എസ്എസ്എൽസി, +2 പരീക്ഷകളും നോമ്പും നടക്കുമ്പോള്‍ കുടുംബത്തിന് താങ്ങാകേണ്ട അമ്മ(ആശ)മാരാണ് സെക്രട്ടറിയേറ്റ് നടയില്‍ പോരാട്ടത്തിലുള്ളത്. മന്ത്രി ചര്‍ച്ചക്കു വിളിച്ചത് നിങ്ങളുടെ ഡിമാന്‍റുകള്‍ ശരിയല്ല, നിങ്ങള്‍ക്ക് നല്കാന്‍ പണമില്ലെന്ന് പറയാനായിരുന്നു. പിന്നാലെ ഭീക്ഷണിയും. ചരിത്രത്തിലാദ്യമായി വനിതകള്‍ തിങ്കളാഴ്ച സെക്രട്ടേറിയറ്റ് ഉപരോധത്തിനിറങ്ങുമ്പോള്‍ നിലപാട് വ്യക്തമാക്കി എസ്. മിനി

സമരത്തിനെതിരെ സി.പി.എമ്മും സി.ഐ.ടി.യുവും സർക്കാരും നടത്തുന്ന ആക്ഷേപവും അവഹേളനവും അവഗണനയുമൊന്നും തങ്ങളെ ഒരു തരത്തിലും തളർത്തിയിട്ടില്ല

New Update
s mini

കേരളത്തിലെ ഓരോ വീടുകളും കയറിയിറങ്ങി എല്ലാ കാര്യങ്ങളും അന്വേഷിക്കുന്ന ആശാവർക്കറുമാരുടെ സമരം തുടങ്ങിയിട്ട് 35 ദിവസമായിരിക്കുകയാണ്.

Advertisment

സമരം അവസാനിപ്പിക്കാൻ മുൻകൈയെടുക്കാതെ അവഗണിക്കുന്ന ഇടത് സർക്കാരിനെതിരെ ഇന്ന് സമരസമിതി സെക്രട്ടേറിയറ്റ് ഉപരോധം സംഘടിപ്പിച്ചിരിക്കുകയാണ്. 

സമരത്തിനെതിരെ സി.പി.എമ്മും സി.ഐ.ടി.യുവും സർക്കാരും നടത്തുന്ന ആക്ഷേപവും അവഹേളനവും അവഗണനയുമൊന്നും തങ്ങളെ ഒരു തരത്തിലും തളർത്തിയിട്ടില്ലെന്ന് 'സത്യം ഓൺലൈൻ പൊളിറ്റിക്കൽ എഡിറ്റർ അരവിന്ദ് ബാബു'വുമായി നടത്തിയ അഭിമുഖത്തിൽ  സമരസമിതി നേതാക്കളിൽ ഒരാളായ 'എസ്. മിനി' തുറന്ന് പറയുന്നു.

? ആശമാർ സമരം തുടങ്ങിയിട്ട്  35 ദിവസമാകുന്നു. ശമ്പളം കൂട്ടും എന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവനയിൽ വിശ്വാസമുണ്ടോ

ആരോഗ്യമന്ത്രി ശമ്പളം വർധിപ്പിക്കാമെന്ന് പറഞ്ഞിട്ടില്ല. ചർച്ചയൊന്നും നടക്കുന്നില്ല. 

ശമ്പളം വർധിപ്പിക്കേണ്ടതാണെന്ന അവരുടെ പൊതു അഭിപ്രായത്തിന്റപ്പുറത്തേക്ക് ആശാവർക്കറുമാർക്ക് വേതനം കൂട്ടാമെന്ന് അവർ പറഞ്ഞട്ടില്ല. ഇതുവരെ അങ്ങനെ ഒരു ഉത്തരവും ഇറങ്ങിയിട്ടില്ല.

asha prottest1

? ഓണറേറിയത്തിന്റെ പേരിൽ നിലവിൽ തർക്കം നിലനിൽക്കുന്നു. നിലവിലെ ഓണറേറിയം തൃപ്തികരമല്ല. എന്താണ് സ്ഥിതി 

ഓണറേറിയത്തിന്റെ പേരിൽ തർക്കമൊന്നുമില്ല. 7000 രൂപയാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. അതിൽ പത്ത് മാനദണ്ഡങ്ങളുണ്ട്. അത് പാലിച്ചാൽ ഓരോ മാനദണ്ഡത്തിനും 700 രൂപ നിരക്കിലാണ് പൈസ് നൽകുന്നത്. 

