ഇടുക്കി: ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും പ്രതികൂല സഹാചര്യങ്ങളെ തുടർന്ന് രാത്രി നിർത്തുകയായിരുന്നു. 301 കോളനി സ്വദേശികളായ ഗോപിനാഥൻ, സജീവൻ എന്നിവരെയാണ് ഇന്നലെ ഉച്ചയോടെ കാണാതായത്. പൂപ്പാറയിൽ നിന്ന് അവശ്യവസ്തുക്കൾ വാങ്ങി ആനയിറങ്കലിലെത്തിയ ശേഷം വള്ളത്തിൽ കോളനിയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്ന് വള്ളത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാമെന്നാണ് നാട്ടുകാർ പറയുന്നത്. മൂന്നാറിൽ നിന്ന് ഫയർഫോഴ്‌സും തൊടുപുഴയിൽ നിന്നുള്ള സ്‌കൂബാ ടീമുമാണ് പൊലീസിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ തിരച്ചിൽ നടത്തുന്നത്. പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യമുള്ളതും കാറ്റും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്.