കൊച്ചി: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമെങ്കില്‍ നിപ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് ആരോഗ്യ വകുപ്പിനോട് ഹൈക്കോടതി. കോഴിക്കോട് നിപ വൈറസ് ബാധ തുടരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. നിപ ബാധയുടെ പശ്ചാത്തലത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം തേടി ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ദേവസ്വം ബെഞ്ചിന്റെ നടപടി.
ഹര്‍ജിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉള്‍പ്പടെയുള്ള എതിര്‍കക്ഷികളോട് വിശദീകരണം തേടി. ആകെ 34,840 പേരാണ് കന്നിമാസ പൂജ സമയത്ത് ശബരിമല പ്രവേശനത്തിന് വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തതെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. വൈറസ് ബാധിതരുമായി ബന്ധപ്പെട്ടവരെയെല്ലാം തിരിച്ചറിഞ്ഞു. ഇവരെല്ലാം നിരീക്ഷണത്തിലും ക്വാറന്റൈനിലുമാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
നിപ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ പ്രദേശങ്ങള്‍ കണ്ടെന്‍മെന്റ് സോണ്‍ ആയി നിശ്ചയിച്ചിട്ടുണ്ടെന്നും ഇവിടെ നിന്നുള്ളവര്‍ക്ക് പുറത്തേക്ക് പോകാനാവില്ലെന്നും ആരോഗ്യ വകുപ്പിന് വേണ്ടി ഹാജരായ സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. കന്നിമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കുകയാണ്. 17 മുതല്‍ 22 വരെയാണ് ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം. 22ന് നടയടക്കും. ഈ സമയത്ത് എത്തുന്ന ഭക്തരുടെ ആരോഗ്യ സുരക്ഷ കണക്കിലെുത്താണ് ഹൈക്കോടതിയുടെ നടപടി. സ്വമേധയാ സ്വീകരിച്ച ഹര്‍ജി സര്‍ക്കാരിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും വിശദീകരണത്തെ തുടര്‍ന്ന് തീര്‍പ്പാക്കി.