സംസ്ഥാനത്ത് ഫിക്‌സഡ് ഓണേററിയമില്ല. മറ്റ് സംസ്ഥാനങ്ങളിൽ അതുണ്ട്. ഇവിടെ മുമ്പ് ഫിക്‌സഡായിരുന്നു.


എന്നാൽ 2018ൽ നിബന്ധനകൾക്ക് വിധേയമായിക്കൊണ്ടുള്ള ഓണറേറിയമായ അത് മാറ്റി. സി.ഐ.ടി.യുവിന്റെ ആവശ്യപ്രകാരമാണ് അത് തിരുത്തിയത്. 


അന്ന് മുതൽ ഞങ്ങളതിനെ ശക്തമായി എതിർത്ത് കൊണ്ട് രംഗത്തുണ്ട്. ഇപ്പോൾ സി.ഐ.ടിയുവിന്റെ അംഗങ്ങൾ തന്നെ പരാതി ഉന്നയിച്ച് തുടങ്ങിയപ്പോൾ  നിലപാട് മാറ്റിപ്പറയാൻ സി.ഐ.ടി.യുവും നിർബന്ധിതമായിട്ടുണ്ട്. 

എന്താണെങ്കിലും ഞങ്ങൾ ഇവിടെ സമരം തുടങ്ങിയ ശേഷം 15-ാം ദിവസം ഓണറേറിയത്തിന്റെ നിബന്ധനകൾ എടുത്തു കളയുമെന്ന് മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

പക്ഷേ സമരം 35-ാം ദിവസത്തിലേക്ക് കടന്നിട്ടും ഇതുസംബന്ധിച്ച് ഉത്തരവൊന്നും പുറത്ത് വന്നിട്ടില്ല. അപ്പോൾ അത് വെറുമൊരു വാഗ്ദാനം മാത്രമായിരുന്നുവെന്നാണ് മനസിലാക്കേണ്ടത്.

 ? . ഏറ്റവും കൂടുതൽ ഓണറേറിയം തരുന്നത് സംസ്ഥാന സർക്കാരാണെന്നാണ് ആരോഗ്യ മന്ത്രി വീണജോർജ്ജ് നിയമസഭയിലടക്കം പറഞ്ഞത്. എല്ലാ മാസവും മുടങ്ങാതെ ഇത് ലഭിക്കുന്നുണ്ടോ

എല്ലാ മാസവും ഓണറേറിയം ലഭിക്കാറില്ല. നാലും അഞ്ചും മാസം കൂടുമ്പോൾ മാത്രമാണ് നിബന്ധനകൾക്ക് വിധേയമായി ഓണറേറിയം ലഭിക്കുന്നത്.

asha protest 2

കേരളത്തിലാണ് ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്നതെന്ന് ഇനി പറയാനാവില്ല. കാരണം സിക്കിം സർക്കാരിന്റെ ഒദ്യോഗിക ഉത്തരവ് തന്നെ പൊതുസമൂഹത്തിന്റെ മുമ്പിലുണ്ട്.


സിക്കിമിൽ 10000 രൂപയാണ് നൽകുന്നത്. അത് ഒരു നിബന്ധനകൾക്കും വിധേയമാകാത്ത ഫിക്‌സഡ് ഓണറേറിയമാണ്.


? . സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കേന്ദ്ര വിഹിതം മുടങ്ങിയെന്നുമുള്ള സംസ്ഥാന സർക്കാരിന്റെ വാദത്തെ മുഖവിലയ്ക്കെടുക്കാൻ എന്ത് കൊണ്ടാണ് ആശമാർ തയ്യാറാകാത്തത്

സംസ്ഥാന സർക്കാർ അങ്ങനെയൊരു സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് നമ്മുക്ക് മനസിലാകുന്നില്ല. അങ്ങനെ ഉണ്ടെങ്കിൽ ഖജനാവിന്റെ സ്ഥിതി അവർ പരസ്യമാക്കട്ടെ. ധാരാളം പണം ധൂർത്തടിച്ചുകൊണ്ടിരിക്കുകയാണ്. 

