ഇടുക്കി: മറയൂർ പഞ്ചായത്തിലെ നാച്ചിവയലിൽ മലിനമായ കുടിവെള്ളം വിതരണംചെയ്യുന്നതിൽ പ്രതിഷേധവുമായി സി.പി.എം. പ്രവർത്തകർ. ഇതേത്തുടർന്ന് പ്രവർത്തകർ ജലത്തിന്റെ സാമ്പിൾ ശേഖരിച്ച് കളക്ടർക്ക് അയച്ചുകൊടുത്തു.
ആറു കിലോമീറ്റർ അകലെ മേലാടി ഭാഗത്ത് കന്നിയാർ പുഴയിൽ നിന്നും വെള്ളം ശേഖരിച്ചാണ് പ്രദേശത്ത് വിതരണംചെയ്യുന്നത്.
കന്നിയാർ പുഴയിൽനിന്നും സംഭരിക്കുന്ന വെള്ളം ശുദ്ധീകരിക്കാതെ വിതരണം നടത്തുന്നതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
രണ്ടുമാസം മുമ്പാണ് 14 ലക്ഷം രൂപ ചെലവിൽ നാച്ചിവയലിൽ വാട്ടർ ടാങ്ക് നിർമിച്ചത്. ടാങ്ക് നിർമാണത്തിൽ വ്യാപകമായ അഴിമതി നടന്നെന്ന ആരോപണവുമായി സി.പി.എം. ഏരിയ കമ്മിറ്റിയംഗം എസ്. ചന്ദ്രന്റെ നേതൃത്വത്തിൽ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. പുതിയടാങ്ക് നിർമിച്ചിട്ടും ഒരു പ്രയോജനവുമില്ലെന്ന് സി.പി.എം. പ്രവർത്തകർ പറയുന്നു. ശുദ്ധീകരിച്ച കുടിവെള്ളം വിതരണം നടത്തിയില്ലെങ്കിൽ ശക്തമായ സമരപരപാടികളുമായി രംഗത്തിറങ്ങുമെന്ന് എസ്. ചന്ദ്രൻ പറഞ്ഞു.