മൂന്നാർ: രാത്രിയിൽ ബൈക്കിൽ സഞ്ചരിച്ച പെയിന്റിങ് തൊഴിലാളി പടയപ്പയുടെ മുൻപിൽ പെട്ടു. ബൈക്ക് ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപ്പെട്ടു. ബൈക്ക് പടയപ്പ ചവിട്ടി നശിപ്പിച്ചു. കണ്ണൻദേവൻ കമ്പനി ദേവികുളം എസ്റ്റേറ്റിൽ ലോവർ ഡിവിഷനിൽ ജി.പാക്യരാജാണു (45) പടയപ്പയുടെ മുൻപിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ദേവികുളം ഒ.ഡി.കെ. ഡിവിഷനിൽ വച്ചാണു സംഭവം.
ഗൂഡാർവിളയിലുളള ബന്ധുവിന്റെ വീട്ടിലെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം ഇയാൾ ബൈക്കിലും ഭാര്യ ഉൾപ്പെടെയുള്ളവർ ഒരു ഓട്ടോയിലും വീട്ടിലേക്കു പോകുകയായിരുന്നു. ബൈക്കിൽ മുൻപിൽ പോയ പാക്യരാജ് കൊടുംവളവിൽ നിന്നിരുന്ന പടയപ്പ എന്ന കൊമ്പന്റെ മുൻപിൽ പെടുകയായിരുന്നു.
ഇയാൾ പിന്നാലെയെത്തിയ ഓട്ടോയിൽ അഭയം തേടി. റോഡിൽ ഉപേക്ഷിച്ച ബൈക്ക് ആന എടുത്തെറിഞ്ഞ ശേഷം ചവിട്ടി നശിപ്പിക്കുകയായിരുന്നു. ഇതു വഴിയെത്തിയ മറ്റു വാഹനങ്ങളിലെ യാത്രക്കാരും ഓട്ടോയിലുണ്ടായിരുന്നവരും ബഹളം വച്ചതിനെ തുടർന്നാണ് ആന അര മണിക്കൂറിനു ശേഷം കാട്ടിലേക്ക് മടങ്ങിയത്.