ഇടുക്കി: കാലാവസ്ഥ വ്യതിയാനവും വിലയിടിവും പ്രതിസന്ധിയിലാക്കിയ ഹൈറേഞ്ചിലെ കാർഷിക മേഖലയിൽ ഇരട്ടി പ്രഹരമായി ആഫ്രിക്കൻ ഒച്ച്, വെട്ടുകിളി ശല്യവും. 2 വർഷത്തോളമായി ബൈസൺവാലി മുട്ടുകാട് മേഖലകളിൽ വ്യാപകമായിരുന്ന ആഫ്രിക്കൻ ഒച്ച് സമീപ പഞ്ചായത്തുകളിലേക്കും വ്യാപിക്കുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. 2 വർഷം മുൻപ് രാജാക്കാട് മാരാർസിറ്റിക്ക് സമീപം വെട്ടുകിളികൾ വ്യാപക കൃഷിനാശമുണ്ടാക്കിയിരുന്നു. ഇപ്പോൾ ഹൈറേഞ്ചിലെ പല ഭാഗങ്ങളിലും വ്യാപകമായിട്ടുണ്ട്.
വെട്ടുകിളികൾ കൂട്ടമായെത്തുമ്പോഴാണ് കൃഷിനാശം സംഭവിക്കുന്നത്. ഒന്നോ രണ്ടോ വെട്ടുകിളികളെ കൃഷിയിടത്തിൽ കണ്ടാലും ആരും സാരമാക്കാറില്ല. എന്നാൽ വെട്ടുകിളി കൂട്ടങ്ങൾ സമീപ പ്രദേശങ്ങളിലുണ്ടെന്നതിന്റെ ലക്ഷണമാണിതെന്ന് വിദഗ്ധർ പറയുന്നു. പെട്ടെന്ന് പെരുകുന്ന വെട്ടുകിളികൾ പൂർണവളർച്ചയെത്തുമ്പോൾ കൂട്ടമായെത്തി കൃഷി നശിപ്പിക്കും.
തീറ്റ തേടി എത്ര കിലോമീറ്റർ വരെ സഞ്ചരിക്കാനും ഇവയ്ക്കു കഴിയും. 7 സെന്റിമീറ്റർ വരെയാണ് ഇവയുടെ നീളം. ഒരു വെട്ടുകിളി 300 മുട്ട വരെ ഇടും. 3 മുതൽ 5 മാസം വരെയാണ് വെട്ടുകിളിയുടെ ആയുസ്സ്. ഏലം, കുരുമുളക്, കാെക്കോ, വാഴ, തെങ്ങ് തുടങ്ങി കന്നുകാലികൾക്കുള്ള പുൽക്കൃഷിക്കു വരെ വെട്ടുകിളികൾ ഭീഷണിയാണ്. തുക്കുമിൻ കീടനാശിനി പ്രയോഗമാണ് വെട്ടുകിളികളെ പ്രതിരോധിക്കാനുള്ള മാർഗം.