തൊടുപുഴ: വിദ്യാഭ്യാസത്തിലൂടെ അറിവു മാത്രം നേടിയാല്‍ പോരാ തിരിച്ചറിവുകൂടി നേടണമെന്ന് ബംഗാൾ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്. തൊടുപുഴ ന്യൂമാന്‍ കോളജിന്റെ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവിതത്തില്‍നിന്നു പഠിക്കുന്നവര്‍ക്കാണ് വിജയം വരിക്കാനാകുക. മൂല്യങ്ങള്ക്കൊക്കം ഈശ്വരവിശ്വാസം മുറുകെപ്പിടിക്കുന്നവര്‍ക്ക് ജിവിതത്തില്‍ മുന്നേറാനാകും. എല്ലാം തികഞ്ഞിട്ട് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന കാര്‍ഡിനല്‍ ന്യൂമാന്റെ വാക്കുകളാണ് തന്റെ ജീവിതത്തെ പ്രചോദിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സര്‍വകലാശാലകളുടെ ഭരണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഒഴിവാകുമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ബംഗാളിലെ സര്‍വകലാശാലകളില്‍ പ്രഗത്ഭരായവരെ വിസിമാരായി നിയമിച്ചതിനെതിരേ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയും സുപ്രീംകോടതിയും നിര്‍ണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്. യുജിസി ചട്ടം പാലിക്കണമെന്ന ഉത്തരവിലൂടെ സര്‍വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടല്‍ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 60 വര്‍ഷത്തിനിടെ ന്യൂമാന്‍ കോളജില്‍ പഠിച്ച ഏറ്റവും മികച്ച വിദ്യാര്‍ഥിക്ക് 50,000 രൂപയുടെ ഗവര്‍ണേഴ്സ് എക്സലന്‍സ് അവാര്‍ഡും അദ്ദേഹം പ്രഖ്യാപിച്ചു. ബംഗാളിലെ രാജ്ഭവന് സന്ദര്‍ശിക്കാന്‍ കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും അടങ്ങുന്ന സംഘത്തെ ഗവര്‍ണര്‍ ക്ഷണിച്ചു. ബംഗാള്‍ സര്‍വകലാശാലയുമായി യോജിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി ന്യൂമാന്‍ കോളജിനു മാറാനാകും. ഇന്ത്യയിലെ മികച്ച കോളജുകളുടെ ഗണത്തില്‍ 72-ാം സ്ഥാനത്തെത്തിയ ന്യൂമാന്‍ കോളജിനെ ശ്ലാഘിക്കാനും സന്ദര്‍ശക ഡയറിയില്‍ പ്രശംസാവാക്കുകള്‍ കുറിക്കാനും അദ്ദേഹം മറന്നില്ല.
മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അറിവു നേടുന്നതിനൊപ്പം നാടിന്റെ വികസനത്തിനു സംഭാവന നല്‍കാനും വിദ്യാര്‍ഥികള്‍ക്ക് കഴിയണമെന്ന് ബിഷപ് പറഞ്ഞു.
പി.ജെ. ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയര്മാന് സനീഷ് ജോര്‍ജ്, കോളജ് മാനേജര്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍, ഹയര്‍ എഡ്യുക്കേഷന്‍ സെക്രട്ടറി റവ.ഡോ. പോള്‍ പാറത്താഴം, പ്രിന്‍സിപ്പല്‍ ഡോ. ബിജിമോള്‍ തോമസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സാജു ഏബ്രഹാം, ബര്‍സാര്‍ ഫാ. ബെന്‍സണ്‍ എൻ. ആന്റണി എന്നിവര്‍ പ്രസംഗിച്ചു. ഡോ. ബിജു പീറ്റര്‍, ഡോ. ജെയിന് എ. ലൂക്ക്, ഡോ. ജെന്നി കെ. അലക്സ്, ക്യാപ്റ്റന്‍ പ്രജീഷ് സി. മാത്യു എന്നിവര്‍ നേതൃത്വം നല്കി.