ഇടുക്കി: ഒരു മാസം മുന്‍പ് കിലോയ്ക്ക് 100-200 രൂപ വരെ വിലയുണ്ടായിരുന്ന തക്കാളി ഇന്ന് ഇടുക്കി അതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഷകര്‍ വഴിയിൽ ഉപേക്ഷിക്കുന്നു. ചന്തയിൽ വില്പനയ്ക്ക് കൊണ്ടുപോയ തക്കാളി വിലയില്ലാത്തതിനാൽ റോഡിൽ ഉപേക്ഷിച്ച് മടങ്ങുകയാണ് പല കർഷകരും.
ഒരു കിലോ തക്കാളിക്ക് ഇപ്പോൾ അഞ്ചു രൂപയിൽ താഴെയാണ് കർഷകന് ലഭിക്കുന്നത്. ചില ദിവസങ്ങളിൽ മാത്രം പത്തു രൂപ വരെ കർഷകർക്ക് വില ലഭിച്ചു.
ചന്തയ്ക്ക് സമീപമാണ് 15 കിലോ അടങ്ങുന്ന നൂറുകണക്കിന് പെട്ടി തക്കാളി റോഡിൽ വിവിധ ഭാഗങ്ങളിലായി കളഞ്ഞത്. 15 കിലോ അടങ്ങുന്ന ഒരു പെട്ടി തക്കാളിക്ക് ഇപ്പോൾ 50 രൂപയിൽ താഴെയാണ് ലഭിക്കുന്നത്.
അഞ്ചുരൂപ പോലും കർഷകനു വില ലഭിക്കാത്ത തക്കാളി ഇടനിലക്കാർ മൊത്തവ്യാപാരികൾക്ക് നൽകുന്നത് പത്തു രൂപയ്ക്കു മുകളിൽ വിലയ്ക്കാണ്.
പച്ചക്കറി കൃഷി നിലനിൽക്കണമെങ്കിൽ സർക്കാർ താ ങ്ങുവില നിശ്ചയിക്കണം. ഇത്തരത്തിലാണ് വില തുടർന്നും ലഭിക്കുന്നതെങ്കിൽ കൃഷി ഉപേക്ഷിക്കാതെ മറ്റു മാർഗമില്ലെന്ന് കർഷകർ പറയുന്നു.