കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തിന് ലഭിച്ച സഹായധനം അടിച്ചു മാറ്റിയ സംഭവത്തില്‍, ആരോപണവിധേയയായ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ് പണം തിരികെ നല്‍കി.
അമ്പതിനായിരം രൂപയാണ് പെണ്‍കുട്ടിയുടെ പിതാവിന് തിരികെ ഏല്‍പ്പിച്ചത്. പണം വാങ്ങിയ കാര്യം പുറത്ത് പറയരുതെന്നും മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ് ആവശ്യപ്പെട്ടു.
പുറത്തു വന്ന വാര്‍ത്ത കളവാണെന്ന് പറയാനും മുനീര്‍ പെണ്‍കുട്ടിയുടെ പിതാവിനോട് ആവശ്യപ്പെട്ടു. മുനീറും പെണ്‍കുട്ടിയുടെ പിതാവും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തു വന്നിരുന്നു. പണം തിരികെ കിട്ടിയ സാഹചര്യത്തില്‍ പരാതിയുമായി മുന്നോട്ടു പോകില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി.
ജൂലൈ 28 നാണ് ബിഹാറി കുടുംബത്തിന്റെ അഞ്ചു വയസ്സുകാരിയായ ബാലികയെ കാണാതാകുന്നത്. പിറ്റേന്ന് ആലുവ മാര്‍ക്കറ്റില്‍ നിന്നും കുട്ടിയുടെ മൃതശരീരം കണ്ടെത്തുന്നു.
കുട്ടിയെ കാണാതായ സമയത്തു മുതല്‍ കുടുംബത്തെ സഹായിക്കാന്‍ മുന്നില്‍ നിന്നവരാണ് അരോപണ വിധേയരായിട്ടുള്ളത്. ഓഗസ്റ്റ് അഞ്ചു പലതവണയായിട്ടാണ് പല ആവശ്യങ്ങള്‍ പറഞ്ഞ് മുനീര്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ കയ്യില്‍ നിന്നും 1.20 ലക്ഷം രൂപ തട്ടിയെടുക്കുന്നത്.
ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാര തുകയില്‍ നിന്ന് മഹിളാ കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും 1.20 ലക്ഷം രൂപ തട്ടിയതായിട്ടാണ് ആരോപണം ഉയര്‍ന്നത്.
കുട്ടിയുടെ കുടുംബത്തിന് വാടക വീട് എടുത്തു നല്‍കിയ അന്‍വര്‍ സാദത്ത് എംഎല്‍എയുടെ പേരിലും ഇവര്‍ കബളിപ്പിച്ചു. വാടക അഡ്വാന്‍സില്‍ തിരിമറി നടത്തി. പണം തട്ടിയ വിവരം ഒരു മാസം മുന്‍പ് കുട്ടിയുടെ വീട്ടുകാര്‍ പഞ്ചായത്ത് പ്രസിഡന്റിനോടും മറ്റ് ജനപ്രതിനിധികളോടും പരാതിപ്പെട്ടിരുന്നു.