛന്റെ പേര് വെയ്ക്കണം എന്നത് ഒരു സാമൂഹ്യ നിർമ്മിതിയാണ്. ഇന്ത്യൻ നിയമവ്യവസ്ഥ അനുസരിച്ചും അച്ഛന്റെ ജാതിക്കും മതത്തിനുമാണ് പ്രാധാന്യം.
ഇക്കാര്യങ്ങൾ മനസിലുള്ളത് കൊണ്ട് എന്റെ പേരിനൊപ്പം പിതാവിന്റെ പേര് വേണ്ട എന്ന് തീരുമാനിച്ചിരുന്നത്. പക്ഷേ എന്ത് വെയ്ക്കണം എന്ന ആശയക്കുഴപ്പത്തിലുമായിരുന്നു. ചിലർ നാടിന്റെ പേര് സ്വന്തം പേരിനൊപ്പം വെയ്ക്കാറുണ്ട്. അങ്ങനെ ഞാൻ ജനിച്ച സ്ഥലമായ വേലൂർ എന്ന പേര് വെയ്ക്കാൻ ഉദ്ദേശമുണ്ടായിരുന്നു.
എന്നാൽ അങ്ങനെ നാടിന്റെ പേര് ചേര്‍ക്കുന്നവർ സാഹിത്യകാരൻമാരാണെന്ന തെറ്റിദ്ധാരണ മൂലമാണ് അതിടാഞ്ഞത്. അന്ന് കേരളവർമ്മയിൽ പഠിക്കുന്ന സമയമാണ്. കോളേജ് ജീവിതം അന്ന് തലയ്ക്ക് പിടിച്ച് നിൽക്കുന്ന സമയവും. അക്കാലത്ത് എന്റെ സോഷ്യൽ മീഡിയ പേജുകളിൽ മനുവിനൊപ്പം കേരളവർമ്മ എന്ന് ചേർത്ത് മനു കേരളവർമ്മയെന്നാക്കി.
അതിന് മുമ്പ് സഖാവ് മനു എന്നാണ് പേരിട്ടിരുന്നത്. എല്ലായിടത്തും സഖാവ് മനു എന്ന പേര് വെയ്ക്കാനാവില്ലല്ലോ. അങ്ങനെ അത് മാറ്റിയാണ് മനു കേരളവർമ്മയാക്കിയത്. അന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജില്ലാതല യൂത്ത് കോർഡിനേറ്ററായിരുന്നു.
പിന്നീട് കുറെക്കാലം കഴിഞ്ഞ് പൊളിറ്റിക്കൽ കറക്റ്റ്‌നസ് കൂടിയപ്പോൾ മനു കേരളവർമ്മയെന്ന പേരിൽ പ്രാദേശിക വാദമുണ്ടെന്ന് മനസിലാക്കി അത് ഒഴിവാക്കി. ഒരു രാജ്യമെന്ന ആശയം പോലും എന്റെ ചിന്തയിലില്ല.
ലോകം മുഴുവൻ ഒന്നാണ് എന്ന് ചിന്തിക്കുന്നയാളാണ് ഞാൻ. അങ്ങനെയുള്ള ഞാൻ പേരിൽ പ്രാദേശിക വാദം കൊണ്ട് നടക്കുന്നത് ഉചിതമല്ലെന്ന് തോന്നി കേരളവർമ്മയെന്ന കൂട്ടിച്ചേർക്കൽ ഒഴിവാക്കി.
പിന്നീട് ശാസ്ത്ര സാഹിത്യ പരിഷത്തിലുള്ള എന്റെ സുഹൃത്തുക്കൾ അവരുടെ പേരിൽ മനുഷ്യ ജാതി എന്ന് പേരിനൊപ്പം ചേർത്തിരുന്നു. അങ്ങനെയാണ് പേരിനൊപ്പം മനുഷ്യജാതി കൂട്ടിച്ചേർത്തത്. എല്ലാ സ്ഥലത്തും നോട്ടീസിലടക്കം ഇപ്പോൾ അങ്ങനെയാണ് എന്റെ പേര് ചേർക്കപ്പെടാറുള്ളത്.
