ഇടുക്കി: വണ്ടിപ്പെരിയാർ മൂങ്കലാർ ജനവാസമേഖലയിൽ ഇറങ്ങിയ പുലിയെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തമായി.
രണ്ടു മാസമായി ജനവാസമേഖലയിൽ ഇറങ്ങിയ പുലി ആട്, കോഴി, നായ തുടങ്ങിയ വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുകയാണ്. പ്രദേശത്ത് പല ഭാഗങ്ങളിലായി വളർത്തുമൃഗങ്ങളെ ചത്ത നിലയിൽ കണ്ടെത്തിയതിനേത്തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു.
പ്രദേശത്തെ എസ്റ്റേറ്റിൽ ജോലിക്കു പോകുന്ന തൊഴിലാളികളടക്കം പലരും പകലും രാത്രിയിലുമായി പുലിയെ കണ്ടതായി പറയുന്നു. വിവരമറിയിച്ചതിനേത്തുടർന്ന് വനപാലകർ സ്ഥലത്തെത്തി നിരീക്ഷണ കാമറ സ്ഥാപിക്കുകയും പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തു.
ഇതിനു ശേഷവും പുലിയെ പിടികൂടുന്നതിനുള്ള നടപടികൾ വനംവകുപ്പ് സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.പ്രദേശത്തെ തൊഴിലാളികൾ പുലിഭീതിമൂലം ജോലിക്കു പോകാത്ത അവസ്ഥയായി.