Advertisment

ഇടുക്കിയില്‍ അനധികൃതമായി കെട്ടിടങ്ങളുടെ തരം മാറ്റി നൽകിയ പഞ്ചായത്ത് ഉദ്യോഗസ്ഥനെതിരേ കേസെടുത്ത് അന്വേഷണം

പഞ്ചായത്ത് ഭരണസമിതി ആദ്യം ഇതിലെ ക്രമക്കേട് കണ്ടെത്തുകയും തുടർന്ന് വകുപ്പ്‌തല അന്വേഷണത്തിന് ശുപാർശ ചെയ്യുകയുമായിരുന്നു.

CCCC

ഇടുക്കി: ബൈസൺവാലി പഞ്ചായത്തിൽ അനധികൃതമായി കെട്ടിടങ്ങളുടെ തരം മാറ്റി നൽകിയ പഞ്ചായത്ത് ഉദ്യോഗസ്ഥനെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

 

പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് സീനിയർ ക്ലാർക്ക് ആയിരുന്ന അനീഷ്‌കുമാറിനെതിരേ കേസെടുത്തത്.ബൈസൺവാലി പഞ്ചായത്തിൽ കുഞ്ചിത്തണ്ണി ഭാഗത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന സ്വകാര്യ പബ്ലിക് സ്കൂൾ നിർത്തിയപ്പോൾ കെട്ടിടം തരം മാറ്റി റിസോർട്ടാക്കി നൽകിയതുൾെപ്പടെ അഞ്ച് കെട്ടിടങ്ങളാണ് തരം മാറ്റിയത്.

ഒരു വർഷം മുൻപ് റിസോർട്ടിനുള്ള കരം അടപ്പിച്ചിരുന്നു. എന്നാൽ, 90,000 ചതുരശ്ര അടിയിൽ പ്രവർത്തിക്കുന്നത് അനുമതി നൽകിയിരിക്കുന്നത് മേയ് 25-നാണ്. അന്നേ ദിവസമാണ് മറ്റ് കെട്ടിടങ്ങൾക്കും അനുമതി നൽകിയിരിക്കുന്നത്. ബൈസൺവാലി പഞ്ചായത്തിൽ വാണിജ്യ ആവശ്യത്തിന്‌ കെട്ടിടം നിർമിക്കുന്നതിനും ഗാർഹിക ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളെ തരം മാറ്റി നൽകുന്നതിനും അനുമതി ഇല്ലാതിരിക്കേയാണിത്.

പഞ്ചായത്ത് ഭരണസമിതി ആദ്യം ഇതിലെ ക്രമക്കേട് കണ്ടെത്തുകയും തുടർന്ന് വകുപ്പ്‌തല അന്വേഷണത്തിന് ശുപാർശ ചെയ്യുകയുമായിരുന്നു. വകുപ്പുതല അന്വേഷണത്തിൽ കെട്ടിടങ്ങളുടെ വിഭാഗം കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥരിൽനിന്ന് വീഴ്ച വന്നതായി മനസ്സിലാക്കുകയും ഇവർക്കെതിരേ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ബൈസൺവാലി പഞ്ചായത്തിൽ നിരവധി കെട്ടിടങ്ങൾക്ക് ഇങ്ങനെ തരം മാറ്റി അനുമതി നൽകിയിട്ടുള്ളതായി തെളിഞ്ഞതിനെ തുടർന്ന് പഞ്ചായത്തിലെ 90 ശതമാനം ജീവനക്കാർക്കും കൂട്ട സ്ഥലംമാറ്റം നൽകുകയും ചെയ്തു.

മേയ് 25-ന് രാവിലെ ഏഴിനും 9.45-നും ഇടയിൽ പ്രതി പഞ്ചായത്ത് ഓഫീസിൽ എത്തി ക്ലാർക്കിന്റെയും ഹെഡ് ക്ലാർക്കിന്റെയും മുൻ പഞ്ചായത്ത് സെക്രട്ടറിയുടെയും അറിവോ സമ്മതമോ ഇല്ലാതെ ഇവരുടെ പഞ്ചായത്ത് സഞ്ജയ സോഫ്റ്റ്‌വേറിൽ ലോഗിൻ ചെയ്ത് േഡറ്റാ എൻട്രി നടത്തി എന്നും ഇത് വെരിഫിക്കേഷൻ നടത്തി അപ്രൂവൽ ചെയ്തതായും സെക്രട്ടറി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

വ്യാജരേഖ ചമയ്ക്കൽ, സ്വകാര്യ ലാഭത്തിനുവേണ്ടി നിയമങ്ങളെ വളച്ചൊടിക്കൽ, സഹപ്രവർത്തകർക്ക്‌ ദോഷംരീതിയിൽ പെരുമാറൽ, അഴിമതി എന്നിങ്ങനെയുള്ള വിവിധ വകുപ്പുകൾ ചേർത്താണ് തരം മാറ്റി നൽകിയ ഉദ്യോഗസ്ഥർക്കെതിരേ കേസ് എടുത്തിരിക്കുന്നത്.

#panchayath #bisonvally
Advertisment