ക്രിസ്റ്റിയുടെ മരണം കൊലപാതകമോ..? വയറില്‍ കുത്തേറ്റ മുറിവ് പോസ്‌ററുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇല്ലാതായതെങ്ങനെ..? അന്വേഷണം ഇടുക്കി ജില്ലാ ക്രൈംബ്രാഞ്ചിന്

2023 ജനുവരി ഒന്നിനാണ് ക്രിസ്റ്റിയെ വെള്ളെള്ള് കുട്ടൻസിറ്റി ഉറുമ്പിത്തോട് പാലത്തിന് സമീപം അവശനിലയിൽ കണ്ടെത്തിയത്.......

New Update
trivandrum murder news

ഇടുക്കി:  മുള്ളരിങ്ങാട് കരിക്കാട്ടുകുഴിയിൽ ക്രിസ്റ്റി എൽദോസിന്റെ ദുരൂഹമരണത്തിൽ പൈനാവിൽ പ്രവർത്തിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.

 

ലോക്കൽ പോലീസ് അന്വേഷിച്ചിരുന്ന കേസ് ക്രൈംബ്രാഞ്ചിന്‌ കൈമാറി കഴിഞ്ഞയാഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കാളിയാർ പോലീസിന്റെ അന്വേഷണത്തിൽ വീഴ്ച ആരോപിച്ച് ക്രിസ്റ്റിയുടെ ഭാര്യ റിബിയും അമ്മ ലീലയും സമർപ്പിച്ച പരാതിയെ തുടർന്നായിരുന്നു കോടതിയുടെ ഇടപെടൽ.

Advertisment

2023 ജനുവരി ഒന്നിനാണ് ക്രിസ്റ്റിയെ വെള്ളെള്ള് കുട്ടൻസിറ്റി ഉറുമ്പിത്തോട് പാലത്തിന് സമീപം അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇയാളെ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക്‌ മാറ്റി. ചികിത്സയിലിരിക്കെ 15-ന് ഇദ്ദേഹം മരിച്ചു.

കാളിയാർ പോലീസ് നടത്തിയ അന്വേഷണത്തിൽ അപകടമരണമെന്നായിരുന്നു നിഗമനം.

ക്രിസ്റ്റി അവശനിലയിൽ കിടന്ന സ്ഥലവും പാലവും രണ്ടുതവണ ഫൊറൻസിക് സംഘം പരിശോധിച്ചു. മദ്യപിച്ച് പാലത്തിൽ കിടന്ന ഇയാൾക്ക് രാത്രിയിൽ കൈവരിയിൽനിന്ന് തെന്നിവീണ് പരിക്കുപറ്റിയെന്നാണ് പോലീസ് പറഞ്ഞത്. എന്നാൽ, കളമശ്ശേരി മെഡിക്കൽ കോളേജിൽനിന്നുള്ള ചികിത്സാവിവരണത്തിൽ ക്രിസ്റ്റിയുടെ നാഭിയിൽ കുത്തേറ്റ മുറിവുണ്ടെന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, പോസ്റ്റ്‌മാർട്ടം റിപ്പോർട്ടിൽ ഈ മുറിവിനെക്കുറിച്ച് പറഞ്ഞിട്ടില്ല. ഇത് മരണം സംബന്ധിച്ച ദുരൂഹത ബലപ്പെടുത്തി. ക്രിസ്റ്റിയുടെ മൊബൈൽ ഫോൺ കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.

അപകടം നടന്ന ദിവസം രാത്രിയിൽ ക്രിസ്റ്റിയെ മർദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഒരാൾ പോസ്റ്റ് ചെയ്തിരുന്നു. ഇതുസംബന്ധിച്ച് കാളിയാർ പോലീസ് നടത്തിയ അന്വേഷണവും തൃപ്തികരമല്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

kerala police murder case kaliyar Christy Mullaringad
Advertisment