ഇടുക്കി: കട്ടപ്പനയില്‍ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ രണ്ടു കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണി തെറിച്ചു. വിജിലന്‍സ് സംഘം എത്തിയപ്പോള്‍ മദ്യത്തിന്റെ രൂക്ഷ ഗന്ധവും കുഴഞ്ഞ സംസാരവും.
മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ രണ്ട് കെഎസ്ആർടിസി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കട്ടപ്പന യൂണിറ്റിലെ ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ കെ.കെ കൃഷ്ണൻ, ഇൻസ്പെക്ടർ പി.പി തങ്കപ്പൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ഈ മാസം 18ന് വിജിലൻസ് ഓഫീസറുടെ നിർദ്ദേശ പ്രകാരം കട്ടപ്പന ഡിപ്പോയിൽ വിജിലൻസ് നടത്തിയ പരിശോധനയ്ക്കിടെ ഇവരോട് സംസാരിച്ചപ്പോൾ രൂക്ഷമായ മദ്യത്തിന്റെ ഗന്ധവും, ഭാഷയിൽ അവ്യക്തതയും കണ്ടെത്തുകയും തുടർന്ന് അദർ ഡ്യൂട്ടി ഓഫീസറുടെ സാന്നിധ്യത്തിൽ പരിശോധന നടത്തവെ ഇരുവരും മദ്യപിച്ചതായി തിരിച്ചറിയുകയുമായിരുന്നു.
ജീവനക്കാർ മദ്യപിച്ച് കൊണ്ട് ഡിപ്പോ പരിസരത്ത് എത്തുകയോ, ഡ്യൂട്ടി നിർവ്വഹിക്കാൻ പാടില്ലെന്നുമുള്ള സിഎംഡിയുടെ ആവർത്തിച്ചുള്ള ഉത്തരവ് നിലനിൽക്കെ അത് ലംഘിച്ചതാണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ഇരുവരേയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.