തൊടുപുഴ: കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് പിരിച്ചുവിട്ട് നേതാക്കൾ കോൺഗ്രസിൽ ലയിക്കണമെന്ന് കേരള കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി പ്രസിഡന്റ് കെ.ഐ. ആന്റണി ആവശ്യപ്പെട്ടു. കർഷകരെ സംരക്ഷിക്കുന്നതിനും കേരളത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിനും രൂപംകൊണ്ടതാണ് കേരള കോൺഗ്രസ് പാർട്ടി.
ഈ ലക്ഷ്യങ്ങൾ നേടുന്നതിന് കോൺഗ്രസിലൂടെ കഴിയില്ലെന്ന ബോധ്യം വന്ന കോൺഗ്രസ് നേതാക്കളാണ് 1964ൽ കേരള കോൺഗ്രസിന് ജന്മം നൽകിയത്. എന്നാൽ ഇന്ന് കേരള കോൺഗ്രസ് എന്ന് അവകാശപ്പെടുന്ന പി.ജെ. ജോസഫും ഫ്രാൻസിസ് ജോർജും കർഷക ദ്രോഹ നടപടികൾക്ക് നേതൃത്വം നൽകുകയാണ്. 1960 മുതൽ ഇടുക്കിയിലെയും കുടിയേറ്റ മേഖലകളിലെയും കർഷകർ അനുഭവിച്ചിരുന്ന ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ഇടതുമുന്നണി സർക്കാർ കൊണ്ടുവന്ന കർഷക ബില്ല് ജോസഫ് ഗ്രൂപ്പ് നേതാക്കൾ കത്തിച്ച നടപടി കാർഷിക കേരളത്തിന് പൊറുക്കാനും മറക്കാനും കഴിയുന്നതല്ല.
ജോസഫ് ഗ്രൂപ്പ് കർഷക ബില്ല് കത്തിച്ച് ആഴ്ചകൾ കഴിഞ്ഞാണ് കോൺഗ്രസ് ബില്ല് കത്തിച്ചതെന്നത് ശ്രദ്ധേയമാണ്. കർഷക ദ്രോഹ നയത്തിൽ കോൺഗ്രസിന് നേതൃത്വം നൽകുന്ന ജോസഫ് ഗ്രൂപ്പ് നേതാക്കൾ പാർട്ടി പിരിച്ചുവിട്ട് കോൺഗ്രസിൽ ലയിക്കുന്നതാണ് നല്ലത്. ജോസഫ് ഗ്രൂപ്പിലെ യഥാർത്ഥ കർഷകരെയും കർഷക സ്‌നേഹികളെയും കേരള കോൺഗ്രസിലേക്ക് (എം) സ്വാഗതം ചെയ്യുന്നതായി കെ.ഐ. ആന്റണി അറിയിച്ചു.