വിവരാവകാശ ദേശിയ സെമിനാര്‍ ചാവറ കള്‍ച്ചറല്‍ സെന്‍ററില്‍ സംഘടിപ്പിച്ചു; വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടിയല്ല മറിച്ച് വിവരമാണ് ലഭിക്കേണ്ടത് - സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.അബ്ദുള്‍ ഹക്കീം

author-image
ഇ.എം റഷീദ്
New Update
information commissin seminar

കൊച്ചി: വിവരാവകാശ നിയമ പ്രകാരം ലഭിക്കുന്ന അപേക്ഷകളില്‍ അപേക്ഷകന് മറുപടി അല്ല മറിച്ച് വ്യക്തമായ വിവരമാണ് ലഭിക്കേണ്ടതെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.അബ്ദുള്‍ ഹക്കീം പറഞ്ഞു. വിവരാവകാശ നിയമത്തിന്റെ 19-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിവരാവകാശ നിയമം എന്ത്, എന്തിന്, എങ്ങനെ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ പൂര്‍ണ്ണവും വ്യക്തവുമായ വിവരങ്ങള്‍ അപേക്ഷകര്‍ക്ക് നല്‍കണം. അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ വിവരം നല്‍കിയാല്‍ മതിയെന്ന നിലപാട് ശരിയല്ല. 5 ദിവസത്തിനുള്ളിലോ അപ്പോള്‍ തന്നെയോ വിവരം നല്‍കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭരണരംഗത്ത് സുതാര്യത, വിശ്വസ്തത ഉറപ്പാക്കുക, അഴിമതി ഇല്ലാതാക്കുക, ജനങ്ങളോടുള്ള ഉത്തരവാദിത്വം വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വിവരാവകാശ നിയമം നടപ്പിലാക്കുന്നത്. ജനങ്ങളെ പ്രതിനിധീകരിക്കുന്ന എല്ലാവരും ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ബാധ്യസ്ഥരാണ്.  

വിവരാവകാശ നിയമം കൃത്യമായി നടപ്പിലാക്കിയില്ലെങ്കില്‍ കൃത്യമായ നിയമ നടപടി നേരിടേണ്ടി വരും. അപേക്ഷകന് വിവരം നല്‍കുന്നതിന് പകരം എങ്ങനെ നല്‍കാതിരിക്കാം എന്നതിലാണ് പല ഉദ്യോഗസ്ഥരും ശ്രമിക്കുന്നത്. 

വിവരം നല്‍കുന്ന ഓഫീസറുടെയും അധികാരിയുടെയും  പേര്, തസ്തിക, ഔദ്യോഗിക വിലാസം ഉള്‍പ്പെടെയുള്ള കൃത്യമായ വിവരങ്ങള്‍ നല്‍കണം. ലഭ്യമല്ല, ബാധകമല്ല, സൂക്ഷിച്ചിട്ടില്ല തുടങ്ങിയ മറുപടികള്‍ നല്‍കുന്നത് നിയമപ്രകാരം ചിലപ്പോള്‍ ശിക്ഷാ നടപടികള്‍ക്ക് കാരണമാകുമെന്നും വിവരാവകാശ കമ്മീഷണര്‍ പറഞ്ഞു.

information commission semimar-2.

ജനാധിപത്യ രാജ്യമാണ് നമ്മുടേത് എങ്കിലും ഭരണനിര്‍വഹണ കാര്യത്തില്‍ ജനങ്ങള്‍ ഇല്ല എന്ന് തന്നെ വേണം പറയാന്‍. എന്നാല്‍ വിവരാവകാശ നിയമത്തിലൂടെ ജനങ്ങള്‍ക്ക് ഭരണ നിര്‍വഹണ കാര്യത്തിലേക്ക് ഇറങ്ങിച്ചെന്ന് കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കുന്നു എന്നും കമ്മീഷണര്‍ പറഞ്ഞു.

എന്താണ് വിവരാവകാശ നിയമം, വിവരാവകാശ നിയമത്തിലൂടെ ജനങ്ങള്‍ക്ക് എന്തെല്ലാം കാര്യങ്ങള്‍ ലഭ്യമാകുന്നു, ഏതെല്ലാം രേഖകള്‍ വിവരാവകാശ നിയമത്തിലൂടെ ലഭിക്കും, ഏതെല്ലാം രേഖകള്‍ ലഭിക്കില്ല, അപേക്ഷ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, അതിന് ലഭിക്കേണ്ട മറുപടി സമയം, അപേക്ഷയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളെ സംബന്ധിച്ച് സെമിനാറില്‍ വിവരാവകാശ കമ്മീഷണര്‍ വിശദീകരിച്ചു. തുടര്‍ന്ന് സംശയങ്ങള്‍ ചോദിക്കാനും ഉത്തരങ്ങള്‍ നല്‍കുന്നതിനുള്ള ചോദ്യോത്തര പരിപാടിയും സംഘടിപ്പിച്ചു.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വസന്തം എന്ന് വിശേഷിക്കപ്പെട്ട വിവരാവകാശ നിയമത്തിന്റെ 19-ാം പിറന്നാളിനോടനുബന്ധിച്ച് ആര്‍ ടി ഐ, കേരള ഫെഡറേഷന്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍, ആന്റി കറപ്ഷന്‍ പ്യൂപ്പിള്‍സ് മൂവ്‌മെന്റ്, തേവര എസ്.എച്ച് കോളേജ്, കേരള മീഡിയ അക്കാദമി എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് അഡ്വ.ഡി.ബി ബിനു അധ്യക്ഷത വഹിച്ചു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ്, സുപ്രീംകോടതി അഭിഭാഷകന്‍ ജോസ് എബ്രഹാം, ആർ.ടി .ഐ. ബനിഫിഷറീസ് ഫെഡറേഷൻ പ്രസിഡൻറ് ഐ. ഷിഹാബുദീൻ,അഡ്വ. ശശി കിഴക്കട എന്നിവര്‍ സംസാരിച്ചു.

Advertisment