ഇടുക്കി: വണ്ടിപ്പെരിയാറിൽ രണ്ടു മാസം മുന്‍പു നടന്ന കള്ളനോട്ട് കേസിലെ പ്രധാന പ്രതിയെ വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിൽ വാങ്ങി. 45 ലക്ഷം രൂപയുടെ കള്ളനോട്ടുമായി തമിഴ്നാട്ടിൽ പോലീസ് പിടികൂടിയ സുബ്രഹ്മണ്യനെയാണ് തെളിവെടുപ്പിനായി വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
വണ്ടിപ്പെരിയാർ ഡൈമുക്കിൽനിന്നു കള്ളനോട്ട് പിടികൂടിയ കേസിലാണ് തമിഴ്നാട് വിരുകംപാക്കം ഗാന്ധിനഗർ സ്വദേശിയായ ഇയാൾ പിടിയിലായത്. കേസിൽ ഏഴു പേരെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കള്ളനോട്ടുകള്‍ ഇടുക്കിയിലേക്ക് എത്തിച്ച പ്രധാന കണ്ണി സുബ്രമണ്യന്‍ തന്നെയാണെന്നാണ് പോലിസിന്റെ നിഗമനം.പോലിസ് കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകു. ഇതിനിടെ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താതെ തമിഴ്നാട്ടുകാരനായ പ്രതി പോലിസിനെ കുഴക്കുകയാണ്.
തമിഴ്നാട്ടിൽനിന്നാണ് കള്ളനോട്ട് ലഭിച്ചതെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനിടെയാണ് തമിഴ്നാട് ചെന്നൈയിൽ 45 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ട് അടിക്കാനുപയോഗിക്കുന്ന മെഷിനുമടക്കം സുബ്രഹ്മണ്യനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തത്.