ഇടുക്കി: യുവാക്കളുടെ വാഹനത്തില് നിന്ന് ഒരു കഞ്ചാവ് ബീഡി കണ്ടെത്തിയെന്ന കേസ് ഒതുക്കി തീർക്കാന് ഹൈവേ പോലീസ് 36000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ കുറ്റക്കാരായ എസ്.ഐ. ഉൾപ്പെടെ മൂന്നു പേരെ സസ്പെൻഡ് ചെയ്തു.
സംഭവ ദിവസം ഹൈവേ പെട്രോളിംങ്ങ് വാഹനത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്.ഐ. ഷിബി.ടി.ജോസഫ്, പോലീസ് ഡ്രൈവർ സോബിൻ. ടി. സോജൻ, സിവിൽ പോലീസ് ഓഫീസർ സുബീഷ് എന്നിവരെയാണ് ഇടുക്കി എസ്.പി. അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ബുധനാഴ്ച വൈകീട്ട് തന്നെ ഇടുക്കി എസ്.പി. വിവരം അറിഞ്ഞിരുന്നു.
തുടർന്നാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. അടിമാലി സി.ഐ. അന്വേഷിച്ച് റിപ്പോർട്ട് നൽകി. ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്നാണ് റിപ്പോർട്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.