തൊടുപുഴ: ക്ഷേമപെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഭിക്ഷയാചിച്ച് പ്രതിഷേധിച്ച വയോധികമാര്‍ക്ക് സഹായഹസ്തവുമായി മട്ടാഞ്ചേരിയിലെ വ്യവസായിയായ മുകേഷ് ജെയ്ന്‍. വീട്ടിലെത്തി അരിയും പലചരക്കും സാധനങ്ങളും നല്‍കിയ ശേഷം മുകേഷ് ജെയ്ന്‍ പലചരക്ക് കടയില്‍ മറിയക്കുട്ടിയും അന്നക്കുട്ടിയും നല്‍കാനുള്ള കടം തീര്‍ക്കുകയും ചെയ്തു. ഇരുവര്‍ക്കും ചട്ടയും മുണ്ടും സമ്മാനിച്ചു.
ഇരുവരുടെയും പ്രതിഷേധം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നതോടെ പലകോണുകളില്‍ നിന്ന് സഹായങ്ങള്‍ ലഭിച്ചിരുന്നു. ഇന്ന് രാവിലെ അടിമാലിയിലെ ഇരുന്നേറക്കറിലെ മറിയക്കുട്ടിയുടെയും അന്നക്കുട്ടിയുടെയും വീട്ടിലെത്തിയാണ് സഹായം നല്‍കിയത്.
ക്ഷേമപെന്‍ഷന്‍ ലഭിച്ചാല്‍ മാത്രമെ പലചരക്ക് കടയിലെ കടം വീട്ടാനാകൂ എന്ന് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് മുകേഷ് ജെയ്ന്‍ പലചരക്ക് കടയിലെ കടം തീര്‍ത്തു.
യാചനാസമരം നടത്തിയതിന് പിന്നാലെ, മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന് ദേശാഭിമാനിയില്‍ വാര്‍ത്ത വന്നിരുന്നു. ഇതേതുടര്‍ന്ന് തന്നെ സഹായിക്കാന്‍ വന്നവര്‍ പോലും തിരികെ പോയിരുന്നെന്ന് മറിയക്കുട്ടി ആരോപിച്ചിരുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസം ദേശാഭിമാനി ഖേദം പ്രകടിപ്പിച്ചിരുന്നു.