/sathyam/media/media_files/17bwHsKGSnW9MWNbkw7X.jpg)
ആലപ്പുഴ: പുന്നപ്രയില്‍ ഏകവീര എന്ന പേരിൽ കളരി അക്കാദമി ആരംഭിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു അക്കാദമി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ ഗിന്നസ് വിവേക് സ്വാഗതം ആശംസിച്ചു. ഗിന്നസ് ലോക റെക്കോർഡ് ജേതാവ് ഹരികൃഷ്ണനാണ് കളരിയുടെ സ്ഥാപകൻ. ജമ്മു കാശ്മീർ, ഡൽഹി, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പരിശീലനത്തിനായി കളരിയിൽ എത്തിയിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് താമസിച്ച് പരിശീലിക്കാനുള്ള സൗകര്യവും കളരിയിൽ ലഭ്യമാണ്. ഏകവീര കളരിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുബന്ധമായി 22ൽ അധികം കളരികൾ പ്രവർത്തിക്കുന്നുണ്ട്. പ്രശസ്ത കളരി ആശാൻ ഹരി ചമ്പക്കരയാണ് യഥാവിധിയുള്ള കളരിയുടെ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
കളരി പരിശീലകനായ വിഷ്ണുവാണ് അക്കാദമിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ബിന്ദു അമ്പാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ സുധീഷ്, അനീഷ് കുര്യൻ എന്നിവർ സംബന്ധിച്ചു. ഹരികൃഷ്ണൻ ഗിന്നസ് വേൾഡ് റെക്കോർഡ്, ലിംക ബുക്ക് ഓഫ് റെക്കോർഡ് തുടങ്ങി നിരവധി റെക്കോർഡുകൾക്ക് ഉടമയാണ്. പുതുതായി റിലീസ് ചെയ്യുന്ന മോഹൻലാൽ നായകനായി അഭിനയിക്കുന്ന 'മലൈക്കോട്ടൈ വാലിബൻ' എന്ന സിനിമയിൽ പ്രധാന വേഷത്തിൽ ഹരികൃഷ്ണൻ എത്തുന്നുണ്ട്.
ഏകവീര കളരിപ്പയറ്റ് അക്കാഡമിയിലെ മുൻ വിദ്യാർത്ഥി സ്ഥാപിച്ച 30 മിനിറ്റിൽ 422 ബാക്ക് ഹാൻഡ് വാക് ഓവർ എന്ന റെക്കോർഡ് തിരുത്തി 603 ആക്കിയ ബിലഹരി ബി ഗോപാൽ പുതിയ റെക്കോർഡ് കരസ്ഥമാക്കി. അറേബ്യൻ വേൾഡ് റെക്കോർഡ് നേടിയ ബിലഹരിക്ക് ചടങ്ങിൽ വെച്ച് വി.ജി വിഷ്ണു റെക്കോർഡ് കൈമാറി.
വിപുലമായ സൗകര്യങ്ങളോടെയുള്ള ഈ കളരി ആലപ്പുഴയ്ക്ക് അഭിമാനമായി മാറുമെന്ന് ഉദ്ഘാടനം ചെയ്തു ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us