സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ രാജിവെച്ചുവെന്ന വാർത്ത സത്യവിരുദ്ധം

author-image
ഇ.എം റഷീദ്
New Update
CPIM

കായംകുളം: സിപിഐഎമ്മിൽ വിഭാഗീയത. മൂന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് നൽകിയെന്ന നിലയിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്ത തികച്ചും സത്യ വിരുദ്ധവും, കെട്ടിച്ചമച്ചതുമാണെന്ന് സിപിഐ(എം) കായംകുളം ഏരിയ കമ്മിറ്റി പ്രസ്താവനയിലൂടെ പറഞ്ഞു.

Advertisment

പാർട്ടി വിരുദ്ധ ശക്തികൾ ഏതോ കേന്ദ്രത്തിൽ ഇരുന്ന് തയ്യാറാക്കിയ വാർത്തകളാണിതെന്ന് വ്യക്തമാണ്. കായംകുളത്തെ പാർട്ടിയിൽ വിഭാഗീയതയുണ്ടെന്ന് വരുത്തി ജനമധ്യത്തിൽ പാർട്ടിയെ മോശപ്പെടുത്തുന്നതിനും, ദുർബലപ്പെടുത്തുന്നതിനും വേണ്ടിയാണ് ബോധപൂർവ്വം ഇത്തരം വാർത്തകൾ സൃഷ്ടിക്കുന്നത്.

പുതിയവിള, പത്തിയൂർ, പെരിങ്ങാല ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ ഇപ്പോഴും കഴിഞ്ഞ ലോക്കൽ സമ്മേളനം തിരഞ്ഞെടുത്തവർ തന്നെയാണ്. രാജിവെക്കേണ്ട കാര്യം ഒന്നും തന്നെ ഇവിടങ്ങളിൽ ഇല്ല. സിപിഐഎമ്മിൽ ഇത്തരം രാജിയും ഇല്ല. പെരിങ്ങാലയിൽ സുരേഷ് ബാബു എന്നൊരാൾ എൽ. സി സെക്രട്ടറിയുമല്ല.

കഴിഞ്ഞ ആഴ്ചയിൽ 4 ഏരിയ കമ്മിറ്റി അംഗങ്ങൾ രാജിവെച്ചു എന്ന നിലയിൽ ഈ കൂട്ടർ ഒരു വാർത്ത കൊടുത്തു. കണ്ടല്ലൂർ ബാങ്കുമായി ബന്ധപ്പെട്ട് നിരവധി പേർ രാജിവെച്ചു എന്ന വാർത്ത കൊടുത്തു. കായംകുളം റേഞ്ച് മദ്യ വ്യവസായ തൊഴിലാളി യൂണിയൻ (CITU)ൽ നിന്നും 25 തൊഴിലാളികൾ രാജിവെച്ചു എന്ന് പറഞ്ഞ് വാർത്ത കൊടുത്തു.

ഒരു തൊഴിലാളി പോലും സിഐടിയു യൂണിയൻ വിട്ടു പോകേണ്ട യാതൊരു സാഹചര്യവും ഉണ്ടായിട്ടില്ല. കായംകുളത്തെ പാർട്ടിയിൽ യാതൊരു വിഭാഗീയത പ്രവർത്തനവും നടക്കുന്നില്ല. വിഭാഗീയ ചേരിതിരിവും ഇല്ല. പാർട്ടിയിൽ ഏതെങ്കിലും തരത്തിൽ തെറ്റായ സമീപനം ഉണ്ടായാൽ അത് ചർച്ച ചെയ്യുകയും, തെറ്റ് തിരുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും. ഈ കാര്യത്തിൽ ഒന്നും പാർട്ടി വിയോജിപ്പുകൾ ഉണ്ടാകാറില്ല.

വസ്തുത ഇതായിരിക്കെ കായംകുളത്തെ സിപിഐ(എം)ന് എതിരെ നിരന്തരം സത്യ വിരുദ്ധ വാർത്തകൾ സൃഷ്ടിച്ചു വിടുന്നതിനെ ജനങ്ങൾ പുച്ഛത്തോടെ തള്ളിക്കളയണമെന്ന് സിപിഐ(എം) ഏരിയ സെക്രട്ടറി പി.അരവിന്ദാക്ഷൻ പ്രസ്താവനയിൽ പറഞ്ഞു.

Advertisment