ആലപ്പുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മെഡിക്കൽ അദ്ധ്യാപക സർവീസ് സംഘടനയായ കെജിഎംസിടിഎ പ്രതിഷേധത്തിലേക്ക്. 2016-ൽ ഇറങ്ങേണ്ട ശമ്പള പരിഷ്കരണ ഉത്തരവ് നാലുവർഷം വൈകി 2020 സെപ്റ്റംബറിലാണ് നിലവിൽ വന്നത്. അതിൽ തന്നെ എൻട്രി കേഡർ ഡോക്ടർമാരുടെ ശമ്പളത്തിൽ വന്ന കുറവ് പരിഹരിക്കുക, അസിസ്റ്റൻറ് പ്രൊഫസറിൽ നിന്നും അസോസിയേറ്റിലേക്കുള്ള പ്രമോഷൻ കാലാവധി ഏഴുവർഷത്തിൽ നിന്ന് എട്ട് ആക്കിയത് തിരുത്തുക, പേ ലെവല്‍ 14, 15 അപാകത പരിഹരിക്കുക, പെൻഷനിലെ അപാകത പരിഹരിക്കുക, മുടങ്ങിക്കിടക്കുന്ന ശമ്പള കുടിശ്ശിക ഉടൻ അനുവദിക്കുക, മികച്ച ചികിത്സ നൽകാൻ ആവശ്യമായ സ്റ്റാഫ് പാറ്റേൺ പരിഷ്കരിച്ച് രോഗിബാഹുലൃം അനുസരിച്ച് മെഡിക്കൽ അദ്ധ്യാപക-അനദ്ധ്യാപക (നഴ്സിങ്ങ്) സൃഷ്ടിക്കുക, പ്രാഥമികമായും ഒരു വൈദ്യ അധ്യയന സ്ഥാപനമായ മെഡിക്കൽ കോളേജ് അതിൻറെ അന്തസ്സോടെ നിലനിർത്തുക, മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് വിഐപി ഡ്യൂട്ടി, പുറത്തുള്ള ഡ്യൂട്ടി തുടങ്ങിയവ ഒഴിവാക്കുക, മുടങ്ങിക്കിടക്കുന്ന ക്ഷാമബത്ത കുടിശ്ശിക ഉടൻ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെജിഎംസിടിഎ പ്രതിഷേധത്തിനൊരുങ്ങുന്നത്.
ബന്ധപ്പെട്ട മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും പലവട്ടം കണ്ട് തങ്ങളുടെ ആവശ്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചു കഴിഞ്ഞിട്ടും കൃത്യമായ ഇടപെടല്‍ ഇല്ലാത്ത സാഹചര്യത്തിൽ കെജിഎംസിടിഎ വിവിധ പ്രതിഷേധ പരിപാടികൾ തുടങ്ങാൻ നിർബന്ധിതരായിരിക്കുകയാണ്.
നവംബർ 10 വെള്ളിയാഴ്ച കരിദിനം ആചരിക്കാനും നവംബർ 21 ചൊവ്വാഴ്ച എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും ഡിഎംഇ ഓഫീസിലും ധർണ്ണ നടത്താനും തുടർന്നും അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ ഡിസംബർ 1 മുതൽ ചട്ടപ്പടി സമരത്തിനും തീരുമാനമായി.
സമരം പൊതുജനങ്ങള്‍ക്കും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും എതിരെയുള്ളതല്ലെന്നും മികച്ച അധ്യയന-രോഗീപരിചരണ സംവിധാനങ്ങള്‍ നേടിയെടുക്കുന്നതിനാണെന്നും ഭാരവാഹികള്‍ അറിയിച്ചു.