?. പൊതുവേ വ്യത്യസ്തമായ ആശയങ്ങൾ കൊണ്ട് നടക്കുകയും അതിൽ ചിലതൊക്കെ പ്രാവർത്തികമാക്കുകയും ചെയ്യുന്ന ആളാണ് താങ്കൾ. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് കൊണ്ട് വരുന്നതിനോട് അഭിപ്രായമെന്താണ്
ഏകീകൃത സിവിൽ കോഡ് രാജ്യത്ത് കൊണ്ട് വരുന്നത് നല്ല ഉദ്ദേശ്യത്തിലല്ല. അതിന് പിന്നിൽ ചില സ്ഥാപിത താൽപര്യങ്ങളുണ്ട്. ജാതിമത ചിന്തകൾ ആളുകളുടെ ഉള്ളിൽ ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്ന ഞാൻ സംവരണത്തിന് എതിരുള്ളയാളല്ല. സംവരണം വേറൊരു ആശയമാണ്.
സമൂഹം താഴ്ന്നത് എന്ന് വിശേഷപ്പിക്കുന്ന ജാതിയിൽ ഉൾപ്പെടുന്ന ഒരാൾ, അവർ നിരീശ്വരവാദിയായിരിക്കും, ജാതിമത വിശ്വാസമില്ലാത്തയാളായിരിക്കും, അയാൾ സംവരണാനുകൂല്യം പറ്റിയാലും ഇല്ലെങ്കിലും അവരോടുള്ള സമൂഹത്തിന്റെ സമീപനം വളരെ മോശമാണ്.
യുക്തിവാദികൾക്ക് കിട്ടുന്ന സ്വീകാര്യതയിൽ പോലും ഇത്തരം കാര്യങ്ങൾ പ്രകടമായി ഉണ്ട് എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. അത് സത്യസന്ധമായുള്ള കാര്യമാണ്.
യുക്തിവാദികളിൽ ഒരു കൂട്ടം ആളുകൾ സംവരണത്തെ എതിർക്കുന്നുണ്ട്. സംവരണം എടുത്തു കളഞ്ഞാൽ ജാതി മത വേർതിരിവ് ഇല്ലാതാകുമെന്ന മണ്ടത്തരം വരെ അത്തരക്കാർ പറയുന്നുണ്ട്.
സാമൂഹികമായി അടിച്ചമർത്തപ്പെടുന്ന ആളുകൾക്ക് അവസരങ്ങളുണ്ടാക്കി അവരെ മുന്നോട്ട് കൊണ്ട് വരണമെന്നതാണ് എന്റെ കാഴ്ച്ചപ്പാട്. സംവരണം എടുത്തു കളഞ്ഞാൽ താഴ്ന്ന ജാതിയെന്ന് വിശേഷിപ്പിക്കപ്പെടുന്നവരുടെ ജീവിതം കൂടുതൽ ദുസ്സഹമാവും.
സംവരണ നിഷേധം മാത്രമല്ല ഇത്തരം പല കാര്യങ്ങളും ഏകീകൃത സിവിൽ കോഡിലൂടെ നടപ്പിലാക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് എനിക്ക് വിയോജിപ്പുണ്ട്.
?. വിവാഹം വലിയ ആഡംബരമായി മാറിയിട്ടുണ്ട്. പ്രത്യേകിച്ച് വെഡ്ഡിംഗ് ഡെസ്റ്റിനേഷനൊക്കെ രൂപപ്പെടുന്ന കാലമാണ്. വിവാഹങ്ങളുടെ ആഡംബരവൽക്കരണത്തെ എങ്ങനെയാണ് കാണുന്നത്
വ്യത്യസ്ത കാഴ്ച്ചപ്പാടാണ് എനിക്ക് ആഡംബരവൽക്കരണത്തോടുള്ളത്. വിവാഹത്തിൽ ആഡംബരം വേണോയെന്നുള്ളത് വ്യക്തിപരമായ തീരുമാനമെന്നാണ് എന്റെ ഇപ്പോഴത്തെ വിശ്വാസം. മുമ്പ് ഇതിനെ പുച്ഛിച്ചിരുന്നു. ആഡംബരത്തിന്റെ മറവിൽ അംബാനിയെ പോലെയുള്ളവർ നികുതിവെട്ടിപ്പും നടത്തുന്നുണ്ട്.
