കൊച്ചി: കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ മുമ്പ് പരീക്ഷണ സ്ഫോടനങ്ങള്‍ നടത്തിയതായി അന്വേഷണ സംഘം. ഇന്റര്‍നെറ്റ് വഴിയാണ് ബോംബ് ഉണ്ടാക്കാന്‍ പഠിച്ചത് എന്ന് മാര്‍ട്ടിന്‍ മൊഴി നല്‍കിയതായും അന്വേഷണ സംഘം വ്യക്തമാക്കി.
പരീക്ഷണ സ്ഫോടനം നടത്താന്‍ ഐഇഡി ആണ് തെരഞ്ഞെടുത്തത്. ഇവയുടെ പ്രവര്‍ത്തനം അറിയാന്‍ പലവട്ടം പലയിടങ്ങളിലായി ശേഷി കുറഞ്ഞ ചെറു സ്ഫോടനങ്ങളാണ് പരീക്ഷിച്ചത്.
തുടര്‍ന്നാണ് ആളപായം ഉണ്ടാക്കുംവിധം ബോംബുകള്‍ നിര്‍മിച്ച് കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചതെന്നും പ്രതി മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.
ബോംബ് ഉണ്ടാക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ പ്രതിയുടെ അത്താണിയിലെ ഫ്ലാറ്റില്‍ നിന്ന് കണ്ടെത്തിയിരുന്നു. കൊടകര പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലായിരുന്ന, പ്രതിയുടെ സ്‌കൂട്ടറില്‍ നിന്ന് സ്ഫോടനം നടത്താന്‍ ഉപയോഗിച്ച റിമോട്ടുകളും ലഭിച്ചു. ബോംബ് നിര്‍മിക്കാന്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങിയ പാലാരിവട്ടത്തെ കടകളിലും തെളിവെടുത്തിരുന്നു.
ഞായറാഴ്ച ഡിസിപി എസ് ശശിധരന്റെ നേതൃത്വത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്തി. തിങ്കളാഴ്ച പ്രതി പെട്രോള്‍ വാങ്ങിയ പമ്പുകളില്‍ തെളിവെടുക്കും.