ഇടുക്കി: 1964-ലെ ഭൂപതിവ് ചട്ടം ഇന്നലെ നിയമസഭ ഭേദഗതി ചെയ്തതോടെ ആറു പതിറ്റാണ്ടായി മലയോര ജനത അതിജീവനത്തിനായി നടത്തിയ പോരാട്ടത്തിന് ഒരു പരിധിവരെ പരിഹാരമായി. ഇതോടെ നിരവധി നൂലാമാലകളിൽപ്പെട്ട് നട്ടംതിരിഞ്ഞിരുന്ന മലയോര ജനതയ്ക്ക് സമാശ്വാസത്തിനുള്ള വഴി തുറന്നിരിക്കുകയാണെങ്കിലും ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല.
1960-ൽ പട്ടംതാണുപിള്ള മന്ത്രിസഭയുടെ കാലത്ത് ഗ്രോമോർ പദ്ധതിയുടെ ഭാഗമായി കുടിയിരുത്തിയ കർഷകർക്കു ഭൂമി പതിച്ചുനൽകുന്നതിന്റെ ഭാഗമായാണ് 1964-ലെ ചട്ടം കൊണ്ടുവന്നത്. ഇതനുസരിച്ച് പട്ടയഭൂമിയിൽ കൃഷി ചെയ്യാനും വീട് നിർമിക്കാനും മാത്രമേ അനുമതിയുണ്ടായിരുന്നുള്ളൂ.
കാലക്രമേണ ജനങ്ങളുടെ വിവിധ ആവശ്യങ്ങൾക്കായി മറ്റു നിർമിതികളും നടത്തേണ്ടതായി വന്നു. ഇത്തരം നിർമാണങ്ങൾ സാധൂകരിച്ചു നൽകാനാകാത്തതിനാൽ നിയമത്തിന്റെ സങ്കീർണതകളിൽപ്പെട്ട് ജനജീവിതം ദുഃസഹമായി മാറിയിരുന്നു. ഓരോ കാലയളവിലും ഭരണകൂടവും കോടതിയും ഇടപെടൽ നടത്തിയതോടെ ജനജീവിതം ദുരിതപൂർണമായി.
ഇടുക്കിയിലെ ഭൂപ്രശ്നങ്ങളുടെ പേരിൽ മാത്രം നിരവധി ഹർത്താലുകളടക്കം ഭരണ-പ്രതിപക്ഷ പാർട്ടികൾ നടത്തുകയുണ്ടായി. രാഷ്ട്രീയകക്ഷികൾക്കു പുറമേ ഹൈറേഞ്ച് സംരക്ഷണ സമിതി, അതിജീവന പോരാട്ടവേദി, വ്യാപാരിവ്യവസായ ഏകോപനസമിതി തുടങ്ങിയ സംഘടനകളും ഭൂപ്രശ്നത്തിന് ശാശ്വത പരിഹാരം തേടി നിരവധി സമരങ്ങൾ നടത്തിയിരുന്നു.
ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ സർവകക്ഷിയോഗം ചേർന്ന് ചട്ടം ഭേദഗതി ചെയ്യുന്നതിന് തീരുമാനമെടുത്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് നാളുകൾക്കു ശേഷം ഭൂപതിവ് ചട്ടഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.
അഭിമാന നിമിഷം: മന്ത്രി റോഷി അഗസ്റ്റിൻ
ആറു പതിറ്റാണ്ടായി ഹൈറേഞ്ചിലെ ജനങ്ങളുടെ തലയ്ക്കു മുകളിൽ ഡെമോക്ലീസിന്റെ വാൾ പോലെ നിന്നിരുന്ന ഭൂപ്രശ്നത്തിനാണ് പരിഹാരമായിരിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയാണ് ബിൽ പാസാകുന്നതിന് കാരണം.
