/sathyam/media/media_files/WyjwZ8XqhoXYik41X7wZ.png)
ഇടുക്കി: പുളിയൻമല-തൊടുപുഴ സംസ്ഥാന പാതയുടെ ഭാഗമായ മൂലമറ്റം റോഡിൽ അപകടം പതിവാകുന്നത് ആശങ്കയുയർത്തുന്നു. ഇതോടൊപ്പം ഹൈറേഞ്ചിലെ റോഡുകളിലും അപകടം പതിയിരിക്കുന്നു.
ഇന്നലെ ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി വാഹനാപകടങ്ങളാണ് ഉണ്ടായത്. ജീവൻ പണയംവച്ചാണ് യാത്രക്കാർ ഇതുവഴി സഞ്ചരിക്കുന്നത്. ഇവിടെയുള്ള റോഡുകളിൽ വാഹനങ്ങളുടെ കൂട്ടയിടി നിത്യസംഭവമായി മാറുന്നു.അമിതവേഗത മാത്രമല്ല മഴയിൽ കുതിർന്നറോഡുകളുടെ തൽസ്ഥിതിയും അപകടമാണ് വരുത്തിവയ്ക്കുന്നത്.
മുട്ടത്തിനു സമീപം ശങ്കരപ്പള്ളി പതിവായി അപകടം ഉണ്ടാകുന്ന മേഖലയാണ്. സർവീസ് ബസുകൾ ഉൾപ്പെടെ നൂറുകണക്കിനു വാഹനങ്ങൾ സഞ്ചരിക്കുന്ന ഈ റൂട്ടിൽ പല ഭാഗത്തും അപകടങ്ങൾ നിത്യസംഭവമായിട്ടും അധികൃതർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വാഹനങ്ങളുടെ അമിത വേഗവും ചിലയിടങ്ങളിൽ റോഡ് നിർമാണത്തിലുണ്ടായ അപാകതയുമാണ് ഇവിടെ വാഹനങ്ങൾ അപകടത്തിൽപ്പെടാൻ കാരണമെന്നും ചുണ്ടിക്കാണിക്കപ്പെടുന്നു.ഇന്നലെ ശങ്കരപ്പള്ളിയിൽ നാലു വാഹനങ്ങളാണ് സ്വകാര്യ ബസ് നിയന്ത്രണം വിട്ടതിനേത്തുടർന്ന് കൂട്ടിയിടിച്ചത്.
ബസ്, ലോറി, ഓട്ടോ, സ്കൂട്ടർ എന്നീ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം പെരുമറ്റം മുസ്ലീം പള്ളിക്കു സമീപം ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. ഏതാനും ദിവസം മുന്പ് മ്രാല ജംഗ്ഷനിൽ നിയന്ത്രണംവിട്ട ബസ് പാതയോരത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ചുകയറിയിരുന്നു.
കഴിഞ്ഞ മാസം 10ന് അറക്കുളം അശോക കവലയിൽ നിയന്ത്രണംവിട്ട കാർ കടയിലും സമീപത്ത് പാർക്ക് ചെയ്തിരുന്ന ലോറിയിൽ ഇടിച്ചുകയറി ആറു പേർക്ക് പരിക്കേറ്റിരുന്നു. ഏതാനും ദിവസം മുന്പ് അറക്കുളത്ത് ആംബുലൻസ് നിയന്ത്രണംവിട്ടു മറിഞ്ഞിരുന്നു. മുട്ടത്തിനു സമീപം ശങ്കരപ്പള്ളിയിലാണ് പതിവായി അപകടം ഉണ്ടാകുന്നത്.
ഏതാനും മാസം മുന്പ് നിയന്ത്രണംവിട്ട സ്വകാര്യ ബസ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ സംഭവമുണ്ടായിരുന്നു. ഒട്ടേറെ അപകടങ്ങളാണ് അടുത്ത കാലത്തായി ഇവിടെ ഉണ്ടായത്. മഴക്കാലത്താണ് അപകടങ്ങൾ ഏറെയും സംഭവിക്കുന്നത്. മഴ പെയ്ത് റോഡ് തെന്നിക്കിടക്കുന്നതിലാണ് ബ്രേക്ക് കിട്ടാതെയും മറ്റും വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്.
നടപടിയൊന്നുമില്ല
തൊടുപുഴ-മൂലമറ്റം റൂട്ടിലെ വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാൻ നേരത്തെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പദ്ധതികൾ ആവിഷ്കരിച്ചിരുന്നെങ്കിലും ഇപ്പോൾ ഒരു നടപടിയുമില്ല.
അപകടങ്ങൾ വർധിച്ചതോടെ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി, മോട്ടോർ വാഹനവകുപ്പ്, പോലീസ്, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലാണ് അപകടങ്ങൾ കുറയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയത്.
മോട്ടോർ വാഹനവകുപ്പിന്റെ വഴിക്കണ്ണ് പദ്ധതിയുടെ ഭാഗമായി ഡ്രൈവർമാർക്ക് ബോധവത്കരണം ഉൾപ്പെടെയുള്ള പരിപാടികളും നിരന്തരം നിരീക്ഷണവും നടത്തിയിരുന്നു. ഇതോടെ ഈ റൂട്ടിൽ വാഹനാപകടങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ കഴിഞ്ഞിരുന്നു.
എന്നാൽ, ഇപ്പോൾ വാഹന പരിശോധന ഉൾപ്പെടെ നിരീക്ഷണം കുറഞ്ഞതോടെയാണ് അമിത വേഗവും മത്സരയോട്ടവും വർധിച്ചത്. ഇതോടെ അപകടങ്ങളുടെ തോതും വർധിച്ചതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.