ആലപ്പുഴയിലെ ശിശുദിനാഘോഷത്തില്‍ സഹോദരിമാരായ അർപ്പിതയും അനാമികയും കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിഡന്‍റ് പദങ്ങൾ അലങ്കരിക്കും

author-image
കെ. നാസര്‍
New Update
arpitha anamika

ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ജില്ലാ ശിശുക്ഷേമസമിതി നടത്തിയ പ്രസംഗ മത്സരത്തില്‍ എല്‍പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച് കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട അര്‍പ്പിത ആര്‍ പിള്ളയും യുപി വിഭാഗം ഒന്നാം സ്ഥാനം ലഭിച്ച് കുട്ടികളുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട അനാമിക ആര്‍ പിള്ളയും.

ആലപ്പുഴ: ആലപ്പുഴയിലെ ഇത്തവണത്തെ ശിശുദിനാഘോഷത്തിൽ സഹോദരിമാർ കുട്ടികളുടെ പ്രധാനമന്ത്രിയും പ്രസിഡന്റും ആവും.  പി.എൻ പണിക്കർ സ്മാരക ഗവൺമെന്റ് എൽപി സ്കൂൾ അമ്പലപ്പുഴയിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി അർപ്പിത ആർ.പിള്ള കുട്ടികളുടെ പ്രധാനമന്ത്രി ആകും. ജില്ല ശിശുക്ഷേമ സമിതി നടത്തിയ പ്രസംഗ മത്സരത്തിൽ എൽ.പി വിഭാഗം വിജയിയാണ് 14 ന് നടക്കുന്ന ശിശുദിന റാലിക്ക് നേതൃത്വം നൽകുന്നത്. 

Advertisment

ശിശുദിന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും കുട്ടികളുടെ പ്രധാനമന്ത്രിയാണ്. കുട്ടികളുടെ പ്രസിഡന്റായി ആയി അമ്പലപ്പുഴ ഗവൺമെന്റ് മോഡൽ എച്ച്എസ്എസ് ആറാം ക്ലാസ് വിദ്യാർത്ഥിനി  അനാമിക ആർ പിള്ളയെ തിരഞ്ഞെടുത്തു. ശിശുദിന ആഘോഷ പരിപാടിയിൽ അനാമിക അധ്യക്ഷത വഹിക്കും.

പ്രസംഗ മത്സരത്തിൽ യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് അനാമിക പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. അർപ്പിതയുടെ സഹോദരിയാണ് അനാമിക. അമ്പലപ്പുഴ കരുമാടി നായിൻകണപറമ്പ് വീട്ടിൽ അമൃത ടിവി ജില്ലാ ലേഖകൻ എ.വി രാജേഷിന്റെയും എച്ച്ഡിഎഫ്സി കളർകോട് ശാഖയിലെ ജീവനക്കാരി ശാലിനി മേനോന്റെയും മക്കളാണ് ഇരുവരും. 

അർപ്പിത നേരത്തെ സ്കൂൾ യുവജനോത്സവത്തിൽ എൽപി വിഭാഗത്തിൽ പദ്യപാരായണം, ലളിതഗാനം,  മാപ്പിളപ്പാട്ട് എന്നീ ഇനങ്ങളിലും ഒന്നാം സ്ഥാനം  കരസ്ഥമാക്കിയിട്ടുണ്ട്. അനാമിക സ്കൂൾ യുവജനോത്സവം യുപി വിഭാഗത്തിൽ പദ്യപാരായണം, ലളിതഗാനം, മാപ്പിളപ്പാട്ട്, തിരുവാതിര മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. ശിശുക്ഷേമ സമിതി നടത്തിയ ലളിതഗാന മത്സരത്തിലും ഇരുവരും എൽപി, യുപി, വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

Advertisment