റവന്യുമന്ത്രി കെ. രാജന്റെ ഇടപെടലും നിർണായകമായി. രണ്ടര പതിറ്റാണ്ടായി ഇടുക്കിയിലെ ജനപ്രതിനിധി എന്ന നിലയിൽ ഏറ്റവും സന്തോഷം തോന്നിയ സന്ദർഭമാണിത്. നിയമനിർമാണത്തിലൂടെ ഒരു ജനതയെ പ്രതിസന്ധികളിൽ നിന്ന് കരകയറ്റാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ട്. ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്താണ് ബിൽ നിയമസഭയിൽ കൊണ്ടുവന്നത്.
ബില്ലിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിച്ചവർപോലും ഒടുവിൽ പിന്തുണച്ചു. നിയമസഭയെ സത്യസന്ധമായി കാര്യങ്ങൾ ബോധ്യപ്പെടുത്തിയതിനാലാണ് ബിൽ ഏകകണ്ഠമായി പാസാക്കാനായതെന്നും മന്ത്രി പറഞ്ഞു.
പട്ടയങ്ങൾ ഉപാധിരഹിതമായിരിക്കണം: പി.ജെ. ജോസഫ്
ഭാവിയിൽ വിതരണം ചെയ്യുന്ന പട്ടയങ്ങൾ ഉപാധിരഹിതമായിരിക്കണമെന്നും നിർമാണ പ്രവർത്തികൾ ക്രമവത്കരിക്കുന്നതു പിഴ ഈടാക്കാതെയാകണമെന്നും പി.ജെ. ജോസഫ് എംഎൽഎ. നിയമസഭയിൽ കേരള ഗവണ്മെന്റ് ഭൂമി പതിച്ചു കൊടുക്കൽ ഭേദഗതി ബില്ലിന്റെ ചർച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
1964-ലെയും 1993-ലെയും ചട്ടങ്ങളിൽ പറയുന്ന ഭൂവിനിയോഗത്തിനുള്ള നിയന്ത്രണം എടുത്തു കളയാതെ നിർമാണ അനുമതി നൽകാൻ ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയാണ്. ഉദ്യോഗസ്ഥൻ എന്തുകൊണ്ടാണ് അനുമതി നൽകുന്നതെന്ന് ഉത്തരവിൽ രേഖപ്പെടുത്തേണ്ടതുണ്ട്. ഭൂമി ക്രമവത്കരിക്കാനുള്ള അധികാരം ഉദ്യോഗസ്ഥരിലേക്ക് ചുരുക്കരുത്.
പട്ടയഭൂമി കൃഷി ആവശ്യത്തിനും വീടു വയ്ക്കുന്നതിനും മാത്രമേ ഉപയോഗിക്കാവൂ എന്ന വ്യവസ്ഥയാണ് ഭേദഗതി ചെയ്യേണ്ടിയിരുന്നത്. ഈ ചട്ടങ്ങൾ നിലനിൽക്കുന്നതുകൊണ്ടാണ് ഭൂമി ഉപാധിരഹിതമായും സ്വതന്ത്രമായും ഉപയോഗിക്കാൻ കഴിയാത്തത്. എന്നാൽ, തന്റെ ഭേദഗതി പരിഗണിക്കാൻ സർക്കാർ തയാറായില്ലെന്നും ജോസഫ് പറഞ്ഞു.
അഴിമതി ലക്ഷ്യം: ഡീൻ കുര്യാക്കോസ്
നിലവിലുളള നിയമമനുസരിച്ച് പെർമിറ്റ് വാങ്ങി ചെറിയ കെട്ടിടങ്ങൾ ഉൾപ്പെടെ നിർമിച്ചവരിൽനിന്നു ഫീസീടാക്കാനുള്ള കള്ളക്കളിയാണ് സർക്കാർ ചട്ടഭേദഗതിയിലൂടെ വരുത്തിയിരിക്കുന്നതെന്നു ഡീൻ കുര്യാക്കോസ് എംപി ആരോപിച്ചു.
