മൂന്നാർ: ∙ സർക്കാർ ഭൂമി കയ്യേറി നടത്തിവന്ന കെട്ടിട നിർമാണങ്ങൾ പഞ്ചായത്ത് ഏറ്റെടുത്തു. ഇക്കാ നഗറിൽ പൊതുമരാമത്ത് വകുപ്പ് വക ഭൂമി കയ്യേറി നടത്തിവന്ന മൂന്ന് കെട്ടിടങ്ങളുടെ നിർമാണങ്ങളാണ് ഏറ്റെടുത്ത് സർക്കാർ ബോർഡ് സ്ഥാപിച്ചത്. ഒരു മാസം മുൻപാണു ടൗണിനു സമീപമുള്ള സെന്റിന് ലക്ഷങ്ങൾ വിലമതിക്കുന്ന 20 സെന്റിലധികം സ്ഥലം മൂന്നു പേർ ചേർന്നു കയ്യേറി കെട്ടിടം നിർമാണമാരംഭിച്ചത്.
പഞ്ചായത്ത്, റവന്യു വകുപ്പുകളുടെ അനുമതി ഇല്ലാതെയായിരുന്നു കെട്ടിട നിർമാണം നടന്നു വന്നത്. ഒരാഴ്ച മുൻപ് പഞ്ചായത്ത് അധികൃതരെത്തി നിർമാണം തടഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ ജോലിക്കാരെ ഉപയോഗിച്ചു കോൺക്രീറ്റ് ഉൾപ്പെടെയുള്ള പണികൾ തുടരുകയായിരുന്നു.തുടർന്നാണ് ഇന്നലെ പഞ്ചായത്ത് സെക്രട്ടറി കെ.എൻ.സഹജൻ പൊലീസ് സഹായത്തോടെ മൂന്ന് നിർമാണങ്ങൾ ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചത്.