കട്ടപ്പന: നിർധന കുടുംബത്തിന് വീട് നിർമിച്ചു നൽകി. വണ്ടൻമേട് പഞ്ചായത്തിൽ നല്ലതന്പി കോളനിയിൽ താമസിക്കുന്ന നാഗരാജിനും കുടുംബത്തിനുമാണ് എട്ടു ലക്ഷം രൂപ മുടക്കി വീട് നിർമിച്ചു നൽകിയത്. ഹോസ്പിറ്റലർ ബ്രദേഴ്സ് ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സന്യാസ സഭയുടെ സെന്റ് ജോണ്‍സ് ഹോസ്പിറ്റലിന്റെ ഭവനനിർമാണ പദ്ധതിയിൽപ്പെടുത്തിയാണ് വീട് നിർമിച്ചു നൽകിയത്.
വർഷങ്ങളായി വീടില്ലാതെ കഷ്ടപ്പെട്ടിരുന്ന നാഗരാജിന്റെ കുടുംബത്തിന്റെ ദുരവസ്ഥ ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് ഹോസ്പിറ്റൽ ഡയറക്ടർ ബ്രദർ ബൈജു വാലുപറന്പിലിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് വീട് നിർമിച്ചു നൽകിയത്.
ജില്ലാ കളക്ടർ ഷീബ ജോർജ് വീടിന്റെ താക്കോൽദാനം നിർവഹിച്ചു. ആശുപത്രി ഡയറക്ടർ ബ്രദർ ബൈജു വാലുപറന്പിൽ, അസോസിയേറ്റ് ഡയറക്ടർമാരായ ബ്രദർ തോമസ്, ബ്രദർ സിബി, ജനറൽ മാനേജർ ജേക്കബ് കോര എന്നിവർ സന്നിഹിതരായിരുന്നു.
സെന്റ് ജോണ്‍സ് ഹോസ്പിറ്റലിന്റെ ഭവനപദ്ധതിയിൽ കട്ടപ്പനയിലും ഇടുക്കി ജില്ലയുടെ മറ്റു ഭാഗങ്ങളിലുമായി ആറായിരത്തോളം വീടുകൾ ഇതിനോടകം നിർമിച്ചു നൽകിയിട്ടുണ്ട്. വാഴവരയിലും മേരികുളത്തുമായി അടുത്ത വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.