രണ്ടാംഘട്ടത്തിൽ വിധിയെഴുതുന്നത് ഏഴ് ജില്ലകളിലെ 1.53കോടി ജനങ്ങൾ. മത്സര രംഗത്ത് 38994 സ്ഥാനാർത്ഥികൾ. തെക്കൻ ജില്ലകളിപ്പോലെയല്ല അടുത്ത ഘട്ടം. കണ്ണൂരിൽ മാത്രം 1025 പ്രശ്നബാധിത ബൂത്തുകൾ. പുറമെ മാവോയിസ്റ്റ് ഭീഷണിയും. സംഘ‌ർഷം ഒതുക്കാൻ എല്ലാ മുൻകരുതലുമെടുത്ത് പോലീസ്. കണ്ണൂരിൽ മാത്രം 5100 പോലീസ്. 150 സ്പെഷൽ ഓപ്പറേഷൻ ടീമും റെഡി. വടക്കൻ ജില്ലകളിൽ സ്ഥാനാർത്ഥികളേറെയും സത്രീകൾ. ജനവിധിയുടെ രണ്ടാംഘട്ടത്തിന് കാതോർത്ത് കേരളം

New Update
election

തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ വ്യാഴാഴ്ച ഏഴ് ജില്ലകളിലായി വിധിയെഴുതുന്നത് 1.53കോടി ജനങ്ങൾ. 38994 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.

Advertisment

തെക്കൻ ജില്ലകളിൽ നിന്ന് വിരുദ്ധമായി പ്രശ്നബാധിത ബൂത്തുകൾ ഏറെയുള്ള ജില്ലകളിലാണ് രണ്ടാംഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.  


രണ്ടാംഘട്ടത്തിൽ ആകെ 18274 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതിൽ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. തൃശൂർ- 81, പാലക്കാട്- 180, മലപ്പുറം- 295, കോഴിക്കോട്- 166, വയനാട്— 189, കണ്ണൂർ- 1025 , കാസർകോട്- 119 എന്നിങ്ങനെയാണ് കണക്ക്.


 ഏറ്റവും കൂടുതൽ പ്രശ്നബാധിത ബൂത്തുകളുള്ള കണ്ണൂരിൽ സംഘർഷ സാധ്യത മുൻനിർത്തി അയ്യായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. പ്രശ്നബാധിത ബൂത്തുകളിലെല്ലാം വെബ് കാസ്റ്റിങ് സംവിധാനം കെൽട്രോൺ മുഖേന നടപ്പാക്കുന്നുണ്ട്.

vote Untitled.,87.jpg

സിറ്റി പൊലീസിനു കീഴിൽ 602 ബൂത്തുകളും റൂറൽ പൊലീസിനു കീഴിൽ 423 ബൂത്തുകളുമാണുള്ളത്. ഇതിൽ അതീവ പ്രശ്നസാധ്യതയുള്ളതും പ്രശ്നസാധ്യതയുള്ളതുമായ ബൂത്തുകൾ ഉൾപ്പെടുന്നു. തിരഞ്ഞെടുപ്പ് ദിവസം യാതൊരു പ്രശ്നവുമുണ്ടാകാതിരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.


സിറ്റിയിൽ 2500, റൂറലിൽ 2600 എന്നിങ്ങനെയാണ് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചത്. 125 ദ്രുതകർമസേനയേയും ജില്ലയിൽ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ള സ്ഥലങ്ങളിൽ 150 സ്പെഷൽ ഓപ്പറേഷൻ ടീമിനേയും നിയോഗിച്ചു.


പലയിടത്തും സേനകൾ റൂട്ട് മാർച്ച് നടത്തി. കണ്ണൂരിൽ  50 മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളാണുള്ളത്. ഇരിട്ടി പൊലീസ് സബ് ഡിവിഷനിൽ 21 മാവോയിസ്റ്റ് ഭീഷണി ബൂത്തുകളുണ്ട്.

ആറളം, അയ്യൻകുന്ന്, ഉളിക്കൽ പഞ്ചായത്തുകളിലാണ് മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളിൽ ഏറെയും. ഇരിട്ടി പൊലീസ് സബ് ഡിവിഷനിലെ മൂന്നിലൊന്നു ബൂത്തുകൾ പ്രശ്നസാധ്യത ഉള്ളതാണെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

election1-1753738107198-d468b468-bf04-404a-a176-12edfe647a9d

170 ബൂത്തുകളാണ് സബ് ഡിവിഷനിൽ വരുന്നത്. ഇതിൽ 25 ബൂത്തുകൾ  അതീവ പ്രശ്നസാധ്യതയുള്ളതും 10 ബൂത്തുകൾ പ്രശ്നസാധ്യതയുള്ളതുമാണ്. മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ പരിധിയിൽ 80 ശതമാനം ബൂത്തുകളിലും പ്രശ്നസാധ്യത ഉള്ളതാണ്.

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് - 470, ബ്ലോക്ക് പഞ്ചായത്ത് - 77, ജില്ലാ പഞ്ചായത്ത് - 7, മുനിസിപ്പാലിറ്റി - 47, കോർപ്പറേഷൻ - 3) 12391 വാർഡുകളിലേയ്ക്കാണ് (ഗ്രാമ പഞ്ചായത്ത് വാർഡ് - 9015, ബ്ലോക്ക് പഞ്ചായത്ത് വാർഡ് - 1177, ജില്ലാ പഞ്ചായത്ത് വാർഡ് - 182, മുനിസിപ്പാലിറ്റി വാർഡ് - 1829, കോർപ്പറേഷൻ വാർഡ് - 188)   വോട്ടെടുപ്പ് നടക്കുന്നത്.


ആകെ 15337176 വോട്ടർമാരാണ് പട്ടികയിലുള്ളത് (പുരുഷൻമാർ - 7246269, സ്ത്രീകൾ - 8090746, ട്രാൻസ്ജെൻഡർ - 161). 3293 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. ആകെ 38994 സ്ഥാനാർത്ഥികളാണ് (18974 പുരുഷന്മാരും, 20020 സ്ത്രീകളും)  മത്സരിക്കുന്നത്.


ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്ക്  28274 ഉം, ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് 3742 ഉം, ജില്ലാ പഞ്ചായത്തിലേയ്ക്ക് 681 ഉം, മുനിസിപ്പാലിറ്റികളിലേയ്ക്ക് 5546 ഉം, കോർപ്പറേഷനുകളിലേയ്ക്ക് 751 ഉം സ്ഥാനാർത്ഥികളുമാണ് മത്സരരംഗത്തുള്ളത്.

കാൻഡിഡേറ്റ് സെറ്റിങ് കഴിഞ്ഞ 18274 കൺട്രോൾ യൂണിറ്റും 49019 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി തയ്യാറായി കഴിഞ്ഞു. 2631 കൺട്രോൾ യൂണിറ്റും 6943 ബാലറ്റ് യൂണിറ്റും റിസർവ്വായി കരുതിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Advertisment