Advertisment

മമ്മൂട്ടിയും ഗാന്ധിഭവനും കൈകോർത്തു; ദുരിതക്കടലിൽനിന്നും ശ്രീജക്ക് മോചനം

New Update
 mammootty charity

കാലടി: ദുരിത ജീവിതം നയിച്ച ശ്രീജയ്ക്ക് കൈത്താങ്ങായി നടൻ മമ്മുട്ടിയും പത്തനാപുരം ഗാന്ധി ഭവനും. ശ്രീജയെ ഏറ്റെടുത്തിരിക്കുകയാണ് ഇവർ. ശ്രീജയെ ഗാന്ധിഭവനിലേക്ക് മാറ്റി. 

Advertisment

ഗാന്ധി ഭവൻ വൈസ് ചെയർമാൻ പി.എസ് അമൽ രാജ്, പേഴ്സണൽ ചീഫ് മാനേജർ കെ. സാബു, നേഴ്സ് ബീന ഷാജഹാൻ എന്നിവർ കാലടിയിൽ എത്തിയാണ് ശ്രീജയെ ഗാന്ധി ഭവനിലേക്ക് കൊണ്ടു പോയത്. 

മമ്മുട്ടിയുടെ നേതൃത്തിൽ പ്രവർത്തിക്കുന്ന കെയർ ആൻറ് ഷെയർ ഇൻ്റർനാഷ്ണൽ ഫൗണ്ടേഷൻ മാനേജിങ്ങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, എൽ എഫ് ഹോസ്പിറ്റൽ അസിസ്റ്റൻ്റ് ഡയരക്ടർ ഫാ.വർഗീസ് പാലാട്ടി, ഡി.വൈ.എസ്.പി ജെ. കുര്യാക്കോസ്, ബാബു തോട്ടുങ്ങൽ എന്നിവർ ശ്രീജയുടെ വീട്ടിലെത്തി ശ്രീജയെ ഗാന്ധിഭവനിലേക്ക് യാത്രയാക്കി. 

കാഞ്ഞൂർ തിരുനാരായണപുരം മാവേലി വീട്ടിൽ പരേതനായ കുട്ടപ്പന്റെയും അമ്മിണിയുടെയും 3 പെൺമക്കളിൽ രണ്ടാമത്തെയാളാണ് ശ്രീജ (37). ശ്രീജയ്ക്ക് ജന്മനാൽ ഒരു കണ്ണിന് കാഴ്ചയില്ല. 9-ാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ണിലേക്കുള്ള ഞരമ്പ് ദ്രവിച്ച് അടുത്ത കണ്ണിനും കാഴ്ച പോയി. ഇതോടെ പഠനം നിലച്ചു. നിർധന കുടുംബം ആയതിനാൽ കാര്യമായ ചികിത്സ നടന്നില്ല. 

ശ്രീജയ്ക്ക് ഇടയ്ക്ക് കണ്ണുകൾക്കു വേദന വരും. വേദന സഹിക്കാൻ കഴിയാതെ ഉറക്കെ കരയും. ഒന്നും ചെയ്യാൻ കഴിയാതെ അമ്മിണി അടുത്തിരുന്ന് നിശ്ശബ്ദമായി കരയും. ഇവരുടെ അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ മമ്മുട്ടി ശ്രീജയുടെ ചികത്സ ഏറ്റെടുക്കാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. 

mammoottay charity-2

കണ്ണിന് കാഴ്ച്ച ലഭിക്കുമോ എന്നറിയാൻ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രി അധികൃതരോട് പരിശോധന നടത്തുവാൻ മമ്മുട്ടി ആവശ്യപ്പെട്ടു. എന്നാൽ ആശുപത്രിയിൽ നടത്തിയ വിദഗ്ദ്ധ പരിശോധനയിൽ ശ്രീജയുടെ കണ്ണുകൾക്ക് കാഴ്ച്ച ലഭിക്കില്ലെന്ന് മനസിലായി. 

ശ്രീജയുടെ ദുരവസ്ഥയുടെ കൂടുതൽ ആഴം മനസ്സിലാക്കിയ മമ്മൂട്ടി തങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് കെയർ ആൻഡ് ഷെയർ ചെയർമാൻ കെ മുരളീധരനുമായി ചർച്ച നടത്തി. ഗാന്ധി ഭവൻ രക്ഷാധികാരി കൂടിയായ മുരളീധരൻ ഗാന്ധിഭവൻ ചെയർമാൻ സോമരാജനുമായി ഉടൻ സംസാരിക്കുകകയും ശ്രീജയെ ഏറ്റെടുക്കാൻ തീരുമാനിക്കുകയും ആയിരുന്നു. 

ശ്രീജയുടെ പിതാവ് കുട്ടപ്പൻ തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. 20 വർഷം മുൻപ് തെങ്ങിൽ നിന്നു വീണു. 5 വർഷത്തോളം ചലനമറ്റു കിടന്നതിനു ശേഷം മരിച്ചു. 

അമ്മിണിക്ക് പല വിധ അസുഖങ്ങളുമുണ്ട്. നസ്സുകളുടെ സഹായത്തോടെയാണ് ജീവിതവും ചികിത്സകളും മുന്നോട്ടു പോയിരുന്നത്. ശ്രീജയ്ക്ക് എൽഎഫ് ആശുപത്രിയിലെ ചികിത്‌സക്ക് കാഞ്ഞൂർ പഞ്ചായത്തും, പത്തനാപുരം ഗാന്ധി ഭവനിൽ ശ്രീജയെ എത്തിക്കാൻ കാഞ്ഞൂർ സർവീസ് സഹകരണ ബാങ്കും അംബുലൻസ് സൗജന്യമായി വിട്ടു നൽകിയിരുന്നു. 

ശ്രീജയ്ക്ക് ആവശ്യമായ ചികിത്സയും, പരിചരണവും നൽകുമെന്ന് ഗാന്ധി ഭവൻ സെക്രട്ടി പുനലൂർ സോമരാജൻ പറഞ്ഞു. 

Advertisment