കട്ടപ്പന: നിയമസഭയിൽ ഭൂനിയമ ഭേദഗതി ബിൽ ഏകകണ്ഠമായി പാസാക്കിയ ശേഷം പുറത്തുവന്ന് ചിലർ നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ അപ്രസക്തവും അപലപനീയവുമാണെന്ന് മുൻ എംപി ജോയ്സ് ജോർജ് പത്രസമ്മേളനത്തിൽ ആരോപിച്ചു.
അത്യന്തം സങ്കീർണമായ ഭൂനിയമത്തെ തലനാരിഴകീറി പരിശോധിച്ച് നിയമ വിദഗ്ധരുമായി നിരന്തരമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് സമഗ്രവും വ്യക്തവുമായ നിയമനിർമാണത്തിന് സംസ്ഥാന സർക്കാർ തയാറായത്.
ദീർഘനാളത്തെ മുന്നൊരുക്കത്തിനു ശേഷം തയാറാക്കപ്പെട്ട ഭൂനിയമ ഭേദഗതി നിയമം ഒരു കോടതിയിലും ഒരു പരിസ്ഥിതി സംഘടനയ്ക്കും ചോദ്യം ചെയ്യാനാവാത്ത വിധത്തിൽ സമ്പൂർണമായി തയാറാക്കപ്പെട്ടതാണെന്നു അദ്ദേഹം പറഞ്ഞു.
ജനപക്ഷത്തുനിന്ന് ചട്ടങ്ങൾ രൂപീകരിക്കുമെന്നു സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. ചട്ടങ്ങൾ തയാറാക്കുന്നതിന് മുമ്പും കൂടുതൽ ചർച്ചകളും ആലോചനകളും നടത്തുമെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്നും ജോയ്സ് ജോർജ് പറഞ്ഞു.
ചട്ടനിർമാണം നടത്തുമ്പോൾ കർഷകർ, വ്യാപാരികൾ തുടങ്ങി എല്ലാ വിഭാഗം ആളുകളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.