ഇടുക്കി: ചെറുതോണിൽ കരാർ കാലാവധി തീരുംമുമ്പ് അശാസ്ത്രീയമായ രീതിയിൽ പണി നടത്തി കരാറുകാരൻ റോഡിന്റെ അറ്റകുറ്റപ്പണിയുടെ ബില്ല് മാറാൻ നീക്കം നടക്കുന്നതായി ആരോപണം. ശക്തമായ മഴയിൽ റോഡിൽ കോൺക്രീറ്റ് നടത്തിയതാണ് ആരോപണത്തിനിടയാക്കിയിരിക്കുന്നത്.
അഞ്ചു വർഷം മുമ്പ് പിഎംജിഎസ്വൈ പദ്ധതിയിൽ നിർമിച്ച ഭൂമിയാകുളം-സെമിനാരിപ്പടി-തടിയമ്പാട് റോഡിലാണ് കരാറുകാരൻ തിടുക്കത്തിൽ പണി പൂർത്തിയാക്കി ബില്ല് മാറാൻ ശ്രമിക്കുന്നത്.
റോഡ് നിർമിച്ച് മാസങ്ങൾക്കകം തന്നെ കോൺക്രീറ്റ് ഭാഗങ്ങൾ തകർന്നിരുന്നു. പല സ്ഥലങ്ങളിലും ഇരുമ്പ് കമ്പികൾ കോൺക്രീറ്റ് പൊളിഞ്ഞ് പൊങ്ങി വന്നിരുന്നു. ഇവിടെയാണ് കമ്പി മൂടാൻ കോൺക്രീറ്റ് ചെയ്യുന്നത്.
ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കരാറുകാരൻ അശാസ്ത്രീയമായ രീതിയിൽ അറ്റകുറ്റപ്പണികൾ നടത്തി ബാക്കിയുള്ള ബില്ലു മാറുന്നതെന്നു പ്രദേശവാസികൾ പറയുന്നു.
ഈ റോഡ് നല്ല നിലവാരത്തിൽ നിർമാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.