വിവാഹത്തിന് സമ്മാനമായി നൽകുന്ന വസ്തുക്കൾക്ക് നികുതിയിളവുണ്ട്. ആഡംബര വിവാഹത്തിന് പിന്നിൽ ഇത്തരം ഒളിച്ചുകടത്തലുകൾ കൂടിയുണ്ട് എന്നതാണ് ഞാൻ മനസിലാക്കുന്നത്. പൊതുവിൽ പക്ഷേ ആർഭാടം എന്നത് വ്യക്തിപരമായ തിരഞ്ഞെടുക്കലിൽ ഉൾപ്പെടുന്ന ഒന്നാണ് എന്ന പക്ഷക്കാരനാണ് ഞാൻ. അതിൽ ആരെയും കുറ്റപ്പെടുത്താനാവില്ല.
?. ഇന്നത്തെ കാലഘട്ടത്തിൽ വൈവാഹിക ജീവിതത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുന്ന സ്ത്രീയും പുരുഷനും അവരുടെ ആഗ്രഹങ്ങൾ പങ്കാളികളാവാൻ പോകുന്നവരോട് തുറന്നു പറയുന്നുവെന്ന് കരുതാമോ ? പ്രത്യേകിച്ച് താങ്കൾ മുന്നോട്ട് വെയ്ക്കുന്ന പ്ലാറ്റ്ഫോമിലെങ്കിലും
മുഴുവൻ കാര്യങ്ങളും പറയുന്നുണ്ടാവുമെന്ന് കരുതുന്നില്ല. പങ്കാളിയിൽ നിന്ന് ലഭിക്കേണ്ട ചില കാര്യങ്ങൾ തുറന്നു പറയുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. അത് പറഞ്ഞാൽ വിവാഹം നടക്കാതിരിക്കുമോയെന്ന ഭയമോ ഈ പങ്കാളിയെ എനിക്ക് ലഭിക്കില്ല എന്നതോ ഒക്കെ കൊണ്ട് ചിലത് മറച്ചുവെയ്ക്കുന്നുണ്ടാവാം എന്നാണ് എനിക്ക് തോന്നുന്നത്.
നൂറുശതമാനം കൃത്യതയോടെ കാര്യങ്ങൾ തുറന്ന് സംസാരിച്ചിട്ടാവില്ല വിവാഹ ജീവിതത്തിലേക്ക് കടക്കുന്നുണ്ടാവുക. അത് ഓരോ വ്യക്തിയെയും അനുസരിച്ച് വ്യത്യാസങ്ങളുണ്ടാവാം. എന്നാൽ അറേഞ്ച്ഡ് മാര്യേജിൽ നിന്നും കുറച്ച് കൂടി തുറന്ന് സംസാരിക്കാൻ എന്റെ പ്ലാറ്റ്‌ഫോമിൽ കഴിഞ്ഞേക്കുമെന്നാണ് എന്റെ വിശ്വാസം. ഇവിടെ ഭൂരിഭാഗം പേരും സ്വയമേവയാണ് ആശയവിനിമയം നടത്തുന്നത്.
രക്ഷിതാക്കളുടെ ഇടപെടലുകൾ വളരെ കുറവാണ്. അത് ഇല്ലെന്നല്ല. ഇപ്പോൾ കൂടുതലായും പങ്കാളികൾ നേരിട്ടാണ് തിരഞ്ഞെടുക്കുന്നത്. അവർക്ക് പറ്റും എന്ന് നൂറുശതമാനം വിശ്വസിക്കുന്നവരെയാണ് പരസ്പരം തിരഞ്ഞെടുക്കുക. അതിന് ചിലപ്പോൾ കാലതാമസമുണ്ടായേക്കാം. 2018 ൽ എന്റെ പേജിൽ പങ്കാളിയെ തേടിപോസ്റ്റിട്ട പെൺകുട്ടിയുടെ വിവാഹം ഇപ്പോഴാണ് നടക്കുന്നത്.
