അനിസാമിന്റെ ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയ വൻ വിജയം. കാവേരി ആശുപത്രിയിൽ നിന്ന് അനിസാം ഡിസ്ചാർജ് ആയി

author-image
ഇ.എം റഷീദ്
Updated On
New Update
lungs replacement surgery

കായംകുളം: ഒരു നാടിന്റെ ഉൾത്തുടിപ്പുകളേറ്റുവാങ്ങിയും സാംസ്കാരിക മൂല്യങ്ങളും സാഹോദര്യവും വിളിച്ചോതിയും വൈദ്യ ശാസ്ത്രം അത്യപൂർവ്വമെന്നു പറഞ്ഞും അപൂർവ ശസ്ത്രക്രിയയ്ക്ക് വിധേയനായ കായംകുളം കളീക്കൽ അബ്ദുൽ സലീമിന്റെ മകൻ അനിസാമിന്റെ ശസ്ത്രക്രിയ വിജയകരമായി. ചെന്നെ കാവേരി ആശുപത്രിയിൽ നിന്ന് അനിസാമിനെ ഡിസ്ചാർജ് ചെയ്തു. 

Advertisment

ശ്വാസകോശം പൂർണ്ണമായും മാറ്റി വെക്കുന്ന ശസ്ത്രക്രിയ ഇന്ത്യയിൽ  അപൂർവ്വമാണ്. ചെന്നെ കാവേരി ആശുപത്രിയിൽ അനിസാമിന്റെ ശ്വാസകോശം പൂർണമായും മാറ്റിവെച്ചിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞു ആഴ്ച കളോളം വെന്റിലേറ്ററിലും പിന്നീട് ഐസിയുവിലും ആയിരുന്നു. 

അതിന് ശേഷം ഫിസിയോ തെറാപ്പി അടക്കമുള്ള ചികിത്സകളും പൂർത്തിയായി. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ശസ്ത്രക്രിയ്ക്ക് നേതൃത്വം കൊടുത്ത ഡോക്ടർമാരും അറിയിച്ചു.

ആശുപത്രിയിൽ നിന്ന് അനിസാം ഇന്ന് ഡിസ്ചാർജ് ആയി. ഇനി മൂന്ന് മാസം ആശുപത്രിയിക്കു പുറത്തു നിരീക്ഷണത്തിലാണ്. അതിനു ശേഷമാണ് കായംകുളത്തേക്ക് വരുന്നത്. താമസത്തിനായ് ചെന്നൈയിൽ ഒരു വീട് വാടകക്ക് എടുത്തിരുന്നു.

ഏകദേശം ഒന്നര കോടി രൂപയോളം ചിലവ് വന്ന സർജറിക്ക് ആവശ്യമായ പണം കണ്ടെത്താൻ ഒരു നാട് ഒന്നിച്ചിരുന്നത് ഏറെ വാർത്ത പ്രാധാന്യം നേടിയിരുന്നു.
പത്തിയൂർ ഫാർമേഴ്‌സ് ബാങ്ക് ഉദ്യോഗസ്ഥനായ അനിസാം അഞ്ച് വർഷമായി ഓക്സിജൻ സിലണ്ടറിന്റെ സഹായത്താൽ ആണ് കഴിഞ്ഞുവന്നത്. 

രോഗം മൂർച്ഛിച്ചപ്പോൾ ഭാര്യ ഉപേക്ഷിച്ചു പോയതും സാമ്പത്തിക പിന്നാക്കവും  ഭീമമായ ചികിത്സ ചിലവുകളും  അനിസാമിനെ ഏറെ വേദനിപ്പിച്ചുവെങ്കിലും കുറുങ്ങാട് ജുമാ മസ്ജിദ് പ്രസിഡന്റ് ഷംസുദ്ധീൻ പാപ്പാടിയിൽ, മുൻ  കൗൺസിലർ  അബ്ദുൽ ജലീൽ വാളക്കോട്ട്,  ലിയാക്കത്ത് പറമ്പി, ഷിബു തുടങ്ങിയവർ മുൻ കൈഎടുത്തു അനിസാം ചികിത്സ സഹായ പദ്ധതി രൂപീകരിച്ചത് അനിസാമിന്റെ കുടുംബത്തിന് വലിയ ആശ്വാസമായി. 

നിശ്ചയദാർഢ്യവും മനക്കരുത്തും നാട്ടുകാർ സ്വരൂപ്പിച്ച ചികിത്സ സഹായവും അനുയോജ്യമായ ശ്വാസകോശം യഥാ സമയത്ത് ലഭ്യമായതുമെല്ലാം അനിസാമിന്റെ
ചികിത്സക്കും ശസ്ത്രക്രിയക്കും ഏറെ ഗുണകരമായി എന്നുവേണം കരുതാൻ. 

മൂന്നു മാസം കൂടി കഴിഞ്ഞാൽ കായംകുളത്ത് മടങ്ങി എത്തി, തന്നെ സഹായിച്ചവരോട് നേരിട്ട് നന്ദി പറയണം എന്നാണ് അനിസാമിന്റെ ആഗ്രഹം. അതിനായ്  നാടും നാട്ടുകാരും കാത്തിരിക്കുന്നു. അനിസാമിന്റെ പുഞ്ചിരി വീണ്ടും കാണാൻ...

റിപ്പോര്‍ട്ട്: നിസാർ പൊന്നാരത്ത്

Advertisment