ആദ്യഘട്ടത്തില്‍ മികച്ച പോളിങ്, 70 ശതമാനം കടന്നു. എറണാകുളം മുന്‍പന്തിയില്‍, പിന്നില്‍ തിരുവനന്തപുരം

New Update
1000377879

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകള്‍ കനത്ത പോളിങ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ പോളിങ് ശതമാനം 70 കടന്നിരിക്കുകയാണ്. പോളിങ് സമയം കഴിഞ്ഞെങ്കിലും ആറുമണിക്ക് മുന്‍പ് ക്യൂവില്‍ നിന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കി.

Advertisment

ഒടുവില്‍ ലഭിച്ച വിവരം അനുസരിച്ച് എറണാകുളത്താണ് ഉയര്‍ന്ന പോളിങ്. 73.16 ശതമാനം. കുറവ് തിരുവനന്തപുരത്താണ്. 65.74 ശതമാനം. അങ്ങിങ്ങ് നേരിയ സംഘര്‍ഷങ്ങള്‍ ഉണ്ടായത് ഒഴിച്ചുനിര്‍ത്തിയാല്‍ പോളിങ് പൊതുവെ സമാധാനപരമായിരുന്നു. 

ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഗവ. ഹൈസ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ പേര് തെളിയാത്തതിനെ തുടര്‍ന്ന് വോട്ടിങ് നിര്‍ത്തിവച്ചു. ബിഎസ്പിയുടെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി ഷൈലജയുടെ പേരാണ് തെളിയാതിരുന്നത്. റീപോളിങ് വേണമെന്ന് ബിഎസ്പി ആവശ്യപ്പെട്ടു. 

തിരുവനന്തപുരത്ത് വോട്ട് ചെയ്യാനെത്തിയ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. തിരുവല്ലം വാര്‍ഡില്‍ പാച്ചല്ലൂര്‍ സ്‌കൂളില്‍ ബൂത്ത് നമ്പര്‍ 6ല്‍ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ശാന്ത (73) എന്ന വോട്ടറാണ് വരിയില്‍ നില്‍ക്കവേ കുഴഞ്ഞുവീണത്.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. മലയോര മേഖലയിലടക്കം കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 

മൂന്ന് കോര്‍പ്പറേഷനുകള്‍, 39 മുന്‍സിപ്പാലിറ്റികള്‍, ഏഴ് ജില്ലാ പഞ്ചായത്തുകള്‍, 75 ബ്ലോക്ക് പഞ്ചായത്തുകള്‍, 471 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കാണ് ഇന്ന് ജനവിധി. 11168 വാര്‍ഡുകളിലേയ്ക്കാണ് തെരഞ്ഞെടുപ്പ്.

Advertisment