ഇതോടെ എൽഡിഎഫ് ഭരണത്തിൻകീഴിൽ ഉദ്യോഗസ്ഥ, രാഷ്ട്രീയ തേർവാഴ്ചയിലൂടെ സ്വന്തം അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാരിന് കപ്പം കൊടുത്തും ഭരണകക്ഷിക്ക് കൈക്കൂലി കൊടുക്കണ്ടതുമായ ഗതികേട് സാധാരണക്കാരനുണ്ടാകും.
ചട്ടം ഭേദഗതി വഴി നിർമാണങ്ങൾ മുൻകാല പ്രാബല്യത്തോടെ അനുവദിച്ച് അർഹരായവർക്കു നിയമ സാധുത നൽകുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അതിനു പകരം പട്ടയവസ്തുവിന്റെ പൂർണ അവകാശം സ്ഥാപിക്കുന്നതിനു വീണ്ടും പണം നൽകേണ്ട അവസ്ഥയാണുണ്ടാകുന്നത്.
കാലോചിതമല്ല: കത്തോലിക്ക കോൺഗ്രസ്
ഭൂപതിവ് നിയമ ഭേദഗതി കാലോചിതമോ കർഷകപക്ഷമോ അല്ലെന്നു കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത സമിതി. എല്ലാ ഭൂപ്രശ്നങ്ങൾക്കും ശാശ്വത പരിഹാരമാകും എന്ന പ്രഖ്യാപനത്തോടെ ഇടതുപക്ഷ സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച ഭൂപതിവ് നിയമ ഭേദഗതി കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് യോഗം ആരോപിച്ചു.
ജില്ലയിലെ കർഷകർക്കേറ്റ ഇരുട്ടടിയായി നിയമഭേദഗതി മാറുമോ എന്ന ആശങ്കയുണ്ട്. നിലവിലുള്ള നിർമാണങ്ങൾ ക്രമവത്കരിക്കപ്പെടാൻ ഉദ്യോഗസ്ഥരുടെ പരിശോധനയും പിഴ ഒടുക്കലും വേണ്ടിവരും. ഇതു ലക്ഷക്കണക്കിന് ആളുകളെ സാരമായി ബാധിക്കും. മാത്രല്ല, വലിയ അഴിമതിക്കും ഉദ്യോഗസ്ഥ മേൽക്കോയ്മക്കും ഇടവരുത്തും.
ഈ നിയമഭേദഗതി സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിത പൂർണമാക്കും. രൂപത പ്രസിഡന്റ് ജോർജ് കോയിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവകണ്ടം പ്രസംഗിച്ചു.
ആശങ്ക വർധിപ്പിക്കുന്നു: കെവിവിഇഎസ്
നിയമസഭ പാസാക്കിയ കേരള ഭൂപതിവ് ഭേദഗതി ബിൽ ഒട്ടേറെ ആശങ്കകൾ ഉളവാക്കുന്നതാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആരോപിച്ചു. നിലവിൽ നിർമിച്ചിട്ടുള്ള ഗാർഹികേതര കെട്ടിടങ്ങൾ ഏതു തരത്തിലാണ് ക്രമവത്കരിക്കുന്നത് എന്നതിന് വ്യക്തത വരുത്തിയിട്ടില്ല.
1960ലെ നിയമവും 1964ലെ ചട്ടവും 1993 ലെ ചട്ടവും അനുസരിച്ച് ചട്ടലംഘനങ്ങൾ നടത്തിയിട്ടില്ലാത്ത ഭൂമി കൈവശം വെച്ചിരിക്കുന്ന ആളുകൾക്ക് വീട് ഒഴികെയുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് ഭൂമി ഉപയോഗിക്കുന്നത് സംബന്ധിച്ചും വ്യക്തതയില്ല.
മറ്റ് ജില്ലകളിൽ പട്ടയ ഭൂമിയിലെ ജനങ്ങൾക്കുള്ള അവകാശ, അധികാരങ്ങൾ ഇടുക്കിയിലെ ജനങ്ങൾക്കും ലഭ്യമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ ആവശ്യപ്പെട്ടു.
