ഇടുക്കി: മുട്ടം കോടതിവളപ്പിൽ പാർക്കുചെയ്തിരുന്ന അഭിഭാഷകന്റെ കാർ കുത്തിത്തുറന്ന് 45 കുവൈത്തി ദിനാറും 5630 രൂപയും കവർന്ന സംഭവത്തിൽ പ്രതികളിലൊരാൾ അറസ്റ്റിൽ. ഒരാൾ ഒളിവിലാണ്.
വണ്ണപ്പുറം 40 ഏക്കർ സ്വദേശി അശ്വിനെ(19) വീട്ടിൽനിന്നാണ് മുട്ടം പോലീസ് അറസ്റ്റുചെയ്തത്. ഇയാളെ കോടതി റിമാൻഡുചെയ്തു.11-നാണ് അഡ്വ. ബേസിൽ ബാബുവിന്റെ കാറിൽനിന്ന് മോഷണം നടത്തിയത്.
രണ്ടാമത്തെ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനയുണ്ടെന്നും ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി. കാഞ്ഞാർ, കാളിയാർ, തൊടുപുഴ സ്റ്റേഷനുകളിലായി വിവിധ മോഷണക്കേസുകളിൽ പ്രതിയാണ് അശ്വിൻ. മുട്ടം സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രിൻസ് ജോസഫ്, എസ്.ഐ.മാരായ ഹാഷിം, അനിൽകുമാർ, സി.പി.ഒ.മാരായ അൻസിൽ, ലിജു എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷിച്ച് പ്രതിയെ പിടികൂടിയത്.