ഇടുക്കി: ചെറുതോണി അണക്കെട്ടില്‍ സുരക്ഷാ വീഴ്ച ഉണ്ടാക്കിയ ആറ് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. എ ആര്‍ ക്യാമ്പിലെ അന്നേദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.സുരക്ഷാചുമതലയുള്ള നമ്പര്‍ 3 ലെ നാല് പോലീസ് ഉദ്യോഗസ്ഥരും, പ്രവേശന കവാടത്തിലെ ബോംബ് സ്‌കോഡിലെ ഒരു പോലീസ് ഉദ്യോഗസ്ഥനും, ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുമുള്‍പ്പെടെ ആറ് പേരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ജൂലൈ 22നാണ് ഒറ്റപ്പാലം സ്വദേശി സന്ദര്‍ശക പാസ് എടുത്ത് ഡാമില്‍ കയറി 11 ഇടങ്ങളില്‍ താഴിട്ട് പൂട്ടിയത്. തുടര്‍ന്ന് ഷട്ടറുകളുടെ റോപ്പില്‍ ദ്രാവകം ഒഴിച്ചു. സുരക്ഷാ വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയ ഉടന്‍ തന്നെ ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പ്രാഥമികമായി പരിശോധന നടത്തി.
ഡാമിന്റെ സുരക്ഷ നോക്കേണ്ട ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന നിലപാടിലാണ് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്.
വിദേശത്തേക്ക് കടന്ന ഒറ്റപ്പാലം സ്വദേശിക്ക് വേണ്ടി പൊലീസ് ഉടന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ബന്ധുക്കള്‍ വഴി ഇയാളെ തിരികെ എത്തിക്കാനുള്ള ശ്രമവും പൊലീസ് തുടങ്ങി. ഇയാള്‍ക്കൊപ്പം ഡാമില്‍ എത്തിയിരുന്ന തിരൂര്‍ സ്വദേശികളായ മൂന്നു പേരെ നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ആവശ്യമെങ്കില്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യും.