ഇടുക്കി: തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഉടുമ്പന്‍ചോലയിലെ ജനങ്ങള്‍ക്ക് സേവനം നല്‍കേണ്ട മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് പ്രതിഷേധം ഉയരുന്നത്. ഉടുന്പൻചോല താലൂക്ക് മോട്ടോർ വെഹിക്കിൾ ഓഫീസിൽ എത്തുന്നവർക്കു സേവനം യഥാസമയം ലഭ്യമാകുന്നില്ലെന്ന ആക്ഷേപം ശക്തമാവുകയാണ്.
ഇതുമൂലം ഡ്രൈവിംഗ് സ്കൂളുകൾ, പുകപരിശോധനാ കേന്ദ്രങ്ങൾ ഉൾപ്പെടെ സാധാരണക്കാർ ഉപജീവനത്തിനായി ലൈസൻസ് എടുത്തു നടത്തുന്ന സ്ഥാപനങ്ങൾ എല്ലാം അടച്ചുപൂട്ടലിന്റെ വക്കിലാണെന്നാണ് പരാതി.
പുകപരിശോധനാ കേന്ദ്രങ്ങളിൽ ഓരോ ആറുമാസം തോറും പരിശോധന നടത്തി അംഗീകാരം പുനഃസ്ഥാപിച്ചു നൽകണം. യഥാസമയം പരിശോധന നടത്തി നൽകുന്നില്ലെന്നും അതിനാൽ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ലെന്നും പരാതിയുണ്ട്.
ഈ സ്ഥാപനത്തിന്റെ അധികാര പരിധിയിൽ പത്തിലേറെ പുകപരിശോധാനാ കേന്ദ്രങ്ങളാണ് ഉള്ളത്. മിക്കവയും പൂട്ടിയ അവസ്ഥയിലാണ്. പ്രാഥമിക റിപ്പോർട്ട് നൽകേണ്ട ഉദ്യോഗസ്ഥർ യഥാസമയം അതു നൽകാത്തതിനാൽ മേലുദ്യോഗസ്ഥരും ബുദ്ധിമുട്ടിലാണ്.
പുകപരിശോധനാകേന്ദ്രങ്ങളിലെ സോഫ്ട് വെയർ പരിശോധന യഥാസമയം നടത്താൻ കഴിയുന്നില്ല. കന്പനിയിൽനിന്നു ജീവനക്കാരെത്തുന്പോൾ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
താലൂക്കിലെ വാഹനങ്ങൾ ടെസ്റ്റ് ചെയ്യേണ്ടവർ ഇപ്പോൾ ഫീസ് കൂടുതലടച്ച് മറ്റു താലൂക്കുകളിൽ പോകുകയാണ്. നെടുങ്കണ്ടത്ത് പെട്ടി ഓട്ടോയിൽ കയറ്റിയ പൈപ്പ് വാഹനത്തിനു പുറത്തേക്കു തള്ളിനിന്നതായി കുറ്റം കണ്ടുപിടിച്ച് 20,000 രൂപ പിഴ ഈടാക്കി പ്രതിഷേധം വിളിച്ചുവരുത്തിയവരും ഈ ഓഫീസിലുണ്ട്.
ഇതിനെതുടർന്നു സിപിഎം ഓഫീസ് ഉപരോധിച്ചതാണ്. എന്നാൽ, ഓഫീസിലെത്തുന്ന അപേക്ഷകളിൽ യഥാസമയം നടപടി സ്വീകരിക്കാറുണ്ടെന്നും നിയമത്തിന്റെ പരിധിയിൽനിന്നു മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു.
അഴിമതിക്കു കൂട്ടുനിൽക്കാത്തതുകൊണ്ടു മാത്രമാണ് ഓഫീസിനെതിരേ ആക്ഷേപം ഉയർത്തുന്നതെന്നും ഇവർ വ്യക്തമാക്കുന്നു.