ഇടുക്കി: കുമളി പഞ്ചായത്തിൽ സിപിഐ അംഗം രാജിക്കൊരുങ്ങി. ഇതോടെ പഞ്ചായത്ത് എൽഡിഎഫ് ഭരണസമിതിയിൽ ഭിന്നത രൂക്ഷമായി. പഞ്ചായത്ത് ഒന്നാം വാർഡ് പ്രതിനിധി വി.സി. ചെറിയാനാണ് രാജിസന്നദ്ധതയുമായി രംഗത്തു വന്നത്.
പഞ്ചായത്തിലെ ഫണ്ടുകൾ ദുരുപയോഗം ചെയ്യുന്നത് ചൂണ്ടിക്കാട്ടിയിട്ടും നടപടി എടുക്കാത്തതാണ് പ്രതിഷേധത്തിനു കാരണമെന്ന് വി.സി. വർഗീസ് പറയുന്നു. പഞ്ചായത്തിലെ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽനിന്ന് തന്നെ ഒഴിവാക്കിയതും പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചു ജയിച്ചയാളെ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ പരിഗണിക്കുകയും പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച സീനിയർ അംഗമായ തന്നെ മനഃപൂർവം ഒഴിവാക്കുകയായിരുന്നെന്നും വർഗീസ് പറയുന്നു.
ചുരക്കുളം എസ്റ്റേറ്റിലെ ഭൂമി സംബന്ധിച്ച സാമ്പത്തിക ക്രമക്കേടുകള്‍ വി.സി. ചെറിയാന് കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തതായും പറയുന്നു.
ഇതിനു പുറമേ പഞ്ചായത്തിന്റെ ഫണ്ട് ദുർവിനിയോഗവും ചോദ്യം ചെയ്തതിനെതിരേയാണ് പ്രതികാര നടപടികൾ സ്വീകരിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു.സിപിഐയിലെ ഭിന്നതയാണ് പ്രശ്നങ്ങൾക്കു കാരണമെന്നാണ് വിലയിരുത്തൽ.