/sathyam/media/media_files/KqP16vyOVB2AR0eaET9r.jpg)
വേനലിൽ നശിച്ച തക്കാളിയും നന്നായി പഴുത്ത തക്കാളിയും പാതയോരങ്ങളിൽ ഉപേക്ഷിച്ചനിലയിൽ
മറയൂർ : ഒരുകിലോ തക്കാളിയുടെ വില അഞ്ചുരൂപയിലേക്ക് താഴ്‌ന്നു. ശനിയാഴ്ച തമിഴ്നാട് അതിർത്തി ടൗണായ ഉദുമൽപേട്ട ചന്തയിൽ 14 കിലോ പെട്ടി തക്കാളിക്ക് 60 മുതൽ 120 രൂപ വരെ വിലയാണ് കർഷകന് ലഭിച്ചത്. വലുപ്പംകൂടിയ നല്ല തക്കാളിക്കാണ് 120 രൂപ വില. വെള്ളിയാഴ്ച നടന്ന ലേലത്തിൽ 200 രൂപ വരെ വില ലഭിച്ചിരുന്നു.
പങ്കെടുക്കാതെ കേരളത്തിലെ വ്യാപാരികൾ
ശനിയാഴ്ച കേരളത്തിൽനിന്നുള്ള വ്യാപാരികൾ ലേലത്തിൽ പങ്കെടുക്കാനെത്തിയില്ല. ഉദുമൽപേട്ട ടൗണിന് സമീപമുള്ള ഗ്രാമങ്ങളിലെ ചെറുകിട വ്യാപാരികൾ മാത്രമാണ് ലേലത്തിൽ പങ്കെടുക്കാനെത്തിയത്. ലേലത്തുകയുടെ 10 ശതമാനം തുക കമ്മീഷനായി വിപണി അധികൃതർക്ക് നൽകണം.
ഒരു ലക്ഷത്തിലധികം തക്കാളിപ്പെട്ടികളാണ് ഉദുമലൈ ചന്തയിൽ എത്തിയത്.
വിപണിയിൽ തക്കാളി വരവ് ഗണ്യമായി വർധിച്ചതാണ് വിലയിടിയാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.
ചെലവുപോലും ലഭിക്കുന്നില്ല
ഉദുമൽപേട്ട ടൗണിനുചുറ്റുമുള്ള കുറിച്ചിക്കോട്ട, കുമരലിംഗം, കൊഴുമം, പെതപ്പംപെട്ടി, നെയ്‌ക്കാരൻപെട്ടി, ദളി തുടങ്ങിയ ഗ്രാമങ്ങളിൽനിന്നാണ് തക്കാളി ഉദുമലൈ ചന്തയിലെത്തുന്നത്. കൃഷിയിടങ്ങളിൽനിന്ന് പറിച്ചെടുത്ത് വാഹനങ്ങളിൽ കയറ്റി വിപണിയിലെത്തിക്കുന്നതിനുള്ള ചെലവുപോലും കർഷകന് ലഭിക്കാത്ത സാഹചര്യമാണ്. എന്നാൽ, വിപണിയിലെ വില അതിർത്തി കടക്കുമ്പോൾ പ്രതിഫലിച്ചു കാണുന്നില്ല.
അതിർത്തി കടന്നെത്തുമ്പോൾ കിലോയ്ക്ക് 30 രൂപയ്ക്കാണ് ഉപഭോക്താവിന് ലഭിക്കുന്നത്. വിപണിയിലെ ഇടനിലക്കാരുടെ ഇടപെടലാണ് വിലയിടിയുന്നത് എന്ന ആരോപണവുമായി ചില കർഷകർ രംഗത്തെത്തി. കർഷകർക്ക് വില കുറച്ചുനൽകി നല്ല ലാഭം എടുത്താണ് ഇടനിലക്കാർ വ്യാപാരികൾക്ക് നൽകുന്നതെന്നാണ് കർഷകർ പറയുന്നത്.
വിളവിൽ പാതി പാതയോരങ്ങളിൽ
കനത്ത വേനലിൽ വിളവെടുക്കുന്ന പാതി തക്കാളിയും ചീഞ്ഞു നശിക്കുന്നു.
പെട്ടിയിലിരുന്ന് ഒരുദിവസത്തിനകം നശിക്കുന്നതിനാൽ ഈ തക്കാളി വേർതിരിച്ച് പാതയോരങ്ങളിൽ ഉപേക്ഷിക്കേണ്ട ഗതികേടിലാണ് കർഷകർ.
നന്നായി പഴുത്ത തക്കാളിയും വ്യാപാരികൾ ലേലത്തിലെടുക്കുന്നില്ല. ഈ തക്കാളിയും ഉപേക്ഷിക്കേണ്ട അവസ്ഥയാണ് കർഷകനുള്ളത്.