?. പേജിൽ പങ്കാളികളെ തേടിയുള്ള പ്രൊഫൈൽ കൊടുക്കാൻ ഫീസ് ഈടാക്കുന്നുണ്ടോ
മുമ്പ് അഞ്ഞൂറ് രൂപയായിരുന്നു, ഇപ്പോൾ രണ്ടായിരം രുപയാണ് ഫീസ് ഈടാക്കുന്നത്. 2014 മുതൽ 2022 വരെയുള്ള എട്ട് വർഷക്കാലം ഫീസ് ആരുടെ കൈയ്യിൽ നിന്നും ഈടാക്കിയിരുന്നില്ല.
പേജിൽ പ്രൊഫൈൽ കൊടുക്കുന്നവരുടെ തന്നെ ഫോൺ നമ്പരാണ് വെച്ചിരുന്നത്. പേജിന് ഫോളോവേഴ്‌സ് കൂടിയപ്പോൾ ഇവിടെ പ്രൊഫൈൽ ഇടുന്നവരുടെ ഫോൺ നമ്പരുകളിലേക്ക് വിളികളുടെ ആധിക്യമായിരുന്നു. മൂവായിരം നാലായിരം കോളുകളാണ് ഒരു ദിവസം ലഭിക്കുന്നത്.
അതുെകാണ്ട് തന്നെ ഒരു ദിവസത്തിനുള്ളിൽ പോസ്റ്റ് ഡിലീറ്റ് ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു. കൂടുതൽ പേരിലേക്ക് ഈ ആശയം എത്തണമെന്ന ആഗ്രഹം ഉള്ള എനിക്ക് അത് വിഷമകരമായി തോന്നിയിരുന്നു.
ഇങ്ങനെയുള്ള കോളുകൾ നിങ്ങൾക്ക് സ്റ്റാഫിനെ വെച്ച് നിയന്ത്രിച്ച് കൂടെ എന്ന് പലയാളുകളും ഇങ്ങോട്ട് ചോദിക്കുകയും ചെയ്തിരുന്നു. അപ്പോൾ ഈ പ്രശ്‌നം ഉയർത്തി ഒരു പോസ്റ്റ് ഇട്ടു.
സ്റ്റാഫിനെ വെയ്ക്കണമെങ്കിൽ ഫീസ് ഏർപ്പെടുത്തണെമന്ന കാര്യവും അതിൽ ചൂണ്ടിക്കാട്ടി. ഒന്നോ രണ്ടോ കമന്റുകളൊഴികെ ഫീസ് ഏർപ്പെടുത്തുന്നതിന് അനുകൂലമായിരുന്നു.
അങ്ങനെയാണ് 20000 രൂപ മാസശമ്പളത്തിൽ സ്റ്റാഫിനെ നിയമിക്കുന്നത്. ഒരാൾ രജിസ്റ്റർ ചെയ്ത് കുറെയധികം നാൾ കഴിയുമ്പോൾ ചെറിയ ഫീസും ഈടാക്കാറുണ്ട്.
സെക്കുലർ മാട്രിമോണിയിൽ ജെൻഡർ ബൈനറികളില്ല എന്നതും പ്രത്യേകതയാണ്. പുരുഷനും സ്ത്രീയ്ക്കും മാത്രമല്ല ട്രാൻജെൻഡറുകൾ, ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ എന്നിങ്ങനെ എല്ലാവരെയും നമ്മൾ പിന്തുണയ്ക്കുന്നുണ്ട്. മൂന്ന് കൊല്ലം മുമ്പ് റേപ്പ് സർവൈവറുമാരായ രണ്ട് പെൺകുട്ടികളുടെ വിവാഹവും ഇതിലൂടെ നടന്നിട്ടുണ്ട്.
അവരുടെ പേരും ഫോട്ടോയും ഒഴിവാക്കി മറ്റെല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയാണ് പോസ്റ്റിട്ടത്. ഇക്കാര്യങ്ങൾ അറിഞ്ഞിട്ടും നല്ല പ്രതികരണമാണ് ഉണ്ടായത്. രണ്ട് പേരുടെയും വിവാഹങ്ങൾ മതരഹിതമായി തന്നെയാണ് നടന്നത്. അത് വളരെ സന്തോഷം ലഭിച്ച ഒരു കാര്യമാണ്. സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകൾ ചില കാര്യങ്ങളിൽ മാറി വരുന്നുണ്ട് എന്നതിന്റെ ഉദാഹരണമാണിത്.