ഇടുക്കി: പ്രൈവറ്റ് ബസ്‌സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി. ഇൻഫർമേഷൻ സെൻറർ തുടങ്ങുന്നു. സ്റ്റാൻഡിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ ഒരു ഭാഗം തിരിച്ചാണ് സെന്റർ തുടങ്ങുന്നത്. പഞ്ചായത്താണ് ഇതിനായി സംവിധാനം ഒരുക്കുന്നത്.
സ്വകാര്യ ബസുകളുടെ എണ്ണത്തേക്കാൾ അടിമാലിയിൽ സർക്കാർ ബസുകളുടെ എണ്ണം കൂടിയതോടെയാണ് സെന്റർ തുടങ്ങുവാൻ കെ.എസ്.ആർ.ടി.സി. തീരുമാനിച്ചത്. ബസുകളുടെ സമയക്രമം പാലിക്കുന്നതിനും മറ്റ് മേഖലയിലേക്ക് പോകുന്ന ബസുകളെ ക്രമീകരിക്കാനുമായി കെ.എസ്.ആർ.ടി.സി. ഒരു ജീവനക്കാരനെ നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സെൻറർ തുടങ്ങുന്നത്.
ഇനി സമയമറിയാം
സ്റ്റാൻഡിൽ എത്തുന്ന ഒട്ടേറെപ്പേരാണ് ബസുകളുടെ സമയക്രമവും വിവരങ്ങളുമറിയാതെ കഷ്ടപ്പെട്ടിരുന്നത്. സെന്റർ വരുന്നതോടെ ഇതിനൊരു പരിഹാരമാവുകയാണ്. പ്രൈവറ്റ് സ്റ്റാൻഡിൽ ഇപ്പോൾ മൂന്നു ട്രാക്കുകളാണ് കെ.എസ്.ആർ.ടി.സി.ക്ക് അനുവദിച്ചിരിക്കുന്നത്.
എന്നാൽ പലപ്പോഴും ഇതിൽ കൂടുതൽ ബസ് ഇവിടെ ഉണ്ടാകാറുണ്ട്.
ഇത് പലപ്പോഴും ഗതാഗതക്കുരുക്കിന് തന്നെ കാരണമാകുന്നതായി പ്രൈവറ്റ് ബസ് അസോസിയേഷൻ ആരോപിക്കുന്നു. ഇതിനാൽ പഞ്ചായത്തിന് മുൻപിലെ മിനി ബസ്‌സ്റ്റാൻഡ് കെ.എസ്.ആർ.ടി.സി.ക്ക് നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.