Advertisment

കായികപരിശീലനമില്ല, ഹോസ്റ്റൽ പൂട്ടി: കായിക പരിശീലനത്തിനായി കോടികൾ ചെലവഴിച്ച് നിർമിച്ച മൂന്നാർ ഹൈ ആൾട്ടിട്യൂഡ് സ്റ്റേഡിയത്തിന്റെ പ്രവർത്തനം നിലച്ചു.

സ്റ്റേഡിയം 'ഹൈ ആൾട്ടിട്യൂഡിൽ', നിലവാരം 'ലോ ആൾട്ടിട്യൂഡിൽ'

hfghfg

 

മൂന്നാർ : കായിക പരിശീലനത്തിനായി കോടികൾ ചെലവഴിച്ച് നിർമിച്ച മൂന്നാർ ഹൈ ആൾട്ടിട്യൂഡ് സ്റ്റേഡിയത്തിന്റെ പ്രവർത്തനം നിലച്ചു. പ്രാദേശിക കായികതാരങ്ങൾ ഉൾപ്പെടെയുള്ളവരെ താമസിപ്പിച്ച് പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംസ്ഥാന കായിക മന്ത്രാലയത്തിന്റെ പദ്ധതിയാണ് പാതിവഴിയിൽ മുടങ്ങിയത്. കഴിഞ്ഞ അധ്യയനവർഷം മുതൽ കുട്ടികൾക്ക് പ്രവേശനം നൽകുന്നത് അവസാനിപ്പിച്ചതോടെ ഉന്നത നിലവാരത്തിലുള്ള കായിക പരിശീലനമെന്നത് സ്വപ്നം മാത്രമായി.

Advertisment

വിദേശരാജ്യങ്ങളിൽ മത്സരങ്ങൾക്ക് പോകുന്ന കായികതാരങ്ങൾക്ക് അതേ കാലാവസ്ഥയുള്ള മൂന്നാറിൽ വിദഗ്ധ പരിശീലനം നൽകാനാണ് സ്റ്റേഡിയവും പരിശീലനകേന്ദ്രവും സ്ഥാപിച്ചത്.

ഇതിനായി ഏഴ് കോടി രൂപ ചെലവഴിച്ച് 2008 മാർച്ച് 16-നാണ് പഴയ കുതിരപ്പന്തയമൈതാനം സ്റ്റേഡിയമാക്കിമാറ്റിയത്.

സിന്തറ്റിക് ട്രാക്ക് ഉൾപ്പെടെ അന്താരാഷ്ട്ര നിലവാരത്തിൽ പണികൾ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഹോസ്റ്റൽ കെട്ടിടമല്ലാതെ മറ്റൊന്നും നിർമിക്കാനായില്ല.

ഒളിമ്പിക് ട്രെയിനിങ് സെന്ററായി ഉയർത്തുമെന്ന് പ്രഖ്യാപിച്ച സ്റ്റേഡിയം ഇപ്പോൾ കാടുകയറി കന്നുകാലികളുടെ മേച്ചിൽസ്ഥലമായി മാറിയിരിക്കുകയാണ്.

ഹോസ്റ്റൽ അടച്ചുപൂട്ടിയിട്ട് രണ്ട് വർഷം

ഏഴു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളെ സൗജന്യമായി താമസിപ്പിച്ച് ഫുട്ബോൾ ഉൾപ്പെടെയുള്ള കായിക ഇനങ്ങളിൽ മികച്ച പരിശീലനം നൽകുന്നതിനാണ് ഹോസ്റ്റൽ സ്ഥാപിച്ചത്. എന്നാൽ രണ്ടു വർഷമായി ഹോസ്റ്റൽ പൂർണമായി അടഞ്ഞുകിടക്കുകയാണ്.

30 കുട്ടികൾക്കും പരിശീലകർക്കും ഒരേസമയം ഇവിടെ താമസിച്ച് പരിശീലനം നേടുന്നതിനുള്ള സൗകര്യമൊരുക്കിയിരുന്നു. 2020 വരെ ചെറിയ രീതിയിലെങ്കിലും പരിശീലനം നടന്നിരുന്നു. അടുത്തകാലത്തായി 1.76 കോടി രൂപ ചെലവഴിച്ച് ഹോസ്റ്റലിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും തുറന്നു പ്രവർത്തിക്കാനായില്ല.

പുതിയ ബ്ലോക്കോ... തൂണുകൾമാത്രം

പദ്ധതിയുടെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായാണ് ഹോസ്റ്റലിനോട് ചേർന്ന് പുതിയ ബ്ലോക്ക് നിർമിക്കാൻ തീരുമാനിച്ചത്. പണികൾ ആരംഭിച്ചെങ്കിലും കെട്ടിടത്തിന്റെ തൂണുകൾ നിർമിച്ചതിനുശേഷം ഉപേക്ഷിച്ചു. ഇപ്പോൾ ഈ ഭാഗം കാടുമൂടി. ഇതോടെ സർക്കാരിന് ലക്ഷങ്ങളാണ് നഷ്ടമായത്.

പ്രാദേശിക താരങ്ങൾക്ക് ഇനി പരിശീലനമില്ല

പ്രവർത്തനമാരംഭിച്ചാൽ തന്നെ ദേശീയ, സംസ്ഥാന തലത്തിലുള്ള താരങ്ങൾക്ക് മാത്രം പരിശീലനം നൽകിയാൽ മതിയെന്നാണ് തീരുമാനം. ഇതോടെ ഫുട്ബോളിന് ഏറെ പ്രാധാന്യമുള്ള മൂന്നാർ മേഖലയിലെ കുട്ടികളുടെ വിദഗ്ധ പരിശീലനമെന്ന സ്വപ്നം നടപ്പാകില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പല സന്തോഷ്‌ ട്രോഫി താരങ്ങളും സ്കൂൾ പഠനകാലത്ത് ഇവിടെ പരിശീലനം നടത്തിയിട്ടുണ്ട്. വർഷത്തിൽ ഒന്നോ രണ്ടോ സ്പോർട്സ് ക്യാമ്പുകൾ മാത്രമാണ് ഇപ്പോൾ സ്റ്റേഡിയത്തിൽ നടക്കുന്നത്.

#High Altitude Stadium #munnar
Advertisment