അനാവശ്യമായി ചെലവഴിക്കുകയും ആവശ്യപ്പെടാതെ ആളുകൾക്ക് ലക്ഷങ്ങൾ വാരിക്കോരി കൊടുക്കുകയുമാണ് ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും കേന്ദ്രവിഹിതം ലഭിച്ചില്ലെന്നും അവർ പറയുന്ന വാദഗതി മാത്രമാണ്. 


നിങ്ങൾക്ക് തരാൻ പണമില്ല ധനപ്രതിസന്ധയുണ്ടെന്നാണ് അവർ ജനങ്ങേളാട് പറയുന്നത്.


പക്ഷേ മറ്റ് ആളുകൾക്കും മുതലാളമാർക്കും കൊടുക്കാൻ പണമുണ്ട്. അതുകൊണ്ട് ധനപ്രതിസന്ധിയൊന്നുമില്ല. എല്ലാ ആളുകളും കൊടുക്കുന്ന നികുതി എങ്ങോട്ടാണ് പോകുന്നത്.

asha protest 3

? . സമരം തുടങ്ങും മുമ്പ് ഇക്കാര്യം സംസ്ഥാന സർക്കാരിനെയും മന്ത്രിമാരെയും അറിയിച്ചിരുന്നോ

എല്ലാ കാര്യങ്ങളും ഞങ്ങൾ ചെയ്തിരുന്നു. ആരോഗ്യ മന്ത്രി വീണ ജോർജ്ജിനെ നേരിട്ട് കണ്ടിരുന്നു. സംസ്ഥാന ബജറ്റിന് മുന്നോടിയായി സർക്കാർ വിളിച്ചു ചേർത്ത യോഗത്തിൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും പങ്കെടുത്ത് ഈ വിഷയങ്ങൾ ഉന്നയിച്ചിരുന്നു.

എൻ.എച്ച്.എം ഡയറക്ടർ വിളിച്ചു ചേർത്ത യോഗത്തിലും മുഴുവൻ ഡിമാന്റുകളും അവതരിപ്പിച്ചിരുന്നു.

? . ആരോഗ്യ മന്ത്രി വീണ ജോർജ്ജുമായി നടത്തിയ ചർച്ച എന്ത് കൊണ്ടാണ് വിജയിക്കാതിരുന്നത്

അതൊരു ചർച്ചയെന്ന് ഒന്നും പറയാനില്ല. സർക്കാരിന്റെ ഖജനാവിൽ പണമില്ല. അതുകൊണ്ട് നിങ്ങൾക്ക് തരാനില്ല എന്ന് പറയാൻ വേണ്ടി വിളിപ്പിച്ചതാണ്.

നിങ്ങൾ ഉന്നയിച്ചിരിക്കുന്ന ഡിമാന്റുകൾ ശരിയല്ല, നിങ്ങൾ പിരിഞ്ഞു പോകണം എന്ന് പറയാനാണ് വിളിപ്പിച്ചത്. അല്ലാതെ ഞങ്ങൾക്ക് എത്ര വേതനം വേണമെന്ന് പോലുമുള്ള ചോദ്യം ചർച്ചയിൽ ഉണ്ടായില്ല.

? . സി.ഐ.ടി.യു നേതാക്കൾ വലിയ തോതിൽ സമരസമിതി നേതാക്കളെ അധിക്ഷേപിക്കുന്ന തരത്തിൽ പ്രസ്താവനയിറക്കുന്നു. അവരുടെ ഭാഗത്ത് നിന്നും മറ്റ് ഭീഷണികൾ ഉണ്ടായിട്ടുണ്ടോ

ആക്ഷേപവും ഭീഷണിയും പരിഹാസവും ഉണ്ട്. ഇതിന് പുറമേ ഇപ്പോൾ വ്യാപകമായി ഔദ്യോഗിക രംഗത്തുള്ള ആളുകൾ നേരിട്ട് ആശാവർക്കറുമാരെ സമരത്തിൽ നിന്നും പിന്തിരിപ്പാക്കാനുള്ള ഭീഷണി നേരിട്ട് മുഴക്കുകയാണ്. 

