/sathyam/media/media_files/u8sK11N4qAB26w8fX1cp.jpg)
തൊടുപുഴ: കാൽനടയാത്രക്കാർക്ക് വെല്ലുവിളിയുയർത്തി തൊടുപുഴ നഗരത്തിലെ നടപ്പാതകൾ. പല നടപ്പാതകളുടെയും പൊട്ടിപൊളിഞ്ഞ നിലയിലുള്ള സ്ലാബുകൾ യാത്രക്കാർക്ക് വൻ അപകടഭീഷണിയാണ് ഉയർത്തുന്നത്. തൊടുപുഴ നഗരത്തിൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി യാത്ര ചെയ്യാനാണ് നടപ്പാതകൾ നിർമിച്ചിരിക്കുന്നതെങ്കിലും ഇപ്പോൾ തിരക്കേറിയ റോഡിൽ വാഹനങ്ങൾക്കിടയിലൂടെ വേണം ജനങ്ങൾ സഞ്ചരിക്കാൻ.
പല ഭാഗത്തും കച്ചവടക്കാരും വാഹനങ്ങളും നടപ്പാതകൾ കൈയടക്കുന്ന സ്ഥിതിയാണ്. ചിലയിടത്ത് നടപ്പാതകളുടെ സംരക്ഷണവേലി തകർന്നും വള്ളിപ്പടർപ്പുകൾ നിറഞ്ഞും അപകടകരമായാണ് കിടക്കുന്നത്.
ഗാന്ധിസ്ക്വയർ, നഗരസഭാ ഓഫീസിന് മുൻവശം, നേരത്തേ പോലീസ് സ്റ്റേഷൻ ഇരുന്ന ഭാഗം എന്നിവിടങ്ങൾ ഉൾപ്പെടെ നഗരത്തിലെ ഒട്ടുമിക്കയിടങ്ങളിലെയും നടപ്പാത ഒരുവിധത്തിലും ഉപയോഗിക്കാനാവാത്ത നിലയിലാണ്.
എല്ലായിടത്തും നടപ്പാതകൾ തിരിച്ചിട്ടുണ്ടെങ്കിലും സംരക്ഷണവേലികളും അതിൽ സ്ഥാപിച്ചിരിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യ ബോർഡുകളും ഉൾപ്പെടെയുള്ളവ തകർന്ന് ആളുകൾ നടക്കുന്ന ഭാഗത്തും റോഡിലേക്കും തൂങ്ങിക്കിടക്കുന്ന നിലയിലാണ്. കാലങ്ങളായി ശുചീകരിക്കാത്തതുമൂലം പലയിടത്തും കാടും പടലും നിറഞ്ഞ നിലയിലുമാണ്.
ചില സ്ഥലങ്ങളിൽ നടപ്പാതകളുടെ ഉയരവും പ്രധാന പ്രശ്നമാണ്. ഉയരക്കുറവുള്ള ഇടങ്ങളിൽ ചെളിയും വെള്ളവും മറ്റു മാലിന്യങ്ങളും നിറഞ്ഞ് നടക്കാനാവാത്ത സാഹചര്യമാണുള്ളത്. മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടിൽ നടപ്പാതയിൽ അടിഞ്ഞുകൂടുന്ന മാലിന്യം പിന്നീട് നീക്കംചെയ്യാറില്ല.
ഈ ഭാഗങ്ങളിൽ യാത്രക്കാർ റോഡിലേക്ക് ഇറങ്ങേണ്ടി വരുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. മറ്റു ചിലയിടങ്ങളിൽ ഉയരക്കൂടുതലാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. റോഡിൽനിന്നു ഏറെ ഉയരത്തിലുള്ള നടപ്പാതകൾ സ്ത്രീകളും കുട്ടികളും പ്രായമായവരും അടക്കമുള്ള യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
നടപ്പാതകളായി ഉപയോഗിക്കുന്ന ഓടകളുടെ മുകളിലെ സ്ലാബുകൾ തകർന്നതും വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്. തൊടുപുഴ-പാലാ റോഡിൽ സ്ലാബുകൾ തകർന്നത് വൻ അപകടഭീഷണിയാണ് ഉയർത്തുന്നത്.
തകർന്നതും ഇരുന്പു കന്പിയും മറ്റും ഉയർന്നു നിൽക്കുന്നതുമായ സ്ലാബുകളിൽ തട്ടി കാൽനടയാത്രക്കാർ വീഴുന്നതും പതിവാണ്. ചിലയിടങ്ങളിൽ സ്ലാബുകൾ ഇല്ലാത്തതിനാൽ ഓടയിലെ മലിനജലം നടപ്പാതയിലേക്ക് കയറിയാണ് ഒഴുകുന്നത്. ഈ ഭാഗങ്ങളിലെത്തുന്പോൾ യാത്രക്കാർ റോഡിലേക്കോ സമീപത്തെ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലേക്കോ കയറി നടക്കേണ്ട അവസ്ഥയാണ്.
ഫുട്പാത്തുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു മൂലവും കാൽനട യാത്രക്കാർക്ക് ഉപയോഗിക്കാനാവാത്ത സാഹചര്യവുമുണ്ട്. പൊതുമരാമത്ത് റസ്റ്റ് ഹൗസിനു സമീപം ഒട്ടേറെ വാഹനങ്ങളാണ് നടപ്പാത കൈയേറി പാർക്ക് ചെയ്യുന്നത്.
ഇത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ മണിക്കൂറുകൾക്കു ശേഷമാണ് മാറ്റുന്നത്. ഇതോടൊപ്പം ചില കച്ചവടക്കാരും നടപ്പാതകൾ പൂർണമായും കൈയടക്കിയാണ് കച്ചവടം ചെയ്യുന്നത്. ഇത്തരത്തിലുള്ളവ നീക്കംചെയ്യാൻ അധികൃതരുടെ ഭാഗത്തുനിന്നു നടപടികൾ ഉണ്ടാകുന്നുമില്ല.