തൊടുപുഴ നഗര മധ്യത്തിലെ സ്ഥാപനങ്ങളിൽനിന്നു തൊടുപുഴയാറിലേക്ക് ശുചിമുറി മാലിന്യങ്ങൾ അടക്കമുള്ളവ ഒഴുക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓടകളുടെ സ്ലാബ് നീക്കി പരിശോധന നടത്തി.
ശുചീകരണ വിഭാഗം ജീവനക്കാരെ ഉപയോഗിച്ച് ഗാന്ധി സ്ക്വയർ മുതൽ പാലാ റൂട്ടിൽ മാതാ ഷോപ്പിംഗ് കോംപ്ലക്സ് വരെയുള്ള ഓടകളുടെ സ്ലാബുകൾ നീക്കിയാണ് പരിശോധന നടത്തിയത്.
മൂന്നു വ്യാപാര സ്ഥാപനങ്ങളിൽനിന്ന് പിവിസി പൈപ്പ് ഉപയോഗിച്ച് മലിനജലം ഓടയിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തി. ഈ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുന്നതിനായി നോട്ടീസ് നൽകി.
വീടുകളിൽനിന്നും വ്യാപാര സ്ഥാപനങ്ങളിൽനിന്നും മലിനജലം ഓടയിലേക്കും ജലസ്രോതസിലേക്കും പൊതു ഇടങ്ങളിലേക്കും ഒഴുക്കുന്നവർക്കെതിരേ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, സെക്രട്ടറി ബിജുമോൻ ജേക്കബ് എന്നിവർ അറിയിച്ചു.
സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്്ടർ പ്രദീപ് രാജ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.പി. സതീശൻ, പി.വി. ദീപ, വി.ഡി. രാജേഷ്, ബി.എം. അന്പിളി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.