വീടുകയറി സമരത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യം ഉന്നയിക്കുന്നുണ്ട്. പല വഴി സമ്മർദ്ദത്തിന് ശ്രമമുണ്ട്. എല്ലാം ഞങ്ങൾ അറിയുന്നുണ്ട്. ഇതുകൊണ്ടെന്നും സമരത്തെ തളർത്താൻ പറ്റില്ല. സമരസമിതി തീർച്ചയായും അടുത്ത നടപടികളിലേക്ക് കടക്കും.

? . സമരവുമായി ബന്ധപ്പെട്ട് ചർച്ചകൾക്കായി മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും കാണാൻ ശ്രമിച്ചിരുന്നോ? എന്തായിരുന്നു പ്രതികരണം

ഇല്ല. ധനമന്ത്രിയെ കാണണമെന്ന് ആഗ്രഹിച്ചിരുന്നപ്പോഴാണ് അദ്ദേഹം സമരത്തെ പരിഹസിച്ചുകൊണ്ട് പ്രസ്താവനയിറക്കിയത്. പിന്നെ ഞങ്ങൾ കാണാൻ തയ്യാറായില്ല.

asha protest 4

? . മറ്റ് മന്ത്രിമാരോ ഘടകകക്ഷി നേതാക്കളോ സമരം അവസാനിപ്പിക്കാൻ ഇടപെടലുമായി രംഗത്ത് വന്നിരുന്നോ

ഇല്ല. അങ്ങനെയാരും മുൻകൈയെടുത്തിട്ടില്ല.

? . നിങ്ങളുടെ പരാതികളുമായി എൽ.ഡി.എഫ് കൺവീനർ എന്ന നിലയിൽ ടി.പി രാമകൃഷണനെയോ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയോ സന്ദർശിച്ചിരുന്നോ

ഇല്ല ഞങ്ങൾ അങ്ങനെ ഉന്നയിച്ചിട്ടില്ല. ഞങ്ങൾ സർക്കാരിനോടാണ് സമരം ചെയ്യുന്നത്. ഒരു സർക്കാർ എന്ന് പറയുമ്പോൾ അത് എല്ലാവരുടേതുമാണ്.

മുന്നണിയിലെ പാർട്ടകളുടെ നേതാക്കളെ കാണാൻ ഇത് സി.പി.എമ്മിന്റെയോ സി.പി.ഐയുടെയോ മാത്രം സർക്കാരല്ലല്ലോ. സമവായ ചർച്ചകൾക്ക് അവരാണ് സമീപിക്കേണ്ടത്. ഇത് ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരാണ്.

? . കേരളത്തിൽ ആകെ എത്ര ആശവർക്കറുമാർ നിലവിലുണ്ട് ? എത്ര പേരാണ് സമരമുഖത്ത് ഉള്ളത്

26125 ആശാവർക്കറുമാരാണ് സംസ്ഥാനത്തുള്ളത്. എല്ലാവർക്കുമുള്ള സമരമാണ് ഇവിടെ നടക്കുന്നത്.

അതിൽ എത്രപേർ സെക്രട്ടേറിയറ്റിന് മുമ്പിൽ വന്നിരിക്കുന്നു എന്നതല്ല പ്രശ്‌നം. ലോകത്തൊരു സമരത്തിനും അത് ബാധകമല്ല. അവർ ഉന്നയിക്കുന്ന ഡിമാന്റുകളാണ് പ്രസക്തം.  

? . അംഗീകൃത ട്രേഡ് യൂണിയനുകളായ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി എന്നിവർ സമരത്തിൽ പങ്കെടുക്കുന്നില്ലെന്നാണ് സി.പി.എമ്മും സി.ഐ.ടി.യു.വും പറയുന്നത്. ഏത് യൂണിയന്റെ ആഭിമുഖ്യത്തിലാണ് സമരസമിതി രൂപീകരിച്ചിട്ടുള്ളത്

ഇത് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ എന്ന അംഗീകൃത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് ഇപ്പോൾ സമരം നടക്കുന്ത്.

ഇത് ട്രേഡ് യൂണിയൻ നിയമാവലി അനുസരിച്ച് രജിസ്റ്റർ ചെയ്ത് ആശ വർക്കറുമാർക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ്. ഇതൊരു സ്വതന്ത്ര സംഘടനയാണ്. മറ്റാളുകൾ എന്ത് പറയുന്നുവെന്ന് പരിഗണിക്കേണ്ട കാര്യം നമ്മുക്കില്ല.

