ഇടുക്കി: രാജാക്കാട് നിർമാണം പൂർത്തിയാകുന്ന ചെമ്മണ്ണാർ-ഗ്യാപ് റോഡിൽ രാജാക്കാട് കുത്തുങ്കലിനു സമീപം മമ്മട്ടിക്കാനം മങ്കാരം വളവിൽ ചരക്കുലോറി വളവു തിരിയാതെ റോഡിൽ കുടുങ്ങി. ഇന്നലെ രാവിലെ ഒന്പതോടെയാണ് സംഭവം.
രാജാക്കാട് ഭാഗത്തുനിന്നു വന്ന ലോറി വളവ് തിരിയാതെ റോഡിൽ സ്ഥാപിച്ച ബാരിക്കേഡിൽ ഇടിച്ചു നിന്നതിനാൽ വലിയ അപകടം ഒഴിവായി. ലോറി റോഡിൽ വട്ടം കുടുങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം ഒരു മണിക്കൂറോളം തടസപ്പെട്ടു. പിന്നീട് ടിപ്പറുകൾ ഉപയോഗിച്ച് ചരക്കുലോറി കെട്ടിവലിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
പ്രദേശത്ത് നിരവധി കൊടുംവളവുകൾ ഉള്ളതിനാൽ വലിയ വാഹനങ്ങൾ റോഡിൽ കുടുങ്ങുക പതിവാണ്. പുതുക്കി നിർമിച്ചപ്പോൾ റോഡിന്റെ വളവുകൾ നിവർത്താതെ അശാസ്ത്രീയമായ നിർമാണമാണ് നടത്തിയിട്ടുള്ളതെന്ന് നാട്ടുകാർ ആരോപിക്കുന്നു.