ഇടുക്കി: ഇടുക്കിയില്‍ ഏലത്തിന് വിലകൂടിയതോടെ മോഷണവും പെരുകി.അടുത്ത കാലത്തായി വിലയിൽ ഗണ്യമായ വർദ്ധനവുണ്ടായതോടെയാണ് കർഷകർ വീടുകളിലും സ്റ്റോറുകളിലുമായി സൂക്ഷിച്ച് വച്ചിട്ടുള്ള ഏലയ്ക്ക മോഷണം പോകുന്നത്.
സെപ്തംബർ 3 ന് സ്വകാര്യ വ്യക്തിയുടെ സ്‌റ്റോറിൽ നിന്നും 12 ചാക്ക് ഉണങ്ങിയ ഏലയ്ക്കായാണ് കവർന്നത്. ഇതാണ് ജില്ലയിൽ അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്തിട്ടുള്ള വലിയ മോഷണം . രാജാക്കാട് ചെരുപുറം മുത്തനാട്ട് ബിനോയിയുടെ വീടിനോട് ചേർന്നുള്ള സ്റ്റോറിൽ ഉണക്കി സൂക്ഷിച്ചിരുന്ന ഏകദേശം 15 ലക്ഷത്തിന് മുകളിൽ വില വരുന്ന 12 ചാക്ക് ഏലയ്ക്കായാണ് മോഷണം പോയത്.ബിനോയിയും കുടുംബവും ഒരാഴ്ചയായി സ്ഥലത്തില്ലായിരുന്നു.
ബിനോയിയുടെ തൊഴിലാളികൾ കുറച്ച് മാറിയുളള തോട്ടത്തിലെ ഷെഡിലാണ് താമസിക്കുന്നത്.തൊഴിലാളികൾ ഞായറാഴ്ച വൈകിട്ട് വീടിനടുത്ത് തൊഴുത്തിലുള്ള പോത്തിൻ കിടാങ്ങൾക്ക് തീറ്റ നൽകിയ ശേഷം രാത്രി 8.30 ന് ശേഷമാണ് ഷെഡിലേക്ക് പോയത്. തിങ്കളാഴ്ച രാവിലെ എത്തിയപ്പോൾ സ്‌റ്റോറിന്റെ വാതിലിലുളള താഴ് തകർത്തിരിക്കുന്നത് കണ്ടതിനെ തുടർന്ന് ഉടമയെ വിവരമറിയിക്കുകയും തുടർന്ന് പരിശോധന നടത്തിയപ്പോൾ ഉണക്കി വച്ചിരുന്ന ഏലയ്ക്ക ചാക്കുകളിൽ 12 എണ്ണം മോഷ്ടിക്കപ്പെട്ടതായും കണ്ടെത്തി.
രാജാക്കാട് പൊലീസിൽ പരാതി നൽകി.സൈബർ സെല്ലിന്റെ സഹായത്തോടെ സ്‌പെഷ്യൽ സ്‌ക്വാഡ് രൂപികരിച്ച് മോഷ്ടാക്കളെ
കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ നടന്ന് വരുകയാണ്.