? . ബി.ജെ.പിയെ സംസ്ഥാന രാഷ്ട്രീയത്തിൽ ഉയർത്തിക്കൊണ്ട് വരാനാണ് സമരസമിതിയുടെ ശ്രമമെന്നാണ് സ.പി.എമ്മിന്റെ ആരോപണം? അതിനെ എങ്ങനെ കാണുന്നു

ഞങ്ങളിവിടെ സമരം നടത്തുന്നത് വ്യക്തമായ ഡിമാന്റുകൾ വെച്ചിട്ടാണ്. അവിടെ ആരെങ്കിലും വന്ന് മുതലെടുക്കുന്നുണ്ടെങ്കിൽ അത് അവരുടെ കഴിവാണ്.

ഞങ്ങൾക്കതിൽ പങ്കില്ല. ഞങ്ങളെ സംബന്ധിച്ചിടtthoളം കക്ഷി രാഷ്ട്രീയത്തിനതീതമായാണ് സമരം നടത്തുന്നത്. 

asha protest 5


അങ്ങനെ ആർക്കെങ്കിലും മുതലെടുക്കാൻ സർക്കാർ അവസരം ഉണ്ടാക്കാതിരിക്കുകയാണ് അവർ ചെയ്യേണ്ടത്. 


34 ദിവസം കഴിഞ്ഞ സമരത്തെ സർക്കാർ പരിഗണിച്ചു കഴിഞ്ഞാൽ പിന്നെ അങ്ങനെയൊരു പ്രശ്‌നമില്ല.

? . സമരത്തിൽ ഉൾപ്പെട്ടവരുടെ ജോലി തെറിപ്പിക്കുമെന്ന തരത്തിൽ അറിയിപ്പുണ്ടായിരുന്നല്ലോ? ആർക്കെങ്കിലും ജോലി നഷ്ടമായിട്ടുണ്ടോ

ആരുടെയും ജോലി ഇതുവരെ കളഞ്ഞിട്ടില്ല. എന്നാൽ ഇപ്പോഴും ഭീഷണിയുണ്ട്. മറ്റാളുകളെ ഹെൽത്ത് വോളന്റിയേഴ്‌സായി എടുക്കുമെന്ന ഭീഷണി ഔദ്യോഗിക തലത്തിൽ തന്നെ വളരെ ശക്തമായി നിലനിൽക്കുകയാണ്. അതിനെ ഞങ്ങൾ പ്രതിരോധിക്കും. 

അതു തന്നെയുമല്ല ഇത് ജനങ്ങളും അനുവദിക്കില്ല. 17 വർഷമായി ജനങ്ങളുടെ ഏറ്റവും വേണ്ടപ്പെട്ട ആശാവർക്കറുമാരെ ഒഴിവാക്കി വേറെ ഒരാളുകളെയും നാട്ടുകാർ അവിടെ കയറ്റില്ല. ഇനി അവിടെ മറ്റാരാളെ നിയോഗിച്ചാൽ സർക്കാർ എങ്ങനെ ശമ്പളം കൊടുക്കും. 


എൻ.എച്ച്.എമ്മിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ആശാ വർക്കറുമാർക്ക് നാലും അഞ്ചും മാസം കൂടുമ്പോഴാണ് തുച്ഛമായ ശമ്പളം ലഭിക്കുന്നത്. 


അപ്പോൾ അതൊക്കെ ആളുകളെ വെറുതെ പറ്റക്കാൻ പറയുന്നതാണ്. ഭീഷണിയും യോഗം ചേരലുമല്ലാതെ നിലവിൽ ഒന്നും നടക്കുന്നില്ല.

? . സരം ഒത്തുതീർപ്പാക്കാൻ പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയെന്ന് വാർത്തയുണ്ടല്ലോ. എന്തെങ്കിലും പ്രതീക്ഷ 

അതറിയില്ല. കാരണം ഈ സമരം എത്രയും വേഗം തീർക്കണമെന്ന് ആഗ്രഹിക്കുന്ന ആയിരക്കണക്കിനാളുകളും സംഘടനകളും ഇവിടെയുണ്ട്. പൊരിവെയിലത്തും മഴയത്തുമായി 34 ദിവസം പിന്നിടുകയാണ് സമരം. ഇത് പരീക്ഷാകാലമാണ്. 

