Advertisment

പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള പ്രിയവര്‍ഗീസിന്റെ നിയമനത്തിന്റെ സാധുതയില്‍ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു

priyaaaaaaaaaaaaaa.jpg

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള പ്രിയവര്‍ഗീസിന്റെ നിയമനത്തിന്റെ സാധുതയില്‍ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്നായിരുന്നു സുപ്രീംകോടതി നിരീക്ഷണം.

നിയമനം ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ യുജിസിയും ജോസഫ് സ്‌കറിയയുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. അന്തിമ വിധി വരും വരെ പ്രിയ വര്‍ഗീസിന് തല്‍സ്ഥാനത്ത് തുടരാമെന്നാണ് ഇടക്കാല ഉത്തരവ്. ജസ്റ്റിസ് ജെകെ മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

അതേസമയം നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ ഫയല്‍ ചെയ്യുന്ന ഹര്‍ജികളില്‍ തന്റെ വാദം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്ന് ആവശ്യപ്പെട്ട് പ്രിയ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

കണ്ണൂര്‍ സര്‍വ്വകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിക്കാനുള്ള ശുപാര്‍ശ പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി സിംഗില്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. അസോസിയേറ്റ് പ്രൊഫസറാകാന്‍ യുജിസി മാനദണ്ഡപ്രകാരമുള്ള യോഗ്യത പ്രിയ വര്‍ഗീസിനില്ലെന്നും ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നുമായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചത്. എന്നാല്‍ യുജിസി ചട്ടമനുസരിച്ച് അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് പ്രിയ വര്‍ഗീസിന് എല്ലാ യോഗ്യതയുമുണ്ടെന്നാണ് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തിയത്. അഭിഭാഷകരായ കെ ആര്‍ സുഭാഷ് ചന്ദ്രന്‍, ബിജു പി രാമന്‍ എന്നിവരാണ് പ്രിയ വര്‍ഗീസിനായി കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

#priya varghee
Advertisment