Advertisment

ഇടുക്കിയില്‍ വിറക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഏലം ഡ്രയറുകൾക്കെതിരെ ഹർജി

ഏലം ഡ്രയറുകളിൽ വിറകിനു പകരം വൈദ്യുതി ഉപയോഗിച്ചാൽ ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങൾ ഒഴിവാക്കാമെന്നാണ് ഹർജിക്കാരന്റെ വാദം.

New Update
cc

ഇടുക്കി: ഇടുക്കിയില്‍ ജില്ലയിൽ വിറക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഏലം ഡ്രയറുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണലിൽ ഹർജി നൽകി. നെടുങ്കണ്ടം മുണ്ടിയെരുമ സ്വദേശിയാണ് ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചിൽ ഹർജി നൽകിയത്. വിറക് ഉപയോഗിക്കുന്ന ഏലം ഡ്രയറുകൾ ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങൾക്കു കാരണമാകുന്നു എന്നാരോപിച്ചാണ് പ്രധാന ഏലം ഉൽപാദക മേഖലകൾ ഉൾപ്പെടുന്ന 6 പഞ്ചായത്തുകളെ കക്ഷി ചേർത്ത് ഇദ്ദേഹം ട്രൈബ്യൂണലിൽ ഹർജി നൽകിയത്.

Advertisment

 

രാജകുമാരി, ശാന്തൻപാറ, ഉടുമ്പൻചോല, പാമ്പാടുംപാറ, വണ്ടൻമേട്, രാജാക്കാട് പഞ്ചായത്തുകളെയാണ് കേസിൽ കക്ഷി ചേർത്തിരിക്കുന്നത്. ഹരിത ട്രൈബ്യൂണൽ ഓഗസ്റ്റ് 16നു ഹർജിയിൽ ആദ്യ ഹിയറിങ് നടത്തിയിരുന്നെങ്കിലും രാജകുമാരി പഞ്ചായത്തിനു വേണ്ടി മാത്രമാണ് അഭിഭാഷകൻ ഹാജരായത്.

മറ്റു പഞ്ചായത്തുകൾക്ക് ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത 25നു ഹർജി വീണ്ടും പരിഗണിക്കും.കേന്ദ്ര, സംസ്ഥാന സർക്കാരുകളെയും കലക്ടറെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്. വിറകും പ്ലാസ്റ്റിക് ബ്രിക്കറ്റും ഉൾപ്പെടെയുള്ള വസ്തുക്കൾ കത്തിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുന്നുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.

ഏലം ഡ്രയറുകളിൽ വിറകിനു പകരം വൈദ്യുതി ഉപയോഗിച്ചാൽ ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങൾ ഒഴിവാക്കാമെന്നാണ് ഹർജിക്കാരന്റെ വാദം. വൈദ്യുതി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ഏതാനും ഡ്രയറുകളുടെ ഉടമകളെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്. ഏലം കർഷകർ, ഡ്രയർ ഉടമകൾ എന്നിവരെ കൂടി കേസിൽ കക്ഷി ചേർത്ത് ഹർജിക്കാരന്റെ വാദത്തെ എതിർക്കാനാണ് പഞ്ചായത്തുകളുടെ തീരുമാനം.

ആശങ്കയോടെ ഏലം കർഷകർ


വിറക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഏലം ഡ്രയറുകൾക്കെതിരെ ഹരിത ട്രൈബ്യൂണലിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള വിധിയുണ്ടായാൽ പ്രതിസന്ധികളിൽ നട്ടം തിരിയുന്ന ഏലം മേഖലയ്ക്ക് ഇരട്ടി പ്രഹരമാകും. ജില്ലയിൽ അഞ്ഞൂറോളം ഏലം ഡ്രയറുകൾ ഉണ്ടെന്നാണ് അനൗദ്യോഗിക വിവരം. ഇതിൽ നാമമാത്രമായ ഡ്രയറുകൾ മാത്രമാണ് പൂർണമായും വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിക്കുന്നത്. ബാക്കിയുള്ളവ വിറകും വൈദ്യുതിയും ഉപയോഗിച്ച് പ്രവർത്തിക്കുന്നവയാണ്.

സ്വകാര്യ ഡ്രയറുകൾക്ക് പഞ്ചായത്തിന്റെ ലൈസൻസ് ആവശ്യമില്ല. വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഡ്രയറുകൾക്കു മാത്രമാണ് ലൈസൻസ് ഉള്ളത്. ഭൂപതിവ് ചട്ടമനുസരിച്ച് പതിച്ചു നൽകിയ ഭൂമിയിൽ വാണിജ്യാവശ്യങ്ങൾക്കുള്ള ഡ്രയറുകൾ പ്രവർത്തിക്കുന്നത് ചട്ടലംഘനവും കോടതിയലക്ഷ്യവുമായതിനാൽ ഏതാനും വർഷങ്ങളായി ഡ്രയറുകൾക്ക് ലൈസൻസ് നൽകുന്നില്ല. സമീപകാലത്താണ് വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഡ്രയറുകൾ വ്യാപകമായത്.

വൈദ്യുതി ഡ്രയറുകൾ സ്ഥാപിക്കാൻ 20 ലക്ഷത്തിലധികം രൂപ വേണ്ടിവരും. ഇതിൽ പകുതിയിലധികം തുക സബ്സിഡി ലഭിക്കും. 10 ലക്ഷത്തോളം രൂപയാണ് വിറകും വൈദ്യുതിയും ഉപയോഗിക്കുന്ന ഡ്രയറുകളുടെ മുടക്കുമുതൽ. വൈദ്യുതി ഡ്രയറുകൾ നിർമിച്ചു നൽകുന്ന കമ്പനികൾക്കും കർഷകരിൽ നിന്ന് പച്ച ഏലയ്ക്ക വാങ്ങുന്ന വൻകിട വ്യാപാരികൾക്കും വേണ്ടിയാണ് സ്വകാര്യ വ്യക്തി ഹരിത ട്രൈബ്യൂണലിൽ വിറക് ഉപയോഗിക്കുന്ന ഡ്രയറുകൾക്കെതിരെ ഹർജി നൽകിയതെന്നാണ് കർഷകരുടെ വാദം.

cardamam dryer
Advertisment