അമ്മമാരാണ് പ്രധാനമായും കുട്ടികളുടെ പരീക്ഷാ കാലയളവിൽ അവർക്ക് താങ്ങാകേണ്ടത്. കുട്ടികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷകളാണ് പ്ലസ്ടുവും എസ്.എസ്.എൽ.സിയും. നോയമ്പ് കാലമാണ്. 

ഇത്രയും തീക്ഷ്ണമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ ഡിമാന്റുകൾ സർക്കാരിനെ കൊണ്ട് അംഗീകരിപ്പിച്ച് സമരം അവസാനിപ്പിക്കാനുള്ള പരിശ്രമങ്ങൾ പലതും നടക്കുന്നുണ്ട്.

? . സമരത്തോടുള്ള പൊതുസമൂഹത്തിന്റെ പ്രതികരണം എന്താണ് 

ഏറ്റവും താഴേത്തട്ടിൽ ജോലി ചെയ്യുന്ന ആളുകളാണ് ഇവിടെ സമരത്തിന് വരുന്നത്. ഞങ്ങളെ ആരും പിന്തുണച്ച് വരുമെന്ന് പ്രതീക്ഷിച്ചു കൊണ്ടല്ല ഇത് ആരംഭിച്ചത്.

ചില രാഷ്ട്രീയപ്പാർട്ടികളും സംഘടനകളുമൊക്കെ വന്നേക്കാം. അടിസ്ഥാന വർഗങ്ങളുടെ സമരത്തിന് ഇതുവരെ കേരളത്തിൽ പൊതുവെ അങ്ങനെയൊരു പിന്തുണ ഉണ്ടായിട്ടില്ല. 


പക്ഷേ ആദ്യ ദിവസം മുതൽ അദ്ഭുതകരമായ കാഴ്ച്ചയാണ് ഉണ്ടായത്. ഈ സമൂഹത്തിലെ മുഴുവൻ ആളുകളും സമരത്തോട് ഐക്യപ്പെടുകയാണ്. ഐക്യപ്പെടൽ വാക്കുകളിലൂടെ മാത്രമല്ല. അവർ നേരിട്ട് പന്തലിൽ വന്ന് പിന്തുണ അറിയിച്ചിട്ടുണ്ട്. 


ഞങ്ങളോടൊപ്പം സമയം ചിലവഴിക്കുന്നു. ഭക്ഷണപദാർത്ഥങ്ങൾ നൽകുന്നു. ഇപ്പോഴും അത് നടന്നു വരുന്നു. രാത്രി 12 മണിവരെ അതുണ്ടാവും. ആറ്റുകാൽ പൊങ്കലയ്ക്ക് ശേഷം പലയിടത്ത് നിന്നുള്ള നിരവധി പേർ പന്തലിലെത്തിയിരുന്നു. സ്ത്രീകൾ ഈ സമരവുമായി 100 ശതമാനം ഐക്യപ്പെട്ടിട്ടുണ്ട്.

? . സമരം തുടങ്ങി 36 ദിവസങ്ങൾ കഴിഞ്ഞു. ആരോഗ്യമന്ത്രിയുമായുള്ള ചർച്ച അലസുകയും ചെയ്തു. ഒത്ത് തീർപ്പ് ചർച്ചകൾക്കായി മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ശ്രമങ്ങളോ ആശയവിനിമയമോ ഉണ്ടായിട്ടുണ്ടോ

അങ്ങനെ ഒരു ആശയവിനിമയവും നടന്നിട്ടില്ല. ഞങ്ങൾ അതിന് വേണ്ടി ശ്രമിക്കുകയാണ്. ബി.ജെ.പി ഭരിക്കുന്ന സർക്കാരിന് മുമ്പിൽ കർഷകർ സമരം ചെയ്തപ്പോൾ 11 തവണയാണ് ചർച്ചകൾ നടന്നത്. അവിടെ ചർച്ചകൾക്കായി മന്ത്രിമാരടങ്ങുന്ന ഒരു സമിതിയെ നിയോഗിച്ചു. ജനാധിപത്യ രാജ്യത്ത് അനിവാര്യമാണത്. 

