ഇടുക്കി: ചിന്നക്കനാൽ പഞ്ചായത്തിൽ കോൺഗ്രസിന് ഭരണം നഷ്ടമായി. കോൺഗ്രസ് അംഗമായ പഞ്ചായത്ത് പ്രസിഡൻ്റ് സിനി ബേബിക്കെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ആറിനെതിരെ ഏഴുവോട്ടുകൾക്ക് പാസായി.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ വള്ളിയമ്മാൾക്കെതിരെയുള്ള അവിശ്വാസപ്രമേയത്തിൽനിന്ന് കോൺഗ്രസ് അംഗങ്ങൾ വിട്ടു നിന്നു.
ചിന്നക്കനാൽ പഞ്ചായത്തിൽ എൽഡിഎഫിന് ഭൂരിപക്ഷം ഉണ്ടായിട്ടും സിപിഎം, സിപിഐ ഭിന്നതമൂലം ആറ് അംഗങ്ങളുള്ള കോൺഗ്രസിന് ആയിരുന്നു ഇതുവരെ ഭരണം. ഇരു പാർട്ടികളുടെയും ജില്ലാ നേതാക്കൾ ഇടപെട്ടാണ് ഭിന്നത പരിഹരിച്ചത്. ഇതോടെയാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ എൽഡിഎഫ് തീരുമാനിച്ചത്.
കോൺഗ്രസ് 6, സിപിഎം 2, സിപിഐ 4, സിപിഎം പിന്തുണയുള്ള സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ നിലവിലെ കക്ഷിനില. 15 ദിവസത്തിനകം പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് പദവികളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് നടക്കും.