ഇടുക്കി: ഇടുക്കി ജില്ലയില്‍ വൃക്കരോഗ വിദഗ്ധരുടെ സേവനം ലഭ്യമല്ലാത്തതിനാല്‍ വൃക്കരോഗികള്‍ ദുരിതത്തിൽ. ജില്ലയില്‍ ഒരിടത്തും നെഫ്രോളജിസ്റ്റില്ലാത്തതിനാൽ ദുരിതക്കയത്തിലേക്ക് വീണിരിക്കുകയാണ് വൃക്കരോഗികൾ.
ജില്ലാ പഞ്ചായത്തിന്റെ കണക്കനുസരിച്ച് 567 രോഗികള്‍ക്കാണ് സ്ഥിരമായി ഡയാലിസിസ് ആവശ്യമായിട്ടുള്ളത്. ഇതില്‍ 294 പുരുഷന്മാരും 273 പേര് സ്ത്രീകളുമാണ്. കൊച്ചുകുട്ടികള്‍ മുതല്‍ ചെറുപ്പക്കാരും പ്രായമായവരും ഇതില്‍ ഉള്‍പ്പെടുന്നു.
ഇടുക്കി മെഡിക്കല്‍ കോളജില്‍ മാത്രമായിരുന്നു നേരത്തേ വൃക്കരോഗ വിദഗ്ധന്റെ സേവനം ജില്ലയില്‍ ലഭ്യമായിരുന്നത്. ഈ ഡോക്ടര്‍ സ്ഥലം മാറിപ്പോയതോടെ ജില്ലയില്‍ ഒരിടത്തും നെഫ്രോളജിസ്റ്റില്ലാത്ത സാഹചര്യമാണ്. വൃക്കരോഗികള്‍ക്ക് ഡയാലിസിസിനും അനുബന്ധ പരിശോധനകള്‍ക്കുമാണ് നെഫ്രോളജിസ്റ്റിന്റെ സേവനം വേണ്ടിവരുന്നത്.
ഡയാലിസിസിനും മരുന്നിനുമായി പതിനായിരക്കണക്കിനു രൂപ ചെലവഴിക്കേണ്ടിവരുന്ന വൃക്കരോഗികള്‍ ആരോഗ്യമില്ലാത്ത അവസ്ഥയിലും കിലോമീറ്റര്‍ യാത്ര ചെയ്ത് ദൂരെസ്ഥലങ്ങളില്‍ പോയി ഡോക്ടറെ കണ്ട് എല്ലാ മാസവും ഡയാലിസിസിനുള്ള കുറിപ്പടികള്‍ എഴുതിവാങ്ങേണ്ട ഗതികേടിലാണ്.
ഭരണകൂടത്തിന് നിസംഗത
വൃക്കരോഗികള്‍ ജില്ലാ കളക്ടറെ കണ്ട് നേരത്തേ നിവേദനം നല്‍കിയിരുന്നെങ്കിലും പ്രശ്നപരിഹാരത്തിന് വേണ്ട റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനോ നടപടികള്‍ സ്വീകരിക്കാനോ ജില്ലാ ഭരണകൂടം തയാറായിട്ടില്ലെന്നു പൊതുപ്രവര്‍ത്തകനായ ജോണ്സണ് കൊച്ചുപറമ്പന്‍ ആരോപിച്ചു.
കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ അടക്കം ഡയാലിസിസ് യൂണിറ്റിന്റെ കപ്പാസിറ്റിക്കനുസരിച്ച് ടെക്നീഷനും സ്റ്റാഫ് നേഴ്സുമാരും ഇല്ലാത്തതിനാല്‍ കാരുണ്യ പദ്ധതി പ്രകാരം ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുള്ളവരുടെ മൂന്നിലൊന്നു പേര്‍ക്കു മാത്രമാണ് ഇവിടങ്ങളില്‍ ഡയാലിസിസ് നടത്താന്‍ സാധിക്കുന്നത്.
ഇതോടെ തീര്‍ത്തും ദരിദ്രരായവര്‍ പോലും സ്വകാര്യ ആശുപത്രികളില്‍ പണം നല്കി ഡയാലിസിസ് നടത്തേണ്ടി വരുന്ന അവസ്ഥയാണ്.
ജില്ലാ ഭരണകൂടം അടിയന്തരമായി സര്‍ക്കാര്‍ ആശുപത്രികളിലെ ഡയാലിസിസ് കേന്ദ്രങ്ങളില്‍ ആവശ്യത്തിനു ജീവനക്കാരെ നിയമിക്കണമെന്നും ജില്ലയില്‍ വൃക്കരോഗ വിദഗ്ധന്റെ സേവനം ഉറപ്പാക്കണമെന്നും ജോണ്സണ് ആവശ്യപ്പെട്ടു.