ഇടുക്കി: ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വനംവകുപ്പിനെ നിശിതമായി വിമർശിച്ച് മനുഷ്യാവകാശ കമ്മീഷനംഗം വി.കെ. ബീനാകുമാരി. സരുൺ സജിക്കെതിരേ കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഉദ്യോഗസ്ഥരിൽനിന്നുണ്ടായത്.
കാട്ടിറച്ചി കടത്തിയെന്ന കള്ളക്കേസുണ്ടാക്കി ആദിവാസിയ യുവാവിനെ ജയിലിലടച്ചതിലൂടെ സ്വൈരമായി ജീവിക്കാനുള്ള പൗരാവകാശമാണ് ഹനിക്കപ്പെട്ടത്. സരുൺ സജിയുടെ പരാതി പരിശോധിച്ച ശേഷമാണ് കമീഷൻ ഇങ്ങനെ പ്രതികരിച്ചത്.
പല തവണ ആവശ്യപ്പെട്ടിട്ടും കേസിന്റെ ആവശ്യത്തിലേക്കുള്ള രേഖകളും റിപ്പോർട്ടുകളും നൽകുന്നതിൽ വനംവകുപ്പ് മനഃപൂർവമായ വീഴ്ച വരുത്തുകയാണ്. ഇതു സംബന്ധിച്ച് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോട് (അഡ്മിനിസ്ടേറ്റ് വിഭാഗം ) വിശദീകരണം തേടിയിട്ടുണ്ട്.
റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും കമ്മീഷൻ അംഗം അറിയിച്ചു. പോലീസെടുത്ത കേസിൽ 12 പ്രതികളും അറസ്റ്റിലായിട്ടുണ്ട്. അവശേഷിക്കുന്ന ഒരു പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച ഹൈകോടതി തള്ളി.
കോടതിയിൽ നിന്നുള്ള അറിയിപ്പു കിട്ടിയാലുടൻ ഇയാളെയും അറസ്റ്റ് ചെയ്യുമെന്നും പോലീസിന്റെ അന്വേഷണം തൃപ്തികരമാണെന്നും അടുത്ത സിറ്റിംഗിന് പരാതി വീണ്ടും പരിഗണിക്കുമെന്നും കമീഷൻ അറിയിച്ചു.
മുൻ വൈൽഡ് ലൈഫ് വാർഡന്റെമുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ (ഡിഎഫ്ഒ) ബി. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
ഏഴു ദിവസത്തിനുള്ളിൽ അന്വേഷണോദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനും കോടതി നിർദേശിച്ചു. തൊടുപുഴ ജില്ലാ കോടതി തള്ളിയതിനേത്തുടർന്നാണ് ഡിഎഫ്ഒ ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ 13 പ്രതികളിൽ പതിനൊന്നാം പ്രതിയാണ് രാഹുൽ. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്യാൻ പോലീസിനുണ്ടായിരുന്ന തടസം നീങ്ങി.
കണ്ണംപടി മുല്ല ആദിവാസി ഊരിലെ പുത്തൻപുരയ്ക്കൽ സരുൺ സജിയെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത സംഭവത്തിലാണ് കോടതിനടപടി. ബുധനാഴ്ച വിശദമായ വാദം കേട്ട ശേഷമാണ് കോടതി വെള്ളിയാഴ്ച വിധി പറഞ്ഞത്.
2022 സെപ്റ്റംബർ 20-നാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. കാട്ടിറച്ചി കടത്തി യെന്നാരോപിച്ച് ഓട്ടോറിക്ഷ ഡ്രൈവറായ സരുൺ സജിയെ കിഴുകാനം ഫോറസ്റ്റർ അനിൽ കുമാറും സംഘവും കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.