ഇതൊരു പിടിവാശിയുടെ പ്രശ്‌നമല്ലല്ലോ. സമരം ചെയ്യുന്നവർ ഉയർത്തുന്ന ന്യായമായ ആവശ്യങ്ങൾ ചർച്ച ചെയ്യേണ്ടതല്ലേ. വളരെ ഫാസിസ്‌റ്റെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബി.ജെ.പി സർക്കാർ പോലും കർഷകർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് സമരം അവസാനിപ്പിച്ചു. 


ധാരാളം രക്തസാക്ഷികൾ ആ സമരത്തിന്റെ ഭാഗമായി ഉണ്ടായി. ഇവിടെ ഇടതുപക്ഷമെന്ന് പറഞ്ഞ് എന്തിനാണ് ഇങ്ങനെ ഇരിക്കുന്നത്. സമരം ചെയ്യുന്നത് സ്ത്രീകളാണ്. ഈ സ്ത്രീകളെ ചേർത്തുവെച്ചിട്ടല്ലേ ഈ സർക്കാർ അധികാരത്തിൽ വന്നത്. 


asha protest 6

ഞങ്ങൾ അധികാരത്തിൽ വന്നാൽ 700 രൂപ ആശവർക്കറുമാർക്ക് നൽകുമെന്ന് പ്രഖ്യാപിച്ചവരാണ് ഇവർ. ആ പണമാണ് ചോദിക്കുന്നത്. കൂടുതലൊന്നും ചോദിച്ചില്ല. മുൻകാലപ്രാബല്യവും ചോദിക്കുന്നില്ല. 

അത് ചോദിക്കുമ്പോൾ ആക്ഷേപിക്കുകയും അവഹേളിക്കുകും അവഗണിക്കുകയും ചെയ്യുന്നത് ജനാധിപത്യ വ്യവസ്ഥിതിയിൽ പറ്റിയ കാര്യങ്ങളല്ല. അതൊക്കെ ഏകാധിപത്യ വ്യവസ്ഥിതിയിൽ മാത്രം പറ്റുന്നതാണ്. അത് നടക്കില്ല.

? . സമരം 5 ആഴ്ചകള്‍ പിന്നിട്ടു കഴിഞ്ഞു. ഇനി ഏത് രീതിയിലായിരിക്കും ഇത് മുന്നോട്ട് കൊണ്ട് പോവുക

തിങ്കള്‍ (മാർച്ച് 17ന്) സെക്രട്ടേറിയറ്റ് ഉപരോധം സംഘടിപ്പിക്കുകയാണ്. ശക്തമായ ഉപരോധ സമരമായിരിക്കുമത്.

കേരളത്തിൽ ഇന്നേവരെ വനിതകൾ അവരുടെ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റ് ഉപരോധിച്ചിട്ടില്ല. അതിന് സെക്രട്ടേറിയറ്റും ചരിത്രവും സാക്ഷ്യം വഹിക്കാൻ പോകുകയാണ്. 


സമരം തുടങ്ങി ഒരു മാസം പിന്നിട്ടപ്പോൾ ദേശീയശ്രദ്ധ ആകർഷിക്കുകയും വേതന വർദ്ധനവ് വേണമെന്ന് കേന്ദ്രമന്ത്രി പാർലമെന്റിൽ അഭിപ്രായപ്പെടുകയും ചെയ്തത് ഞങ്ങളുടെ സമരത്തിന്റെ വിജയമായാണ് കണക്കാക്കപ്പെടുന്നത്. 


രാജ്യത്തിന്റെ തെക്കേയറ്റത്ത് കിടക്കുന്ന ഒരു കൊച്ച് സംസ്ഥാനത്ത് തലസ്ഥാന നഗരിയിൽ വന്ന് നടത്തുന്ന സമരം ഇന്ത്യയിലെ പത്ത് ലക്ഷം ആളുകൾക്ക് പ്രയോജനപ്പെടുമെങ്കിൽ ഇനി മറ്റൊരു ആശ്വാസം വേറെയില്ല. തീർച്ചയായും ഞങ്ങൾ ഉന്നയിച്ചരിക്കുന്ന വാദങ്ങൾ നൂറുശതമാനം ശരിയാണെന്ന് ഉറച്ച് വിശ്വസിക്കുന്നു.