ആശ്വാസദിനം: കെ. സലിംകുമാർ
ഭൂപതിവ് ചട്ടം ഭേദഗതി ചെയ്തതിലൂടെ എൽഡിഎഫ് സർക്കാർ മലയോര ജനതയോടൊപ്പമാണെന്നു വ്യക്തമായിരിക്കുകയാണെന്നു സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ.
നിയമഭേദഗതി ബില്ല് കത്തിക്കുകയും ബില്ല് അവതരണ വേളയിൽ തടസം സൃഷ്ടിക്കുകയും ചെയ്ത മാത്യു കുഴൽനാടൻ എംഎൽഎയും യുഡിഎഫ് നേതാക്കളും ജനങ്ങളോട് തെറ്റ് ഏറ്റുപറയാൻ തയാറാകണം.
ഗുണം ചെയ്യില്ല: മാത്യു കുഴൽനാടൻ
നിയമസഭ പാസാക്കിയ ഭൂപതിവ് ഭേദഗതി നിലവിലെ സ്ഥിതിയിൽ ജനങ്ങൾക്ക് ഗുണം ചെയ്യില്ലെന്നു മാത്യു കുഴൽനാടൻ എംഎൽഎ. പട്ടയ ഭൂമിയിലെ കാർഷികേതര വാണിജ്യ നിർമാണങ്ങൾ നിയമവിരുദ്ധമായി തന്നെ തുടരും.
സർക്കാർ തീരുമാനിക്കുന്ന വ്യവസ്ഥകൾക്കനുസൃതമായി ക്രമവത്കരിക്കാനുള്ള അവകാശം നൽകുന്ന കേവലം ഭേദഗതി മാത്രമാണ് ഇപ്പോൾ പാസാക്കിയിരിക്കുന്നത്. ഇതനുസരിച്ച് നേരത്തെ നിർമിച്ച വാണിജ്യ കെട്ടിടങ്ങളോ മറ്റു സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളോ ക്രമവത്കരിച്ചുനൽകുന്നതിന് ഫീസ് ഏർപ്പെടുത്തിയാൽ അത് കൂനിമേൽ കുരുവാകും.
ജനങ്ങളെ ദുരിതത്തിലാക്കുന്ന രീതിയിലേക്കാണ് പുതിയ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിലയിലുള്ള ഏതു തീരുമാനത്തെയും രാഷ്ട്രീയപരമായും നിയമപരമായും എതിർക്കുമെന്നും കുഴൽനാടൻ പറഞ്ഞു.
ഉണർവ്: കേരള കോണ്ഗ്രസ്-എം
ഭൂപതിവ് ചട്ടം ഭേദഗതി ചെയ്തത് ആശ്വാസകരമാണെന്നും ടൂറിസം രംഗത്ത് ഉൾപ്പെടെ മലയോര മേഖലയ്ക്ക് പുത്തനുണർവ് നൽകുമെന്നും കേരള കോണ്ഗ്രസ്-എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു.
നിലവിലുള്ള പട്ടയങ്ങളിലെ നിർമാണം അംഗീകരിക്കുകയും ഇനിയുള്ള പട്ടയങ്ങളിൽ നയം രൂപീകരിക്കാൻ സർക്കാരിനെ ചുമതലപ്പെടുത്തുകയും ചെയ്തതിലൂടെ നിർമാണ തടസം പൂർണമായും മാറും.
ജനങ്ങളോടുള്ള പ്രതിബദ്ധത: എൽഡിഎഫ്
ഭൂപതിവ് നിയമം ഭേദഗതി ചെയ്തുള്ള ബില്ല് നിയമസഭ അംഗീകരിച്ചതോടെ എൽഡിഎഫ് സർക്കാരിന് ജനങ്ങളോടുള്ള പ്രതിബദ്ധത ഒരിക്കൽക്കൂടി തെളിഞ്ഞെന്ന് എൽഡിഎഫ് ജില്ലാ കണ്വീനർ കെ.കെ. ശിവരാമൻ.